കവിത - മീര
*********
നീല നല്ല നിറമാണ്
*********
നോക്കൂ....
തിരസ്കരിക്കപ്പെട്ടവരുടെ രാജ്യം
അന്തമില്ലാത്ത ആഘോഷങ്ങളുടെ
വശംകെട്ട കൂത്തരങ്ങുകളാകുന്നു.
എന്നെ മാത്രം പ്രണയിക്കാൻ
ഞാൻ നിന്നെ പഠിപ്പിക്കട്ടെ....
നമുക്കിടയിലെ വേലിപ്പത്തലുകൾ
ഇന്നേയ്ക്ക് വെട്ടിയെറിയണം..
മുറിവുകൾ തുന്നിക്കെട്ടിയവൾ
ഉടയാടകളിലിതാ പറന്നിറങ്ങുന്നു
സന്തോഷത്തിന്റെ പൂത്തിരിക്കായി
ഭൂമിയുടെ ഒരു പങ്ക്
നാണമില്ലാതെ ഇരന്നു വാങ്ങുന്നു.
പ്രണയകുലമെന്ന് ചുണ്ടുകൾ
പച്ച മീൻ കണ്ണുകൾ
കഴിഞ്ഞ രാത്രികളെയൊളിപ്പിക്കുന്നു
പൊട്ടാതെയൊരു ചിപ്പിക്കുള്ളിൽ
സ്വപ്നത്തെ പൊതിഞ്ഞിടുന്നു
ഇനി....
നിലാത്തുണ്ടൊടിച്ച് കിടക്കയൊരുക്കാം
കൊടികളിലൊക്കെ
സൂര്യൻ നിറയുന്നു
നിറങ്ങളെല്ലാം മരങ്ങളാകുന്നു
എന്റെ വാലന്റൈൻ കടും നിറത്തിൽ
വ്യത്യസ്തമായൊരു തൂവാലയിൽ
എന്നെയൊളിപ്പിക്കുന്നു.
രാവു കനക്കുന്നു.
പുലരുവോളമെങ്കിലും നമുക്ക്
ഒരേ ചിത്രത്തിന്റെ ചായങ്ങളാകാമെന്ന്
സ്ഥിര വാഗ്ദാനങ്ങളിൽ
പുതുതായൊരീണം പണിതു കൊണ്ട്
ഞങ്ങൾക്കു മാത്രമായി
രാത്രിയൊരുങ്ങുന്നു..
ഇലകളെല്ലാം കണ്ണടയ്ക്കവെ
മരപ്പൊത്തിൽ നിന്നൊരൊച്ച്
തലനീട്ടിക്കരയുന്നു
ഒറ്റത്തൂവൽപ്പൊഴിച്ചൊരു പക്ഷി
നിഴൽ വീശി പറക്കുന്നു
നാളെയണിയാനൊരു
നീല നിശാവസ്ത്രം
നിഴലിലാടുന്നത് ഞാൻ മാത്രം കാണുന്നു.
ഞരമ്പുകൾ നീലയിൽ നിന്നും
തവിട്ടിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്ന
കവിതയായി
കണ്ണു പെയ്യുന്നു.
മീര തന്നെക്കുറിച്ച്
*********
ഞാൻ മീര. സര്‍ട്ടിഫിക്കറ്റുകളിലും അമ്മയ്ക്കും ധന്യയാണു.ഒരു ഒക്ടോബര്‍ മാസം പന്ത്രണ്ടിന് (1983) ജനിച്ചു.കൊല്ലം ആണ് സ്വദേശം എട്ടു വർഷം വിവിധ സ്കൂളുകളില്‍ അധ്യാപികയായിരുന്നു.ശേഷം ദോഹയില്‍ മള്‍ട്ടി ടാസ്കിംഗ് കമ്പനിയില്‍ അട്മിനിസ്ട്രെഷന്‍ മാനേജര്‍ ആയിരുന്നു.രാജിവച്ച് നാട്ടില്‍ വന്നു ബിസ്സിനെസ്സ് തുടങ്ങി....COSTUME DESIGNING ആണ് പ്രധാന പണി...YEZMERA എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നു. സൃഷ്ടി ബ്രൈഡൽ ഡിസൈനിങ് എന്ന ഒരു സ്ഥാപനം കഴിഞ്ഞ മാസം open ആയി.പിന്നെ ഹോബികള്‍ യാത്രയാണ് ...പറ്റുന്നിടത്തോളം യാത്ര ചെയ്യും. നൃത്തം മറ്റൊരു ഇഷ്ട്ടം അതിനാല്‍ പതിനാറു വര്‍ഷമായി തുടരുന്നു.കുറച്ചു എഴുത്തിന്റെയും അസുഖമുള്ളതിനാല്‍ കുത്തിക്കുറിച്ചവ 2011 ല്‍ സമാഹാരമായി പുറത്തിറങ്ങി...കവിതകളും ചെറുകഥകളും...ഇപ്പോഴും തുടരുന്നു....ഒരു മകള്‍ 'നേഹ' പന്ത്രണ്ടു വയസ്സ് ..
*********