കവിതകൾ - നിഷി ലീല ജോർജ്ജ്

കവിതകൾ - നിഷി ലീല ജോർജ്ജ്
***********

1.
കട്ടപ്പുറത്തെ സഞ്ചാരങ്ങൾ
*******************
കട്ടപ്പുറത്തിരുന്നൊരു ബസ്സ് 
തന്‍റെ സഞ്ചാരങ്ങളെ ഓര്‍ത്തു .
ആറാമത്തെ വളവിലെ മൂന്നാമത്തെ വീടിന്‍റെ 
മതിലിലിടിച്ച് നിലച്ചുപോയ 
അവസാനയാത്രയെ- 
ശരീരത്തെ സീറ്റുകളില്‍ ഉപേക്ഷിച്ച് 
ഓടിയിറങ്ങിപ്പോയവരെ- 

ചില നേരങ്ങളില്‍ ചിലര്‍
വിട്ടുപോയ ശരീരങ്ങളെ  തേടിവന്നു 
പഴയൊരു ടിക്കറ്റ് കാണിച്ച് 
മുന്നോട്ട് വിരല്‍ ചൂണ്ടി 
യാചിച്ചു, കരഞ്ഞു ,അലറി .
മുടങ്ങിപ്പോയ അവരുടെ യാത്രകളിലേക്ക് 
വലിച്ചിഴച്ചു .
ആറാമത്തെ വളവിലെ
മൂന്നാമത്തെ വീടിനു മുമ്പില്‍ 
ഞങ്ങള്‍ വീണ്ടും വീണ്ടും നിലച്ചു .
സഞ്ചാരങ്ങളുടെ ഓരത്ത് 
നിലച്ചുപോയ യാത്രകളുടെ 
ദൃശ്യാവിഷ്കാരമായി 
ശരീരം തുരുമ്പെടുത്തു .

പക്ഷികള്‍ ,പാറ്റകള്‍, 
പല്ലികള്‍, ചിലന്തികള്‍ 
ഉള്ളില്‍ കൂടുകെട്ടി .
രാത്രികളില്‍ ഉറുമ്പുകള്‍ 
ഉള്ളില്‍ കുഞ്ഞു മണ്‍കൂനകളുണ്ടാക്കി 
അവയില്‍ ഒളിച്ചിരുന്ന വിത്തുകള്‍ 
മുളച്ചു, വാടി, കരിഞ്ഞു .
പുറത്തുനിന്നൊരു വള്ളിച്ചെടി 
ജനാലയിലൂടെ ഉള്ളിലെക്കെത്തി നോക്കി.
പൊളിഞ്ഞു കിടന്ന സീറ്റുകളിലേക്ക് 
കടന്നിരുന്നു .
ക്ലച്ചിലും ഗിയറിലും ബ്രേക്കിലും സ്റ്റിയറിംഗിലും 
ചുറ്റിവരിഞ്ഞു .
പെയിന്‍റടര്‍ന്ന മുഷിപ്പുകളില്‍ പച്ചതേച്ചു .

ഇലകളെ നൃത്തം പഠിപ്പിച്ച് 
കടന്നുപോയ കാറ്റ് 
തുരുമ്പു പിടിച്ച ശരീരത്തെ പറത്തി .
അമിതവേഗത്തില്‍ 
ഒരാകാശസഞ്ചാരം .
ഒരു വിനോദയാത്രാസംഘം 
ഉള്ളിലിരുന്ന്‍ ചൂളം വിളിച്ചു .
ആറാമത്തെ വളവിലെ 
മൂന്നാമത്തെ വീടിനെ 
ഞങ്ങള്‍ കടന്നുപോയി .
കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
ഇരുപത് കുഞ്ഞു വിരലുകള്‍ കൊണ്ട് 
ഒരു പല്ലി 
പൊടിയാന്‍ തുടങ്ങിയ ശരീരത്തെ താങ്ങി .


2.
പെണ്ണുങ്ങളുടെ കവിത
***********

പെണ്ണുങ്ങളുടെ കവിതയിൽ
പുറം ലോകമില്ലെന്ന്
പൊതു വിഷയങ്ങളില്ലെന്ന്,
പുറത്ത് 
ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് 
ഒരുവൻ നിരൂപിക്കുമ്പോൾ,
പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന്
അകത്ത് കവിയൊരുവൾ
വാതിലിൽ തട്ടിക്കൊണ്ടേയിരിക്കുകയാവും.

പ്രഭാതത്തിൽ
കവിയൊരുവൻ
ഇലകളെയും പൂക്കളെയും
കാറ്റിനെയും കിളികളെയും
പത്ര വാർത്തകളെയും
കവിതയിലേക്ക്
ആവാഹിച്ചെടുക്കുമ്പോൾ,
കവിയൊരുവളെ
അടുക്കള 
വലിച്ചെടുത്തിട്ടുണ്ടാവും.
പുട്ടുകുറ്റിയിലിട്ട്
ആവി കയറ്റിയിട്ടുണ്ടാവും.
ആവിക്കൊപ്പം ഇത്തിരി ദൂരം
അവൾ പറന്നു പോയെന്ന് വരും .
കവിതയിലേക്ക് വരാൻ തയ്യാറുള്ള
ചില വാക്കുകൾ
പുറത്തു കറങ്ങുന്നുണ്ടെന്ന്
അവൾ കണ്ടെത്തിയെന്നും വരാം.
നിങ്ങളിവിടെ തന്നെയിരിക്കൂ
ഞാൻ വരാമെന്ന് അവളവരോട്
രഹസ്യമായി പറഞ്ഞേക്കാം.
അവരെക്കുറിച്ച് തന്നെ ചിന്തിക്കയാൽ
അവളുടെ കൈപൊള്ളുകയോ
പാൽ തിളച്ചു തൂവുകയോ ചെയ്തേക്കാം.
തൂവിപ്പോയ കടുകുമണികൾ പോലെ
ചിതറിക്കിടക്കുന്ന അടുക്കളയെ
അടുക്കി അടച്ച് വെച്ച്
പുറത്തേക്ക് നോക്കുമ്പോഴേക്കും
രാവിലെ സന്ദർശകരായി വന്ന
വാക്കുകളെല്ലാം
വെയിലിൽ അലിഞ്ഞു പോയിട്ടുണ്ടാവാം.

കവിയൊരുവൻ
പുലർച്ചെയെഴുതിയ കവിത
പത്രാധിപൻ്റെ മേശപ്പുറത്തെത്തുമ്പോഴും
കവിയൊരുവൾ
രാവിലെ
മിന്നി മറഞ്ഞ് പോയ വാക്കുകളെ
കണ്ടെത്തിയിട്ടുണ്ടാവില്ല .

ഉന്മാദിയായ കവിയൊരുവൻ
കവിതയിൽ ഉണ്ടുറങ്ങി ,
തലകുത്തി മറിഞ്ഞ്
അർമാദിക്കുമ്പോൾ
അവൾ
വാഷിംഗ് മെഷീനിൽ കിടന്ന്
കറങ്ങുകയാവും .
ക്രമങ്ങളിൽ ജീവിക്കുന്നൊരുവളെങ്ങനെ
ഉന്മാദങ്ങളിൽ അടയിരിക്കും ?
ഉടലിനെയും ഉയിരിനെയും
കറക്കങ്ങളിൽ നിന്നഴിച്ചെടുക്കാതെ
ഒരുവളെങ്ങനെ തുറസ്സിടങ്ങളിലേക്ക്
നടക്കും?

അധ്വാനിക്കുന്നവൻ്റെ കവിത
എന്ന വിഷയത്തിൽ
ദീർഘപ്രഭാഷണം നടത്തി
അധ്വാനത്തിൻ്റെ മഹത്ത്വം
സ്ഥാപിച്ച് വരുന്ന 
നിരൂപകൻ്റെ കയ്യിലേക്ക്
ചൂലെടുത്തു കൊടുക്കൂ
മുറ്റമടിക്കാൻ പറയൂ 
അപ്പോൾ കാണാം
മിണ്ടാതവൻ 
പുറത്തേക്ക് മാഞ്ഞു പോകുന്നത്.
കുനിഞ്ഞു കുനിഞ്ഞു
ജീവിക്കുന്നൊരുവളുടെ കവിത
നിവർന്നു നിൽക്കാൻ
എത്ര പണിപ്പെടുന്നുണ്ടെന്ന്
ഒരുവൻ അറിയണമെന്നില്ല.

മലമുകളിൽ നിൽക്കുന്ന കവിയൊരുവന്
ആവശ്യമേയില്ലാത്ത വർണ്ണക്കുപ്പായങ്ങൾ
താഴെ നിൽക്കുന്ന കവിയൊരുവൾ
ചിലപ്പോൾ 
ചുറ്റിച്ചുറ്റി അണിയുന്നതെന്തിനെന്നും
ഒരുവൻ  അറിയണമെന്നില്ല.
എങ്കിലും ആർക്കും കേൾക്കാമല്ലോ
പുറത്തു നിന്ന് പൂട്ടിയ വാതിലിൽ
അകത്തു നിന്നവൾ അടിച്ചു കൊണ്ടേയിരിക്കുന്നത് .
ആർക്കും കാണാമല്ലോ
ജനലിലൂടവൾ 
പുറത്തേക്കൊഴുകാൻ വഴി തേടുന്നത് ?
ചിലപ്പോൾ വാതിൽ തള്ളിത്തുറന്ന്
പുറത്തേക്കിറങ്ങിയോടി
കവിതയിലൊരു കൊടിനാട്ടുന്നത്.

കവിതയിലേക്ക് 
കവിയൊരുവൻ നടക്കുന്ന ദൂരമല്ല
കവിയൊരുവൾ നടക്കുന്നത്.

***********

Comments

(Not more than 100 words.)