കവിത -  അഭിരാമി എസ്.ആർ

കവിത - അഭിരാമി എസ്.ആർ

കവിത -  അഭിരാമി എസ്.ആർ     **********

മുറുക്കാൻ കറ
*******
അച്ചാമ്മേടെ വായേലെപ്പോഴും
മുറുക്കാനൊണ്ടാവും
വെറ്റേം പാക്കും 
പൊയിലേം ചുണ്ണാമ്പും
വായേലിട്ടു ചവച്ചു തുപ്പിയാ
നല്ല സൊകവാന്നാ അച്ചാമ്മ പറേന്നെ
മുറുക്കാനും കൊണ്ട് ചോന്ന നെറത്തി
അച്ചാമ്മ മിറ്റം മെഴുകും
എന്റെ പാവാടേലും
അച്ചാമ്മ മുറുക്കിത്തുപ്പി
കഴുവിയേച്ചും കഴുവിയേച്ചും
പോവാത്ത കറ
കാലിന്റിടുക്കേന്നും
മുറുക്കാൻ തുപ്പലൊഴുകി
നെനക്കു വേണോ
നാലും കൂട്ടി മുറുക്കിയാ
നല്ല സൊകവാ
വയറ്റേലൊരു കൊളുത്ത് വീണ്
അച്ചാമ്മ മോണേലിട്ട് മുറുക്കാൻ ചവച്ച്
അടിവയറ്റീന്ന് താഴേക്ക്
ഞെക്കിപ്പിഴിഞ്ഞെടുത്ത വേദന
അച്ചാമ്മ മുറുക്കാൻ തുപ്പി
ഒരു തൊടം കറ എന്റെ പാവാടേലും
പെണ്ണുങ്ങളായാ മുറുക്കണം
ഭൂലോകത്തെ മൊത്തം
വായേലിട്ട് ചവച്ച്
നീട്ടിത്തുപ്പണം
നെന്റെ തന്തേം
തന്തേടെ തന്തേം
ഞാനിങ്ങനെ ചവച്ചു ചവച്ച്
ചണ്ടിയാക്കി തുപ്പിക്കളേം
പാവാടേൽ പറ്റിപ്പിടിച്ച ചോപ്പു കറേൽ
ഞാൻ തുപ്പിക്കളഞ്ഞ ഭൂലോകത്തെ കണ്ട്
മുറുക്കാനൊണങ്ങിയ മോണ കാട്ടി
അച്ചാമ്മ ചിരിച്ച്
പച്ചമൊട്ട വാട്ടി
എന്റെ വായേലൊഴിച്ച്
പൊയില ചൂടാ,
ചുണ്ണാമ്പും
ആദ്യം ചവയ്ക്കുമ്പോ 
വായ പൊള്ളും
എന്നാലും നിർത്തല്ല്
ഓരോ തവണ മുറുക്കുമ്പോഴും
ഒരു ഭൂലോകത്തെ ചവച്ചുതുപ്പുവാന്നങ്ങ്
കരുതിക്കോണം
പേറുയന്ത്രംന്ന് 
തള്ളയ്ക്ക് പെറക്കാത്തവന്മാര് പറേം
മുറുക്കി വായൊഴിഞ്ഞിട്ട്
പെറാൻ നേരവില്ലെന്നങ്ങ്
പറഞ്ഞോണം
ഒര് തളിർവെറ്റിലയടത്തി
ഞാൻ വായേലിട്ട് ചവച്ച്
മുറുക്കിത്തുപ്പുന്ന പെണ്ണുങ്ങളെക്കുറിച്ച്
രാമനും കൃഷ്ണനും മിണ്ടത്തില്ല
അവറ്റോളേം ചവച്ചു തുപ്പുവോന്ന് 
പേടിയായോണ്ട്
ഇനിയെന്നേം അമ്പലത്തേലൊട്ട് കേറ്റത്തുവില്ല!

********
അഭിരാമി എസ് ആർ : 
കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എം. ഫിൽ ഗവേഷക. ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതുന്നു.
*********

Comments

(Not more than 100 words.)