പുസ്തകപരിചയം - പേന്തലയുള്ള പെറ്റിക്കോട്ട്
എം ആർ രാധാമണി
***********
പൊള്ളുന്ന വെയിലിൽ നിലയുറപ്പിക്കുന്ന തുല്യാക്ഷരങ്ങൾ
- സ്റ്റാലിന
**********
കവി എം .ആർ രാധാമണിയുടെ 'പേന്തലയുള്ള പെറ്റിക്കോട്ട്' എന്ന സമാഹാരത്തിലെ കവിതകൾ പിൻതലമുറക്കാരിയായ കവിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും നെഞ്ചിൽത്തൊടുമ്പോൾ അനുഭവപ്പെടുന്നത് കനലടങ്ങാത്ത, ചുട്ടുപഴുത്തൊരുലയിലെ കാറ്റാണ്.
" ഒരു മഹാ നിശബ്ദതയെക്കുറിച്ച്
വേരുകളെല്ലാം തന്നെ
തള്ളവിരൽ മുറിത്തൊരിലയിലേക്ക്
സാക്ഷ്യപ്പെടുത്തുന്നുണ്ട് "
( വെയിൽപ്പാളികൾ നെയ്യുന്ന പാഠപുസ്തകം)
കവിയുടെ വാക്കുകൾ കാലത്തിനു മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ചു കൊണ്ട് ചരിത്രത്തിലെ അനീതികളെ, അർത്ഥഗർഭമായ നിശ്ശബ്ദതകളെ മുന്നിൽ നിർത്തുന്നു. ചോരയിൽ കുതിർന്ന സാക്ഷ്യമാകുന്നു ഈ വരികൾ.
"കണ്ണുകളിൽ തിമിരവും
കാതുകളിൽ ബധിരവും
മനസാകെ മൗനവും"(ഏകാന്തതയിൽ ) നിറച്ചു സമരസപ്പെടുത്തലിലേക്ക് ക്ഷണിക്കുന്ന കാലത്തിന് നേർക്ക് നിരന്തരം കലഹിക്കുമെന്നുറപ്പിക്കുന്ന ഒരു കവിയുടെ കരുത്ത് എവിടെ നിന്നാണ് മുള പൊട്ടിയിരിക്കുന്നത് എന്നന്വേഷിച്ചാൽ അതിൻ്റെ വേരുകൾ പടർന്നിരിക്കുന്നത് തലമുറകളുടെ തോറ്റംപാട്ടുകളുടെ ആഴമേറിയ അനുഭവതലങ്ങളിൽ നിന്നാണെന്നു കാണാം.
" മണ്ണോടു മണ്ണ് ചേരുമ്പോഴും
ചില വേരുകൾക്ക്
ചീഞ്ഞഴുകാനും ഇല്ലാതാ കാനും
കഴിയുന്നതേയില്ല
നാൽക്കാലികളോടൊത്തു പങ്കിട്ട
നുകപ്പാടുകളും വേനൽത്തഴമ്പുകളും
ആഞ്ഞുവീശലിൻ്റെയും
ആട്ടിയോടിക്കലിൻ്റെയും
അപമാനങ്ങളും
അണയാത്തിരിയാകുമ്പോൾ
കണ്ണിലെണ്ണയൊഴിച്ചിന്നും
വേരുകൾ കാവലിരിയ്ക്കുന്നു"
(വെയിൽപ്പാളികൾ നെയ്യുന്ന പാഠപുസ്തകം)
ഒഴുക്കിനെതിരെ നീന്തുക എന്നത് ചെറുത്തുനിൽപ്പുകളുടെ ഈ കവിതകളിൽ ആവർത്തിക്കപ്പെടുന്നതു കാണാം. 'നീന്തിച്ചിതറുക ' എന്നാണ് കവി പ്രയോഗിച്ചിരിക്കുന്നത്. തിക്താനുഭവങ്ങൾക്കെതിരെ തുഴഞ്ഞ് ചിതറാനുറച്ച ഒരു മനസ്സ് ഈ വരികളിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
" പ്ലാവിലക്കറകളിൽ ഒട്ടിപ്പിടിച്ച
നീറിൻ്റെ പുളിപ്പുകൾ"
( എലക്കോട്ടുകൾ)
പൊള്ളിക്കുന്ന, നീറിപ്പിടിയ്ക്കുന്ന പുളി രുചി കവിതയിൽ കിനിയുന്നു. അതിലെ അമ്ലാംശം നമുക്കുള്ളിൽ നീണ്ട കാലത്തേയ്ക്കുള്ള മുറിവുകൾ തിണർപ്പിക്കാൻ ശേഷിയുള്ളതാകുന്നു. ഒപ്പം തന്നെ ഇല്ലായ്മകൾക്കിടയിലും തുടിച്ചു തുള്ളുന്ന ബാല്യത്തിൻ്റെ ഊർജ്ജം ,അതിൻ്റെ അതിരെ ഴാത്ത സ്വാതന്ത്ര്യം തുറന്നിടുന്ന സുതാര്യവും ആഴമുള്ളതുമായ കാഴ്ചകളെയും ചിന്തകളെയും പങ്കുവെയ്ക്കുന്നു.
"വെളുത്ത ചില്ലുകുപ്പി വെള്ളത്തിൽ
കരിങ്ങണാമീനുകൾ
ചെറിയ ചാലുകളിലെന്നപോലെ
കണ്ണാരം പൊത്തി കളിക്കില്ലെന്നും " (പേന്തലയുള്ളൊരു പെറ്റിക്കോട്ട്)
ചിട്ടി ബുക്ക് എന്ന കവിതയെ പരാമർശിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ലെന്നു കരുതുന്നു.ചിട്ടി ബുക്ക് അതിൻ്റെ താളുകൾ സ്വയം മറിക്കുന്നതു വഴി ജീവത്തായ ഓർമ്മകളുടെ വിശുദ്ധ പുസ്തകമായി ഉയിർത്തെഴുന്നേൽക്കുന്നതിന് കാരണം അതിൽപ്പതിഞ്ഞ അമ്മയുടെ വിരലടയാളങ്ങളെഴുതിയിട്ടിരിക്കുന്ന അധ്വാനത്തിൻ്റെ ചരിത്രമാണ്.
" മുൻവശത്തൊരൊടിഞ്ഞ പല്ലിൻ്റെ
എവിടെയും
ജയിച്ചു മുന്നേറാനുള്ള
വാൽസല്യം നിറഞ്ഞ ആവേശം
(വെശപ്പാന്തലുകൾ ചൂടാറ്റുമ്പോൾ )
ഒഴുക്കിനെതിരെ നീന്താനുള്ള അതേ ആവേശം നുരയുന്ന ഒരു പിടി അക്ഷരക്കൂട്ടങ്ങൾ ചേർന്നു ചിതറി വായിക്കുന്നവരുടെ മനസ്സിൽ സൃഷ്ടിക്കുന്ന ചലനങ്ങളുടെ അലയൊലികൾ അത്ര പെട്ടെന്ന് അടങ്ങുന്നവയല്ല.
"ചെറുവിരലിനെയും
അക്കങ്ങളെയും
മറന്നും
എണ്ണിയാൽത്തീരാത്ത
മണൽത്തരികളെ
തൊട്ടെണ്ണാതെയും
ഞാൻ
മനക്കണക്കുകളുമായി
ഉയരങ്ങളിലേക്ക് നോക്കി
കൂട്ടാനും കുറയ്ക്കാനും
തുടങ്ങി
അങ്ങനെയാണ്
ഞാൻ നക്ഷത്രമെണ്ണിത്തുടങ്ങിയത് (മനക്കണക്ക് )
ഈ വരികളെ ഞാൻ ചേർത്തുവെയ്ക്കാനാഗ്രഹിക്കുന്നത് മനുഷ്യൻ്റെ മൂല്യം തൊട്ടടുത്ത സ്വത്വത്തിലും അതിൻ്റെ സാധ്യതകളിലും മാത്രമായി ചുരുക്കപ്പെടുന്ന വ്യവസ്ഥയെക്കുറിച്ച്; നക്ഷത്ര ധൂളികളാൽ നിർമ്മിതമായ മനുഷ്യമനസ്സിൻ്റെ പ്രാധാന്യത്തെ സമൂഹം കാണാത്തതിൽ വിലപിച്ചു കൊണ്ട് ജീവത്യാഗം ചെയ്ത രോഹിത് വെമുലയുടെ ഓർമ്മയോടൊപ്പമാണ്. വെമുല മരണത്തെ സ്വയം തിരഞ്ഞെടുത്തെങ്കിൽ ഈ ദലിത് പെൺ കവി നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് ജീവിതദുരിതങ്ങളെ മുറിച്ചു കടക്കുന്നതിൻ്റെ ഭാഷ്യം ചമയ്ക്കുന്നു.
തിരിച്ചറിവുകളുടെ; പ്രതിരോധത്തിൻ്റെ എഴുത്തുകളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. ദലിതനുഭവങ്ങളുടെ , രാഷ്ട്രീയ ബോധ്യങ്ങളുടെ ഉറച്ച നിലപാട് തറയിൽ നിന്നു കൊണ്ട് അത് നമ്മെ ഉറ്റുനോക്കുന്നു .
" കൂനിയ മുതുകും
കുത്തിയ വടിയും
സൂര്യൻ്റെ കണ്ണുകളെ
കൊത്തിത്തിന്നുന്ന
തൊപ്പിപ്പാളയും
ചേറിൽ പുതഞ്ഞ്
മറഞ്ഞു കിടക്കുന്നത്
ആദ്യം
കണ്ടതെൻ്റെ
മുറിഞ്ഞ വരകളായിരുന്നു.
(മുറിഞ്ഞ വരകൾ)
നൂറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന മർദ്ദിതരുടെ പോരാട്ട വീര്യത്തെ ''സൂര്യൻ്റെ കണ്ണുകളെ കൊത്തിത്തിന്നുന്ന" തൊപ്പിപ്പാള " എന്ന വരികളിൽ കുടിയിരുത്തുന്നു കവി. തൊപ്പിപ്പാള എന്ന ബിംബത്തെ ഇത്രയും ശക്തമായി ആവിഷ്ക്കരിച്ച കവികൾ കുറവാണ്.
"പകലു പോലെ
സത്യവും
രാവാൽ മറയ്ക്കാനാവാത്തതുമായ
ഒരൊറ്റ
ഏടാണത് " (നെലത്തെഴുത്തുകൾ)
വായിച്ചു കഴിഞ്ഞിട്ടും നമുക്കുള്ളിൽ പ്രവർത്തിക്കുന്ന , തീരത്തു നിന്നും തിരിച്ചു പോന്നാലും കാതിലിരമ്പുന്ന കടലിൻ്റെ മുഴക്കങ്ങൾ സൂക്ഷിക്കുന്ന കവിതകളാണ് എം.ആർ രാധാമണിയുടെ നിലത്തെഴുത്തുകൾ .
**********