കവിതകൾ - പ്രഭ സക്കറിയാസ്

കവിതകൾ - പ്രഭ സക്കറിയാസ്

പ്രഭ സക്കറിയാസിൻ്റെ കവിതകൾ
 ********************************
1.
കൊല്ലുന്ന വിധം
*****************
എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാ
നൈറ്റി കയറ്റിക്കുത്തിയിരുന്ന്
പുള്ളിക്കോഴിയുടെ
കഴുത്ത് പിരിക്കുന്നതും
ചൂടുവെള്ളത്തില്‍ മുക്കി പൂടപറിക്കുന്നതുമൊക്കെ.
ഞണ്ടിനെ ജീവനോടെ ചൂടുവെള്ളത്തില്‍ മുക്കിയെടുക്കും.
വരാലിനെ മീന്‍തേക്കുന്ന കല്ലില്‍ 
തലയിടിച്ച് 
പിന്നെ തൊലിയുരിച്ചും.
ഒച്ചിനെ ഉപ്പിട്ട് അലിപ്പിച്ച്
എലിയെ പെട്ടിയോടെ വെള്ളത്തില്‍ മുക്കിയോ
കപ്പകഷണത്തില്‍ വിഷം വെച്ചോ,
പാമ്പിനെ ചൂരല്‍ കൊണ്ട് തല്ലിയും
അങ്ങനെ തിന്നാനായും അല്ലാതെയും.

പേടിയാണ് ചങ്കിടിപ്പാണ് കൈവിറയാണ് അബലയാണ് എന്നൊക്കെ പറയാമോ.

2.
തലയോട് കാണാന്‍ പോയ കുട്ടി
*****************************
ഒരിടത്തൊരിടത്തൊരിടത്തൊരു കുട്ടി
തലയോടുകാണാന്‍ പോയി.
കുട്ടികളുടെ കുര്‍ബാനയുടെ ഉച്ചയാണ്.
കര്‍ത്താവിന്റെ ശരീരത്തില്‍ നോക്കി കുട്ടിക്ക്
വേദനിച്ചു, തലചുറ്റി.
അനന്തരം കുട്ടി ഇളംതിണ്ണയിലിരിക്കുകയും
അകത്ത് കുര്‍ബാന തുടരുകയുമാണ്‌.
മെല്ലെ നടന്നപ്പോള്‍ ശവക്കോട്ടപ്പറമ്പൊരു ലക്ഷ്യമായിരുന്നില്ല.

വെളുത്ത ഷര്‍ട്ട്, നീലക്കുരിശ്, ക്യാമല്‍ മഷി

ഓര്‍മ്മയില്‍ ഒരടക്കം മാത്രം,
ചെറിയ ഓര്‍മ്മയാ-
ണാരും കാണാതൊരുമുറിയില്‍
ഭംഗിയുള്ളൊരു പെട്ടിയില്‍
കയറിയിറങ്ങിക്കളിച്ചതും
ഇളയതിനെ കേറ്റിയിരുത്തിയതും
കരയിപ്പിച്ചൊരു പാട്ടാദ്യം കേട്ടതും
അന്തിവെളിച്ചം മങ്ങിയതും
പൂക്കളും കുന്തിരിക്കവും സാമ്പ്രാണിയു-
മൊരുമണമൊരു മരണമണം
ഉള്ളംകയ്യ്
പാവാടഞൊറിയില്‍ തേച്ചതും
ഉള്ളം കലങ്ങിയതും
മരിച്ചയാളിന്റെ പേന മോഷ്ടിച്ചതും
മരിച്ചവര്‍ പോയെന്നുതിരിച്ചറിഞ്ഞതും

ഒരു മാലാഖ
കേട്ടറിവേയുള്ളൂ,
വെളുത്തപൂക്കള്‍ അതിരിടുന്ന വഴിതീരുന്നിടത്ത്‌
മെഴുകുരുകി വെയിലില്‍ കുഴഞ്ഞുകിടക്കുന്ന കല്ലുകള്‍,
തടിക്കുരിശുകളും കല്‍ക്കുരിശുകളും,
വലിയവ, ചെറിയവ, ദ്രവിച്ചവ, മിനുത്തവ,
ചവിട്ടിയാല്‍ മരിച്ചവരറിയുമോ 
എന്നു പേടി വേണം.
എത്ര സൂക്ഷിച്ചാലും ചവിട്ടിപ്പോകും.
പേരില്ലാത്ത കുരിശില്ലാത്ത 
നിലം പോലുമാരുടെ?
പിന്നെയാണാക്കോണില്‍
കിണറെന്നോ കുളിപ്പുരയെന്നോ തോന്നുന്നൊരിടം.
വലിയ രണ്ടുവെട്ടുകല്ലുകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്,
തേപ്പിളകിയ ഭിത്തിയിലും വെട്ടുകല്ലിന്റെ നിറം കാണാം.
കുട്ടി പതിയെ നടന്നുകയറി,
എത്തില്ല.
ഒന്നുകൂടി വലിഞ്ഞുനോക്കിയപ്പോള്‍ ഒരുനോക്ക് കണ്ടു.
മണ്ണുകലര്‍ന്ന ഒരു എല്ലിന്‍കൂന.
താഴ്വരയില്‍ തിളങ്ങുന്ന,
ഒതുങ്ങിയ ഒരു തലയോട്.
പേടിതോന്നാഞ്ഞത് കുട്ടിയെ ആഹ്ലാദിപ്പിച്ചു.
കുട്ടി ചിരിച്ചു.
നട്ടുച്ചയ്ക്കാകാശത്ത് ചെന്തീപടര്‍ന്നു,
കുട്ടി ഒറ്റയ്ക്ക് തിരിച്ചുനടന്നു.

***************************
പ്രഭ സക്കറിയാസ് :

1985ല്‍ കോട്ടയത്ത് ജനിച്ചു. കോട്ടയം സി എം എസ് കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ്‌ ഫോറിന്‍ ലാന്‍ഗ്വേജസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ സാഹിത്യപഠനം. ഇപ്പോൾ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിൽ ഗവേഷണം,  ക്രൈസ്റ്റ് ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റി, ഡൽഹിയിൽ ഭാഷാവിഭാഗത്തിൽ അധ്യാപികയായി ജോലി.  ഹൈദരാബാദ് കേംബ്രിഡ്ജ് യൂനിവേര്‍സിറ്റി പ്രസ്, ഡല്‍ഹി സേജ് പബ്ലിക്കേഷന്‍സ് എന്നിവിടങ്ങളില്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.  
****************************

Comments

(Not more than 100 words.)