"ഒറ്റമരമായ ഒരുവൾ
സ്വയം കൽപ്പിത വനമാകുന്നു" - വനമായവളുടെ പച്ചപ്പുകൾ(മഞ്ജു ഉണ്ണികൃഷ്ണൻ്റെ കവിതകൾ ഒരു പഠനം)
************
- സിമിത ലെനീഷ്
*********
കവിതയെന്നാൽ എന്താണെന്ന വലിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതാവുന്ന കാലത്തേക്ക് നാം സഞ്ചരിക്കുകയാണ്. നമ്മുടെ അനുഭവ പരിസരങ്ങളെ തീക്ഷ്ണതയോടെ വായനക്കാരിൽ എത്തിക്കുന്ന കവികൾ സമകാലീന കവിതാ ലോകത്തിലെ സാധാരണ അനുഭവമായി മാറുകയാണ്.ഇത് കവിതയായിരുന്നോ എന്ന വലിയ ചോദ്യം ഇവിടെ മുഴച്ച് നിൽക്കുന്നു? അതിനു മുകളിലക്ക് എന്താണ് കവിത എന്ന ചോദ്യത്തെ തിരുകി കയറ്റുമ്പോൾ നമുക്ക് അതിൻ്റെ ഉത്തരത്തെ സാർവ്വജനീനമാക്കാൻ സാധിക്കുന്നില്ല എന്നിടത്ത് കവിതയ്ക്ക് നിർവചനങ്ങൾ ഇല്ലാതാവുന്നു. സമകാലീന കവിതാ പരിസരത്ത് നിന്ന് നാം മഞ്ജു ഉണ്ണികൃഷ്ണൻ എന്ന കവിയെ വായിക്കുമ്പോൾ കവിത അതിജീവനം എന്ന തന്ത്രത്തിലേക്ക് മാറുന്നതായി കാണാം. എലൈൻ ഷോവാൾട്ട് അടയാളപ്പെടുന്ന അതിജീവനതന്ത്രം ഇവിടെ പ്രവർത്തിക്കുന്നു. അതിൽ സ്ത്രീ സാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തി ജീവിതത്തെ തുറന്നിടുന്നു.അത് ഉള്ള് പൊള്ളിക്കുകയും ആഴങ്ങളെ തൊടുന്ന ആവിഷ്ക്കാരമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
ജീവിതത്തിൻ്റെ തുറസ്സുകളിലേക്ക് എടുത്തെറിയപ്പെടുന്ന പെൺകുഞ്ഞ് സ്വന്തം അനുഭവ പരിസരങ്ങളിലെ കാഴ്ച്ചകളെ അനുഭവിച്ചറിഞ്ഞ് ഒരു സ്ത്രീയായി രൂപാന്തരപ്പെടുന്ന കാലത്തിനുള്ളിൽ അനുഭവിക്കുന്ന ലിംഗപരമായ വേർതിരിവുകൾ അവളുടെ ഉള്ളിൽ സൃഷ്ടിക്കുന്ന തിരിച്ചറിവുകൾ ഉണ്ട്. ആ തിരിച്ചറിവുകൾ കവിതയായി രൂപാന്തരപ്പെടുമ്പോൾ അതിലെ കാലത്തെ നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ? അവയിലെ അനുഭവങ്ങളെ ഫെമിനിച്ചി എന്ന ഒറ്റ പുച്ഛത്തിൽ അവഗണിക്കാനാകുമോ? പത്ത് വരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ എന്ന് പറയുന്ന കവിയുടെ ഇരുത്തവും ഒതുക്കവും വന്ന വാക്കുകളെ ഇതെല്ലാം ഒരു ഭ്രാന്ത് എന്ന ഒഴുക്കൻ ചിരിയിലേക്ക് മാറ്റിവെക്കാൻ കഴിയുമോ? ഇല്ല എന്ന് തന്നെയാണ് മറുപടി . ഇവിടെ തൻ്റെ കവിതകളിലൂടെ കവി സഞ്ചരിക്കുന്ന വഴി പലപ്പോഴും സാംസ്കാരികമായ ഒരു പൊതു രാഷ്ട്രീയത്തിലേക്ക് കൂടിയാണ്. ചിലപ്പോഴൊക്കെ പെണ്ണുങ്ങൾ ചേർന്നൊരു രാജ്യമാകുന്നതിൻ്റെ അടയാളങ്ങൾ കൂടിയാണത്.
കവിതകളിൽ നിന്ന് ഒരു വിഷയത്തെ പിടിച്ചെടുക്കുക എന്നത് സാധ്യമല്ലാത്ത വിധം വിവിധങ്ങളായ വിഷയങ്ങളിലൂടെ കവി നമ്മെ വായനയുടെ പുത്തൻ അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. പ്രണയം, ഗൃഹാതുരത്വം, ഓർമകൾ , പൊതുവായ കാഴ്ചകൾ എന്നിവയിലുടെ കവിതകൾ ഓടി നടക്കുമ്പോൾ ഓരോ വിഷയത്തിനും അനുസരിച്ച് വാക്കുകളെ പിടിച്ചിരുത്തുന്ന കവിയെ അത്ഭുതത്തോടെ നോക്കി കാണാനേ കഴിയൂ. ഇത് പഴയതല്ലേ എന്ന് ഒരു വരിയിൽ തോന്നുമ്പോൾ അടുത്തതിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവത്തെ ഒളിപ്പിച്ച് ഇതെൻ്റെ മാത്രമാണ് എന്ന് കവി ഓർമപ്പെടുത്തുന്നു. സ്വയം തിരിച്ചറിയുക എന്ന വഴി കവി ആദ്യമേ തന്നെ കുടഞ്ഞിടുന്നുണ്ട് .ഇതാണ് ഞാൻ എന്ന ധാർഷ്ട്യം ആദ്യമേ തോന്നുമെങ്കിലും ഈ ഞാനാണ് ശരി എന്ന ബോധത്തിലേക്ക് വായനക്കാരനെ കവിതകൾ പതിയെ കൂട്ടികൊണ്ട് പോകുന്നു
"കണ്ണീരുപ്പ് ഉണങ്ങാനാണ്
മനസ്സിനെ
കവിതയുടെ അയയിൽ
ഉണങ്ങാനിട്ടത്
പിന്നെ താനത് മറന്നു"
എന്ന വരികളിൽ ജീവിതത്തിൽ കവിത എന്തായിരുന്നെന്ന് പറഞ്ഞ് വെക്കുന്നുണ്ട്. പക്ഷെ ഉണങ്ങാനിട്ട മനസ്സിനെ പിന്നെ കവിതയുടെ അയയിൽ നിന്ന് തിരിച്ചെടുക്കുന്നില്ല. മനസ്സവിടെ ക്യത്യമായി പാകമാവുന്നുണ്ടെന്ന തിരിച്ചറിവ് നൽകുന്ന ആത്മവിശ്വാസം കവിതയെ പുറം ലോകത്തേക്ക് തുറന്ന് വിടുന്ന ഒന്നായി മാറുന്നു.
"നീ തന്ന സൂര്യകാന്തി പൂവിലെ
എണ്ണ കൊണ്ടാണ്
കടുക് പൊട്ടിക്കുന്നത്
എൻ്റെ അടുക്കള രാജ്യത്തെ
പ്രണയാർദ്രക്കാൻ
ഇതല്ലാതെന്തു വഴി"(എണ്ണ)
അടുക്കള ഒരു രാജ്യമായിരിക്കുന്നു .നീ തന്നതെല്ലാം പ്രണയാർദ്രമാക്കണമെങ്കിൽ ഇതല്ലാതെന്തു വഴി? അടുക്കള രാജ്യമായവൾക്ക് എന്ത് പ്രണയമെന്ന ചോദ്യത്തെ നാം മന:പ്പൂർവ്വം മറക്കുന്നു .ഇവിടെ കവിത വെറുമൊരു എഴുത്തോ കാല്പനികതയോ ഫെമിനിസമോ ഒന്നുമല്ല. കവിത സംവദിക്കുന്ന ലോകങ്ങൾ അതിർത്തികൾ ഭേദിച്ച് സ്ത്രീ എന്ന ഒറ്റ അനുഭവത്തിലേക്ക് ഉൾച്ചേരുന്നു.
'ചൂരലെടുത്ത് നല്ല അടി കൊടുക്കണം'
എന്തിന്?
"എന്നെ നോക്കാത്തതിന്"
"ഉം"
എന്നെ നോക്കാത്തതിനോ?
എന്ന മറുചോദ്യത്തിലാണല്ലോ
ഞാനും വീടും ഒന്നാകുന്നത്.
വീടാകുന്നത് എന്ന ഈ കവിതയിലെ സ്ത്രീയെ എത്രയോ തവണ നാം അവഗണിച്ചതാണ്. അതല്ലെങ്കിലും അങ്ങനെയല്ല വേണ്ടത് എന്ന ഇരുത്തം വന്ന വാക്കുകളിലൂടെ വീട് മാത്രമായി പോയ എത്രയോ മുഖങ്ങൾ ഈ കവിതയിൽ ഒളിച്ചിരിക്കുന്നു. കേരളത്തിൻ്റെ പൊതുബോധത്തിൽ വീടെന്നാൽ അമ്മ എന്നത് ഒരു അലിഖിത നിയമമാണ്. അതിനുള്ളിൽ വട്ടം കറങ്ങുന്ന പെൺ രൂപങ്ങൾ അത് മാത്രമായി ചുരുങ്ങുന്നത് പലപ്പോഴും നാം കാണുന്നില്ലല്ലോ. കവിക്കത് കാണാതിരിക്കാൻ ആവില്ല കാരണം പുറത്ത് കടക്കേണ്ടത് ഒരനിവാര്യതയായി അവളെ പൊതിയുന്നുണ്ട്.
"സ്നേഹത്തിൻ്റെ കുഴൽക്കിണറിൽ
വീണാണ് ചത്തത്
ഓർമയുടെ വെള്ളം കുടിച്ചാണ് മരിച്ചത് "
പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന കവിതയിലെ ഈ വരികളിൽ ഒരു കവിക്ക് വാക്കുകളെ എത്രയെല്ലാം ശക്തമായി ആശയങ്ങളുമായി ചേർത്ത് വെയ്ക്കാനാവുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
ശബ്ദവും ഓർമ്മയും ഗന്ധവും മൗനവും ചേർന്നുള്ള ഒരു ഒളിച്ചുകളി നടത്തുന്നുണ്ട് കവി പലപ്പോഴും. യാത്ര പോകുന്ന ലാഘവത്തോടെ കവിതയിറങ്ങി നടക്കുന്ന കവി തൻ്റെ സാമ്രാജ്യത്തിലെ ഓരോ വാക്കിനേയും സൂക്ഷ്മതയോടെ പുതുക്കുന്നു
കവിയോട് ഒരു പഠിതാവിന് ചോദ്യം ചോദിക്കാൻ അവകാശമില്ല. കവിതയുടെ രൂപപരിണാമങ്ങളിലെ ഘട്ടങ്ങളെ ആസ്വദിച്ചു കൊണ്ട് അതിനെ പഠിക്കാമെന്നല്ലാതെ. അല്ലെങ്കിലും വിമർശനങ്ങളേക്കാളുപരി പഠനങ്ങളാണ് വേണ്ടത്. എന്നിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയാത്ത ഒരു സ്വത്വം നിലനിൽക്കുമ്പോൾ പാഠഭേദങ്ങൾ കലർപ്പുകൾ ഇവ സ്വാഭാവികമാണ്.
" ഒരാളെ എത്ര സൂക്ഷ്മമായി ഓർക്കാനാകും"
"വിദഗ്ധനായ ഒരു
ചങ്ങാതിയെ
ഇപ്രകാരമല്ലാതെ എങ്ങനെ
ഓർക്കും"
ഓർമകളിൽ കളിക്കാനാഗ്രഹിക്കുന്നവരാണ് കവികൾ എന്ന ഓർമ പുതുക്കുന്നവയാണ് കവിയുടെ പല കവിതകളും .ഓർമകളിലൂടെയല്ലാതെ നാം എങ്ങനെയാണ് പരുവപ്പെടുന്നത് .ഞാൻ ഞാൻ എന്ന് മുറവിളി കൂട്ടി ഒരു ഞാൻ രൂപപ്പെടുന്നത് കയ്പും മധുരവും ചേർത്ത ഓർമകളിലൂടെ തന്നെയാണ്.അങ്ങനെയാണല്ലോ
'കലണ്ടർ അമ്മയുടെ കണക്ക് പുസ്തകമാണ്'
എന്ന ഒറ്റവരിയിലൂടെ അമ്മ എന്ന വലിയ ലോകത്തേക്ക് കവി നമ്മെ എടുത്തിടുന്നിടുന്നതും.ഇവിടെ കവി ഓർമകൾ കൊണ്ട് കളിക്കുന്ന
ഒരു വലിയ കുട്ടിയാണ്.
"എത്ര കുടഞ്ഞിട്ടും
എന്നെ വിട്ട് പിരിയാത്ത
എന്നെയാണെക്കിഷ്ട്ടം.
കരഞ്ഞാലും, പിഴിഞ്ഞാലും .
അഥവാ കുഴഞ്ഞൊന്നു വീണാലും
ഉണരും വരെ ഞാൻ
എന്നെ കാത്ത് നിൽക്കും .
വീണ്ടും നടക്കുമെന്ന് തമ്മിൽ വാക്കാക്കിയതാണ് . .
ഏറ്റവും പതിഞ്ഞ ഭാഷയിൽ
മടുപ്പില്ലാതെ ഞാൻ എന്നോട് മിണ്ടുന്നുണ്ട്
[ രണ്ടു പേർ മിണ്ടുന്ന ഒച്ചയെ
മൗനം എന്നും വിളിക്കാം )
എന്നെ ഞാൻ നല്ലോണം നോക്കും
എന്നെ എനിക്ക് നല്ലോണം അറിയാം"
നോക്കൂ എത്ര വിദഗ്ധമായ് കവി നമ്മെ പറ്റിക്കുന്നു. തന്നോട് തന്നെ മിണ്ടി മടുത്ത് കവിതയിലേക്കിറങ്ങി ഉണക്കാൻ ഇട്ടവളാണ്.കവിതയിൽ ഇറങ്ങി നടന്നവളാണ് .നിൽക്കാൻ ബലമായപ്പോഴാണ് സ്വന്തം സ്വത്വം ഓർമ വന്നത്. അത് കവിത തിരിച്ച് കൊടുത്തതാണ് .അപ്പോഴതാ തൻ്റെ സ്വത്വപ്രകടനത്തിൽ കവി ആഹ്ലാദവതിയാകുന്നു.നോക്കൂ കവി നമ്മോട് പറയുന്നത് കവിതയൊരു തിരിച്ചറിവാണെന്നല്ലേ.ചിലൂപ്പാഴൊക്കെ നമ്മോട് തന്നെ മിണ്ടുന്ന ആ പ്രത്യേക മൗനത്തെ സ്നേഹിച്ചു നോക്കാൻ ഒരവസരം ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയല്ലേ. അതെ കവി ഒരു ചരിത്രകാരിയെപ്പോലെ ശ്രദ്ധാലുവാകുന്നുണ്ട്.
'അതിപുരാതന രീതിയിലെ
പെണ്ണുകാണൽ ചടങ്ങിൽ നിന്നും' എന്ന കവിത മലയാളിയുടെ ഇരട്ട താപ്പിനോടുള്ള ഒരു വലിയ പ്രതിഷേധമാണ്. സ്വത്തും മഹിമയും സൗന്ദര്യവും ചേർത്ത് വച്ചാൽ ഒരുമിച്ച് ജീവിക്കാനാകുമോ എന്ന ചോദ്യത്തിനുമപ്പുറം കാലം മാറുമ്പോൾ മാറേണ്ടതാണ് ചില ആചാരങ്ങളും എന്ന ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ കവിത
"ചെറുക്കന്റെ ഫേയ്സ് ബുക്ക്
പരതി പഠിച്ച പെണ്ണ് ,
"പൗരത്വ ബില്ലിന് അനുകൂല പോസ്റ്റിട്ട
ചെറുക്കനെ എനിക്ക് വേണ്ട ".
എന്ന് പ്രസ്ഥാവന ഇറക്കിയതും
ചെറുക്കൻ കൂട്ടരുടെ കാർ
രണ്ടാം ഗിയറിലേക്ക് വീണതും .
പൊന്മാൻ കിണറ്റിലേക്ക്
തിരിച്ച് പറന്നതും ഒരേ സമയത്താണ്" .
(2019 ശേഷം നടക്കാനിടയുള്ള ഒരു
സാങ്കൽപ്പിക ചിത്രം മാത്രമാണ് ).
|
ഈ വരികൾ പങ്ക് വെയ്ക്കുന്ന മറ്റൊരാശയം സ്വത്വബോധം ശക്തയാക്കുന്ന പെൺകുഞ്ഞുങ്ങളുടെ ചിന്തകൾ കൂടിയാണ്. ജീവിതം തെരെഞ്ഞെടുക്കേണ്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്യം ജീവിക്കേണ്ടവൾക്ക് കൂടിയാണെന്ന് മറക്കാതിരിക്കുക.
"സിംഹത്തിന് ഭരണം
വല്ലാതെ ബോറടിച്ചിട്ടുണ്ട് .
പഴയ പോലെ മൃഗങ്ങളില്ല .
അഥവാ
അവർ ജനാധിപത്യവാദികളായി .
രാജ്യം ചുരുങ്ങിപ്പോയി .
പഴയ അനുസരണ ഒന്നുമില്ല "
കോട്ടുവാ എന്ന കവിത ഉണർത്തുന്ന രാഷ്ട്രീയവും അതിലെ ജനാധിപത്യ ബോധവും ഇന്നത്തെ കാലത്തിൻ്റെ ആവശ്യഘടകമാണ്.
"കുപ്പായം എന്നത്
ഏക രൂപകമേ അല്ല
അത് വൈവിധ്യങ്ങളുടെ
ഒരു പ്രദർശനശാലയാണ് .
വെട്ടിയും
തുന്നിയും
നിറം മുക്കിയും
കൊട്ടി അലക്കിയും
പശമുക്കിയും
തേച്ചുമിനക്കി
കാഴ്ച്ചക്കാരന് വേണ്ടിയുള്ള
"നമ്മളാണ്"
കുപ്പായം എന്ന കവിത ചില പാരമ്പര്യധാരണകളിൽ നിന്നും നമ്മെ പുറത്തേക്ക് കുടഞ്ഞിടുന്നു. കുപ്പായത്തിനുള്ളിലും കവിത ഉണ്ടെന്ന് ഓർമപ്പെടുത്തുന്നു.കാഴ്ചക്കാരന് വേണ്ടി നമ്മളൊരുക്കുന്ന നമ്മൾ ഇഴകളിൽ ഊർന്ന് നിറയുന്ന അനുഭൂതി അനുഭവിപ്പിക്കുന്നു.
"അങ്ങനെ എങ്ങനെ പോകും ?
തോന്നും പടി ?
എങ്ങോട്ടാ പോണത് ?
" തന്നെ നടക്കാവുന്ന ഇടത്തേക്ക് "
തന്നെ നടക്കാവുന്ന ഇടം തേടി നമ്മളും ഇറങ്ങുകയാണ്.അങ്ങനെയൊരു ഇടം സ്വാതന്ത്ര്യത്തിൻ്റെ ഇടം കൂടിയാണല്ലോ?
"ഒരു ദിവസം രാവിലെ
കടൽ തന്റെ ഉപ്പ് പിൻവലിക്കുന്നു.
സ്രാവുകളും ,തിമിംഗലങ്ങളും
കുഞ്ഞികക്ക പോലും
ഗതികേടിന്റെ ആഴത്തിൽ
പൊറുതികെട്ടു.
ഉപ്പുണ്ടാകുന്നതു കാത്ത്
ജീവനില്ലാതെ
കരയിൽ കുത്തിയിരിപ്പാണവർ .
പ്രണയം പിൻവലിക്കപ്പെടുമ്പോൾ
നീയോ ഞാനോ എന്ന പോൽ"
പ്രണയം പിൻവലിക്കുമ്പോൾ അത്രയും ആഴത്തിൽ ജീവൻ നഷ്ടപ്പെട്ട് പോകും പോലെ പിടഞ്ഞിരിക്കുന്ന നീയും ഞാനുവെന്ന ആശയം കവിയെ കാൽപനികവാദിയാക്കുമ്പോഴും പ്രണയം പിടയുന്നത് കാണാതിരിക്കാൻ ആവുന്നില്ല.
കവിത ആർക്കും കയറിയിറങ്ങാവുന്ന വഴിയമ്പലമല്ല. സൂക്ഷ്മതയും ശ്രദ്ധയും ധ്യാനവും വേണ്ട ഒരു വലിയ അനുഭവതലമാണത്. വിഷയങ്ങളെ ഓർത്ത് വച്ച് കവിതയിലേക്ക് പകർത്തുമ്പോൾ കവി സ്വയം അടയാളപ്പെടുത്തുന്നു.പൊരുതാൻ ഉറച്ച ഒരുവളുടെ ആത്മവിശ്വാസമാണ് മഞ്ജുവിൻ്റെ കവിതകൾ. അത് പെട്ടെന്ന് ഒടുങ്ങിപ്പോകുന്ന ഒന്നല്ല. പ്രകൃതിയെ പെണ്ണിനെ കാലത്തെ അടയാളപ്പെടുത്തുന്ന ഈ കവി വായിക്കപ്പെടേണ്ടവൾ തന്നെ.
**"*********