സാവിത്രി രാജീവൻ്റെ കവിതകൾ - സിമിത ലെനിഷ്

സാവിത്രി രാജീവന്റെ കവിതകൾ - സിമിത ലെനിഷ് 

ജീവിതത്തെ മുറുകെ പിടിച്ച് കൊണ്ട് വളരെ ലാഘവത്തോടെ ഗൂഢമായ മന്ദസ്മിതത്തോടെ സാവിത്രി രാജീവൻ കവിത കൊരുക്കുന്നത് വെറുമൊരു വായനക്കല്ല. വായനക്ക് അപ്പുറം ചില പാഠഭേദങ്ങളിലേക്കുള്ള നേർക്കാഴ്ചയാണത്. നേർക്ക് നേരെ വായിച്ച് രസിക്കുന്നതിനുമപ്പുറം ഒരറിവിനെ ഒളിപ്പിക്കുക കൂടി ചെയ്ത് കൊണ്ട് ഇക്കവിതകൾ കാലത്തോടുള്ള കലഹവും  വ്യതിരിക്തതയും ഒരേ സമയം പ്രകടമാക്കുന്നു.നായ എന്ന കവിതയിൽ തന്നെ നോക്കിയിരിക്കുന്ന നായയിൽ ,സ്വയം പ്രദർശിപ്പിക്കുന്ന നായയിൽ, അതിഗൂഢമായി കേരള സമൂഹത്തെ ഒളിപ്പിക്കുന്നു. പ്രദർശനപരതയിൽ അന്ധമായി ഭ്രമിച്ച് പോയ ഒരു ജനതയോടാണ് ഈ കവിതയിലെ ചോദ്യം. മനുഷ്യന് മനുഷ്യത്വം പോലെയല്ലേ നായക്ക് നായത്വം? കൊട്ടിഘോഷിക്കുന്ന മനുഷ്യത്വത്തിൻ്റെ മറുപുറങ്ങളിലേക്ക് കൂടി കവി ചോദ്യമെറിയുന്നു.ഫ്രെയിമിൽ നിന്നിറങ്ങി കാക്കയോടൊപ്പവും നായയോടൊപ്പവും ഒന്നും ചോദിക്കാതെ ഇറങ്ങിപ്പോകുന്ന കവി ജീവിതമെന്ന ഫ്രയിമിൻ്റെ ഉള്ളിൽ നിന്ന് പുറത്തിറങ്ങി തൻ്റെ സ്വത്വം പ്രകടമാക്കുന്നു. അതെ ഒരു ഫ്രെയിമിനുള്ളിലും ഇരുന്ന് ചോദ്യം ചോദിക്കാനുള്ളതല്ല കവിയുടെ മനസ്സ്. അത് ഇറങ്ങി നടക്കാനുള്ളതാണ്. കവിത കൊത്തിപ്പിക്കുന്ന കാക്ക കാലത്തെ അതിവേഗം കൊത്തിപ്പറക്കുന്ന യാഥാർത്ഥ്യമാണ്. തൻ്റെ നഗ്നത പ്രദർശിപ്പിക്കുന്ന നായയ്ക്ക് കോണകം നൽകുമെന്ന പ്രതീക്ഷ സദാചാര ബോധമെന്ന അതിബുദ്ധിയും അന്യൻ്റെ സ്വകാര്യതയിലേക്ക് സ്വന്തം നിലപാടെറിയുന്ന മലയാളി സ്വത്വവും എടുത്ത് കാണിക്കുന്നു. കോണകമുടിപ്പിക്കുമെന്ന് അവൻ കരുതിയിരിക്കുമോ എന്നതിൽ ഒരു രാഷ്ട്രീയ ചിന്ത ഒളിഞ്ഞിരിക്കുന്നു.
 അവൻ ആരെ പോലെയുമല്ല അവൻ നായയെ പോലെയാണ് നായ തന്നെയാണ്. സ്വന്തം സ്വത്വബോധം കൈയ്യിലുള്ളപ്പോൾ തന്നെ മറ്റുള്ളവരെപോലെയാകണോ എന്ന് ചിന്തിക്കുന്ന സമൂഹത്തോട് നായ നായ തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുമ്പോൾ നമ്മുടെ സ്വത്വത്തെ നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നുണ്ടോ? കവിതയുടെ രാഷ്ട്രീയം ഒരു പൊളിച്ചെഴുത്താണ്. ചിത്രകാരനായ കെ.സി.എസ്സിൻ്റെ നായയാണ് കവിതയിലെ കഥാപാത്രം .അതീന്ദ്രിയ ജ്ഞാനത്തേയും അമൂർത്ത ജ്ഞാനത്തേയും കൂട്ടിയിണക്കി ചിത്രരചനയിലൂടെ സ്വന്തം വ്യക്തിത്വം തെളിയിച്ച കെ.സി.എസ്സിൻ്റെ നായ ചിത്രകാരി കൂടിയായ കവിയെ കാണാൻ വന്നത് വെറുതെയല്ല .കെട്ടുകാഴ്ചകളുടെ ഫ്രെയിമിനുള്ളിൽ നിന്ന് കൂടി കവിയെ പുറത്തെത്തിക്കുന്നുണ്ട് കവിതയിലെ നായയും കാക്കയും .പാശ്ചാത്യ ചിത്രകലയ്ക്കുള്ളിൽ നിന്ന് സ്വന്തം ചിത്രങ്ങളിലൂടെ വ്യക്തിത്വ പ്രദർശനം നടത്തിയ കെ.സി.എസ് പണിക്കരുടെ നായ തീർച്ചയായും പുത്തൻകാലത്തിൻ്റെ പുതിയ പരിപ്രേക്ഷ്യത്തിലേക്ക് കവിയെ കൊണ്ടു പോകുന്നു. മ്യൂസിയം ആർട്ട് ഗ്യാലറിയിൽ മാത്രം ഒതുങ്ങി പോയോ കെ.സി.എസ് പണിക്കർ എന്നൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്.നായ അവിടെ നിന്നാണ് വരുന്നതും സ്വയം അടയാളപ്പെടുത്തുന്നതും.ഇത്തരമൊരു വിഷയം വർത്തമാനകാല ചിന്തകളിലേക്കുള്ള ചൂണ്ടുപലകയാണ്.
ആരേയും ഒന്നും പഠിപ്പിക്കാനല്ല സ്വയം പഠിക്കാൻ എന്ന ഭാവേന എല്ലാ ഉപദേശങ്ങൾക്കും മീതെ ഒരു അടിയായി  കവിതകളിൽ ഒരു സാവിത്രിയൻ ചിരി ഒളിഞ്ഞിരിക്കുന്നു. സാഹിത്യ ചരിത്രത്തിൽ  അവഗണയോടെ മാറ്റി വെക്കപ്പെടുന്ന അല്പ സ്ഥലത്തിനുമപ്പുറം, ആഘോഷിക്കപ്പെടുന്ന പ്രതിഷ്ഠയ്ക്കും ചരിവിനുമപ്പുറം, അതൊരു ഒടുങ്ങാ യുദ്ധമാണെന്ന് ആരാണ് തിരിച്ചറിയുക?

Comments

(Not more than 100 words.)