കവിതകൾ - തസ്നി ജബീൽ
***********
1.
ഒച്ച്
***
ഒച്ചുകൾ മെല്ലെയാണ് ഇഴയുന്നത് .
ഒരുപാട് ദൂരം നടക്കാനാവില്ല
ഒന്നാമതെത്താനും കഴിയാറില്ല .
സൂക്ഷിച്ചു നോക്കിയാൽ ഭാരമുള്ള വീട് മുതുകിൽ ചുമക്കുന്നത് കാണാം .
ഒരിടത്തും തിരിയാനാവാത്ത വിധം
വീട് ഉടലിൽ ഒട്ടിച്ചേർന്ന് കിടക്കുന്നു .
ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പരിഹസിച്ചാലും ഒച്ചുകൾ വീടിനെ കുടഞ്ഞെറിഞ്ഞ് ഒന്നാമതെത്താൻ ശ്രമിക്കാത്തത് ആഴത്തിൽ വീടുമായി
ഇഴുകിച്ചേർന്ന് ജീവിച്ചു ശീലിച്ചതിനാലാവണം .
2.
കല്ലെടുക്കുന്ന തുമ്പികൾ
**********
പാറിപ്പറക്കുന്ന തുമ്പിയെ
പിടിച്ചു ഞാൻ കല്ലെടുപ്പിച്ചു
കനമില്ലാത്ത ചിറകുകളും
പിഞ്ചുമേനിയുമുള്ള തുമ്പി
ആ കല്ലുയർത്തി
കൗതുകത്തോടെ ഞാൻ
കല്ലുകളുടെ ഭാരം കൂട്ടി
ഏറെ പണിപ്പെട്ടത് വീണ്ടുമുയർത്തി .
ഞാൻ അതിഥികൾക്ക് മുന്നിൽ
തുമ്പിയെ പ്രദർശിപ്പിച്ചു .
അവർ എന്നെയും എന്റെ തുമ്പിയേയും വാനോളം പുകഴ്ത്തി .
ഒരുദിനം ഞാനതിനെ ആകാശത്തേക്ക് പറത്തി .
പറക്കാനാവാതെ എന്റെ
മടിയിലേക്ക് തന്നെ ചിറകു തളർന്നു വീണു .
എന്റെ തുമ്പിക്ക് ആകാശമില്ല ,
കൂടെ പറക്കാൻ പൂമ്പാറ്റകളില്ല
പൂക്കളും പുൽനാമ്പുകളും
മഴയും മണ്ണുമില്ല .
നൈസർഗിക വാസനകളെല്ലാം നിഷേധിച്ചു
ഞാനതിന് നൽകിയത് ഭാരമുള്ള
കല്ലുകൾ മാത്രമുള്ള ലോകം .
കുറ്റബോധത്താൽ
എന്നിൽ നിന്നുതിർന്ന രണ്ടിറ്റു
മിഴിനീർക്കണങ്ങൾ പാവം തുമ്പിയുടെ
ചിറകുകളിൽ തട്ടി തിളങ്ങി നിന്നു .
***********
തസ്‌നി ജബീൽ
എറണാകുളം ജില്ലയിൽ താമസിക്കുന്നു .സോഷ്യൽമീഡിയയിലും ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട് .സാഹിത്യപുബ്ലിക്കേഷന്റെ വാക്കിന്റെ വെളിപാട് ,മഞ്ജരി ബുക്ക്സിന്റെ ശലഭമഴയായ് പെയ്തകവിതകൾ ,അക്ഷരദീപം കവിതാസമാഹാരം ,ബുക്കർ മീഡിയ പബ്ലിക്കേഷന്റെ പുറത്തിറങ്ങാനിരിക്കുന്ന 56പെൺകവിതകൾ ,മെറൂണിന്റെ വെയിൽപ്പൂക്കൾ എന്നീ കവിതാസമാഹാരങ്ങളുടെ ഭാഗമായിട്ടുണ്ട് .കവിതരചനാമത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .
**********