പെൺമയുടെ വാതായനങ്ങൾ (ബിലുപത്മിനി നാരായണൻ്റെ കവിതകളുടെ പഠനം)
************
- സിമിത ലെനീഷ്
********
ബിലുപത്മിനി നാരായണൻ എന്ന കവിയുടെ കവിതകൾ സംസാരിക്കുന്നത് അകം പുറം നിറയുന്ന പെൺകാഴ്ചകളിലൂടെ ലോകത്തെ കാണുന്ന ഒരുവളുടെ, കാഴ്ചകളിലൂടെയാണ് . കവിതയിൽ ഒരു പെണ്ണുണ്ട്. കാഴ്ചകളിൽ പെണ്ണുണ്ട്. ഓരോ വരിയുടെ തെരെഞ്ഞെടുപ്പിലും സൂക്ഷ്മമായി പെൺകാഴ്ചയെ നിറച്ച് ബിലു കാലത്തെ ചോദ്യം ചെയ്യുന്നു. ക്രിയാത്മകമായി പതിയെ പതിയെ ജീവിതമെന്ന അനുഭവ പരിസരത്തിലൂടെ ആർജ്ജിക്കുന്ന കരുത്തുറ്റ സ്വന്തം സ്വത്വമെന്ന ഒരു സ്ത്രീയുടെ ആകെത്തുക ഇവിടെ കവിതയായി ചിതറി കിടക്കുന്നു.
സ്ത്രീവാദ കാവ്യ ശാസ്ത്രത്തിന് അഥവാ നിരൂപണത്തിന് രണ്ട് വിഭിന്ന വ്യവഹാര മണ്ഡലങ്ങൾ ഉണ്ടെന്നാണ് എലെയ്ൻ ഷോ വാൾട്ട് സിദ്ധാന്തിക്കുന്നത്. സ്ത്രീയെ വായനക്കാരിയായും എഴുത്തുകാരിയായും നിരീക്ഷിക്കുന്നതിലൂടെയാണ് സ്ത്രീവാദ നിരൂപണം രണ്ടു മേഖലകളായി അവർ വിഭജിക്കുന്നത് . സ്ത്രീയെ വായനക്കാരിയായി നിരീക്ഷിക്കുന്ന ആദ്യ മേഖലയെ സ്ത്രീവാദ വിമർശനം എന്നാണ് ഷോവാൾട്ട് വിളിക്കുന്നത്. സ്ത്രീവാദ കാവ്യ ശാസ്ത്രത്തിൻ്റെ രണ്ടാമത്തെ മേഖലയിൽ എഴുത്തുകാരിയായ സ്ത്രീയാണ് വിശകലന വിഷയം. സ്ത്രീ, പാഠസംബന്ധമായ അർത്ഥത്തിൻ്റെ നിർമ്മാതാവ് എന്ന നിലയ്ക്ക് വിലയിരുത്തപ്പെടുകയാണിവിടെ .സ്ത്രീയുടെ സർഗ്ഗാത്മകതയുടെ പഠനം അവിടെ നടക്കുന്നു. സ്ത്രീ ഭാഷയുടെ അനിവാര്യതയും ചർച്ചചെയ്യപ്പെടുന്നു. സ്ത്രീവാദ ശാസ്ത്രത്തിൻ്റെ ഈ രണ്ടാം മുഖത്തിന് ഗൈനോ ക്രിട്ടിക് എന്ന പേരാണ് ഷോ വാൾട്ട് നൽകുന്നത്.
ബിലുവിൻ്റെ എഴുത്ത് രീതികളിൽ പൊതുവെ പാഠസംബന്ധമായ അർത്ഥത്തിൻ്റെ നിർമ്മാതാവായ സ്ത്രീ ശക്തയാണ്. സർഗ്ഗാത്മകതയുടെ അങ്ങേയറ്റത്തിൽ അവർ സ്ത്രീ ഇടങ്ങളുടെ അനിവാര്യതയെ തുറന്ന് കാണിക്കുന്നു. ഗൈനോ ക്രിട്ടിസിസത്തിലൂടെ നോക്കുമ്പോൾ ബിലുവിൻ്റെ കവിതകൾ ഒരേ സമയം പെൺകാഴ്ചകളെ കുടഞ്ഞിടുകയും ജീവിതത്തെ ചേർത്ത് വയ്ക്കുകയും ചെയ്യുമ്പോൾ ശക്തയായ ഒരു പെൺ അനുഭവവും കാഴ്ചയും അവരുടെ കവിതയെ കൂടുതൽ ആഴമുള്ളതാക്കുന്നു. അവിടെ പെൺമയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം രാഷ്ട്രീയമാവുന്നു.
"ബുദ്ധിയിലും ഹൃദയത്തിലും
ഉണർത്തപ്പെട്ട സ്ത്രീ
കാമം കൊണ്ടുണർത്തപ്പെട്ടവളേക്കാൾ
അപകടകാരിയാണ്
അതുകൊണ്ടാണ്
കണ്ണകിയൊരു പുരമെരിയിച്ചത്
മീരയ്ക്കും അക്കാദേവിക്കും മുൻപിൽ
ആൾക്കൂട്ടം നിശബ്ദമായത്"
അനന്തരം എന്ന ഈ കവിതയിലെ വരികൾ ആരും നൽകാതെ തന്നെ ഇടമുറപ്പിക്കുന്ന പെണ്ണിനെ ഓർമപ്പെടുത്തുന്നതാണ്. ഇവിടെ പെണ്ണിൻ്റെ ' സർഗ്ഗാത്മകതയും ഭാഷയും ഇടവും അന്യവത്കരിക്കുന്ന സമൂഹത്തോട് കവി പൊരുതുന്നതോടൊപ്പം നീതി നിഷേധിക്കപ്പെട്ടാൽ അഗ്നിയായി പൊരുതുന്ന പെൺ ചിന്താശേഷിയെയും പെൺഇടത്തേയും കവി ഓർമപ്പെടുത്തുന്നു.
"ആൾക്കൂട്ടത്തിൽ
തനിച്ചായിപ്പോയിരുന്ന ഒരാൾ
അയാളെത്തന്നെ
എന്നും
ഞെട്ടിയെഴുന്നേൽപ്പിച്ചു
കൊണ്ടിരിക്കണം
എന്ന പാഠം പക്ഷേ
അന്ന്
ക്ലാസിൽ വരാതിരുന്ന കുട്ടിക്ക്
മിസ്സായി മാഷേ "
ശേഷം എന്ന കവിത കൊരുത്ത ആ കുട്ടിയുടെ തിരിച്ചറിവുകളുടെ ഉത്തരം ജീവിതം എന്ന് മാത്രമാണ്. ഒറ്റയായാലും തളിർത്ത് പടരുന്ന ആ ജീവിതം നൽകുന്ന അനുഭവപാഠങ്ങൾ കവിത വായിക്കുന്നവന് ചില പരിഹാരങ്ങൾ കൂടി പറഞ്ഞു നൽകുന്നു. ഒറ്റയായവരും ജീവിക്കുന്നുണ്ട്. അവർക്കും ഒരു ലോകം പോരാട്ടം കൊണ്ട് സാധ്യമാണ് എന്ന വലിയ പ്രതീക്ഷ ഈ കവിത നൽകുന്നു.
"ഇപ്പോൾ പൊയ്ക്കാലുകളെയും
പിന്നിട്ട വഴികളേയും
ഞാൻ ഉപേക്ഷിച്ചിരിക്കുന്നു
ഇത്തിരിപ്പോന്ന പാത്രങ്ങളിൽ
എന്നെ കൊള്ളാതായിരിക്കുന്നു" (തിരിച്ചറിവുകൾ)
എന്ന് ബിലു എഴുതുന്നു.
പോരാട്ടത്തിൻ്റെ അത്യന്തം തീക്ഷ്ണമായ വഴികളിൽ ഒരിടത്ത് നാം പൊയ്ക്കാലുകൾ ഉപേക്ഷിക്കുന്നു. ഇത്തിരി പോന്ന ഇടങ്ങളിലേക്ക് നാം നമ്മെ ചുരുക്കിയിടത്ത് നിന്ന്, വളരാൻ തുടങ്ങുന്നത് നമ്മുടെ സ്വത്വത്തെ തിരിച്ചറിയുമ്പോഴാണ്. ആ തിരിച്ചറിവായിരിക്കാം പിന്നീട് ജീവിതമെന്ന ഒറ്റവാക്കിൽ നാം ചേർത്ത് പിടിക്കുന്നത്. കാൽപനികമോ ഭാവനയോ അതിഭൗതികമോ അല്ലാത്ത ഒരു ലോകം ബിലു നമുക്ക് നേരെ നീട്ടിയിട്ട് കാണൂ കാലം കൊരുക്കുന്ന കാഴ്ചകളിൽ ഇതും അനുഭവങ്ങളാണ് എന്ന് പറഞ്ഞ് വെയ്ക്കുന്നു.
"ഉമ്മകൾ പിറക്കുന്നത്
നിസ്സഹായതയിൽ നിന്നാണ് കെട്ടിക്കിടക്കുന്ന പ്രണയത്തിൽ
നമ്മൾ മുങ്ങിപോകുമെന്ന് പേടിച്ചു "
(രണ്ടുപേർചുംബിക്കുമ്പോൾ)
എന്ന് അവർ എഴുതുന്നു.
പ്രണയമെന്നാൽ നമുക്ക് ഇപ്പോഴുമറിയാത്ത ഏതോ പ്രാചീന യുഗത്തിലെ അടഞ്ഞ അധ്യായമാണ്. ഒന്നും കൊണ്ടും ചേർത്ത് വയ്ക്കാനാവാത്ത നിസ്സഹായത ഉമ്മകളായി രൂപപ്പെട്ടിട്ട് പോലും നാമതിനെ തിരിച്ചറിയുന്നില്ല.
'അൽപാചീനോയ്ക്ക് ഒരു പ്രണയഗീതം' എന്ന കവിതയിൽ കവി ഉപയോഗിച്ച സ്വാതന്ത്ര്യം അർത്ഥത്തെ രൂപപ്പെടുത്തുന്ന ഒരുവൾ എന്ന നിലയിൽ വിശാലമാണ്. ആണത്ത അധികാരഭ്രമത്തിനിടയിൽ അവർ അറിഞ്ഞ് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്ന പെൺമയേയും പെൺമയുടെ ഗന്ധത്തേയും എത്ര കാലം അന്ധത കൊണ്ട് കണ്ടില്ലെന്ന് നടിക്കും? കവി ഉപയോഗപ്പെടുത്തുന്ന സർഗാത്മകയിടത്തിൻ്റെ ഏറ്റവും വലിയ വിശാലതയാണ് ഈ കവിത.
"കണ്ണുണ്ടായിട്ടുമവർ
കാണാതെ പോയ പെൺമയാണ്
നിൻ്റെ അന്ധതയും
ഏകാന്തതയുമെന്ന്
നീ വലിച്ചെടുത്ത
ഓരോ പെണ്ണിൻ്റെയും മണമെന്ന്
അവരോട് വിളിച്ചു പറയൂ അൽപാചീനോ"
എന്ന് അൽപാചീനോയ്ക്ക് ഒരു ഗീതം എന്ന കവിതയിൽ വിളിച്ച് പറയുമ്പോൾ പെൺമയെ അറിഞ്ഞും അനുഭവിച്ചും മതിയാകാത്ത മലയാളി ആണത്തം എങ്ങനെയതിനെ അവഗണിക്കുന്നുവെന്നും നാമറിയുന്നു.
"കിടപ്പറ നേരങ്ങൾക്ക് പുറത്ത്
തങ്ങളുടെ
ആൺവേളപ്പെരുക്കങ്ങളിലേക്ക്
ആൽച്ചില്ല പോലെ നീണ്ടു പടർന്ന
പെൺ കൈകളെ
കോതിക്കളഞ്ഞ
പാവം പുരുഷ പ്രമാണിമാർ"
വാക്കുകളെ ശ്രദ്ധാപൂർവ്വം എടുത്ത് വച്ച് ഈ കവി വരച്ചിടുന്നത് വെറുമൊരു കവിതയല്ല. കാലങ്ങളായി പുരുഷവർഗ്ഗം അനുഭവിക്കുന്ന ഉദാത്ത പ്രാമാണിത്വത്തിൻ്റെ നേരെയുള്ള ഒടുങ്ങാ ചോദ്യങ്ങളാണത്. അൽപാചീ നോയ്ക്ക് ഒരു പ്രണയഗീതം എന്ന കവിത പങ്ക് വെയ്ക്കുന്ന ലോകം ഒരു വലിയ ശരിയുടെ വലിയ അടയാളപ്പെടുത്തലാണ്.
ബിലുവിൻ്റ കവിതകളിലെ ഗൃഹാതുരത്വത്തിന് പോലും ഒരു ഗൗരവമുണ്ട്. അത് പടർത്തുന്ന ആത്മനിഷ്ഠമായ വളർച്ച ഒരു വലിയ അനുഭവമാണ്. പങ്കിട്ട് കഴിച്ച ഭക്ഷണത്തിൻ്റെ രുചി പറയുന്ന ചേച്ചിയുടെ തിരിച്ചറിവുകളിൽ ജീവിതമെന്ന് പറഞ്ഞ് നാം ചേർത്ത് വെയ്ക്കുന്നവയിലെ രസക്കേട് ഉയർന്ന് നിൽക്കുന്നു.
"പൂജ്യങ്ങളെ ഞാനെന്നും പ്രണയിച്ചിട്ടേയുള്ളൂ
കാരണം
വെറുമൊരൊന്നിനു പിറകിലും
നിവർന്നു നിന്ന്
സ്വയമിരട്ടിക്കാൻ അവനല്ലാതെ
മറ്റാർക്കു കഴിയും"( ഗണിതം )
ചെറുതുകളുടെ വലിപ്പത്തെയും മനോഹാരിതയേയും ഗണിതം എന്ന ഈ കവിത ഓർമപ്പെടുത്തുമ്പോഴും നിൽക്കുന്ന ഇടമനുസരിച്ച് സ്ഥാനം കൂടുന്ന ജീവിത പരിസരത്തെ ഈ കവിത കാണിച്ച് തരുന്നു.
"പിറവിക്കു മുൻപ്
തന്നെ നെഞ്ചിലേറ്റി നിന്ന കൊടുമുടിയെക്കുറിച്ചോ
വന്ന വഴികളിൽ
ഉരഞ്ഞുതേഞ്ഞുപോയ പോയ മുനകളെകുറിച്ചോ അതാരോടും സംവദിക്കില്ല
എങ്കിലും
ചുട്ടുപഴുത്ത ഒന്നിനെ അപ്പാടെ വിഴുങ്ങിയപ്പോൾ അണ്ണാക്ക് പൊള്ളി
ഒരു കടുവ
ചത്തിട്ടുണ്ടെത്രേ"
എന്നെഴുതിയ ഉരുളൻകല്ല് എന്ന കവിതയും നാം പ്രാധാന്യത്തോടെ കാണാതെ വിട്ടു കളയുന്ന ചെറുതുകളുടെ വലിപ്പം വിളിച്ചോതുന്നു. ഒന്നുമല്ലെന്ന് നാം വിശ്വസിക്കുന്ന ഓരോന്നിലും ഓരോ വലിയ ലോകമുണ്ടെന്ന് കവി ഓർമപ്പെടുത്തുന്നു.
"മുയൽ മയക്കം കൊണ്ടു മാത്രം
ജയിച്ചു കേറുന്ന ആമകൾ
എന്നേക്കുമായങ്ങനെ
കഥയിൽ പിറന്നു" (മുയലുറക്കം)
മുയലിൻ്റെ മയക്കം കൊണ്ട് മാത്രമാണ് ആമ ജയിച്ചത്.മുയലങ്ങ് ആഞ്ഞ് നടന്നിരുന്നെങ്കിലോ? കൃത്യമായ രാഷ്ട്രീയ വീക്ഷണം പുലർത്തുന്ന കവിതയാണ് മുയലുറക്കം. ചരിത്രം അവശേഷിപ്പിക്കുന്ന ഇത്തരം കഥകൾ അടിമയാക്കി വെയ്ക്കുന്ന പാവം ആമകൾ ഇപ്പോഴും വിശ്വസിക്കുന്നു മുയൽ ഉറങ്ങിയത് കൊണ്ട് മാത്രമാണ് ആമ ജയിച്ചതെന്ന്.
ബിലുവിൻ്റെ കവിതകൾ പലപ്പോഴും ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ്.അത് ഒരേ സമയം കവിതയും അനുഭവവുമായി ചുറ്റിപിണയുന്നു.കവിതയ്ക്ക് വേണ്ടി കവി ഭാവനയെ തിരയുന്നില്ല. ജീവിതത്തോട് കയർത്ത് കൊണ്ട് കവിത കയറി വരുന്നു. അനുഭവിച്ചവയിലെ തീക്ഷ്ണത കൊണ്ട് ഇടമുണ്ടാക്കിയ ഒരുവൾ തിളച്ച് തൂവി പരന്ന് പടർന്നൊഴുകുന്നു. ചരിത്രത്തിലെ ചതികൾ നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളെ കയറിട്ട് പിടിച്ച് കൊണ്ട് കവിത വാക്കു കൊണ്ട് യുദ്ധം ചെയ്യുന്നു ജാതി കൊണ്ടും ലിംഗം കൊണ്ടും അധികാരം കൊണ്ടും അമർത്തിവെച്ച ഇടങ്ങളിൽ മനുഷ്യരാണ് ഉള്ളതെന്ന് കവി വീണ്ടും വീണ്ടും പറഞ്ഞ് രോഷം കൊള്ളുന്നു. കവിത വലിയ ഒച്ചയും വർത്തമാനവുമാകുന്നു. കവിത കാലത്തോട് കണക്ക് ചോദിക്കുമ്പോൾ കവി ജീവിതത്തിലെ വലിയ ശരിയായി ചിരിക്കുന്നു.
*********