കവിതകൾ - നഫീസത്ത് ബീവി
***********
1.
എനിക്കു മരമാവണം
********
വിടർന്നു ചിരിക്കുന്ന പൂവാകേണ്ട എനിക്ക്
കൊഴിയുന്നതുവരെയെ അതിന്
ആയുസ്സുള്ളൂ.
പാറയിടുക്കിൽ നിന്നും മുളപൊട്ടി
പരുത്ത ഇടങ്ങളിൽ പൊത്തിപ്പടർന്ന്
മലമടക്കുകളിലൂടെ വേരുകൾ പായിച്ചു
കനത്തസൂര്യനോട് മല്ലടിച്ച്
തൊലിപ്പുറത്തു വീണ പാടുകളോടെ
കനിവും കനിയും നിറച്ച്
വിരിഞ്ഞു പറന്നുയർന്ന്
കൊടുങ്കാറ്റിലുലയാത്ത
തായ്തടിയാവണമെനിക്ക്.
മരിച്ചതിനുശേഷവും വാതിലുകളും
ജനലുകളുമാവാൻ
കഴിയുന്നൊരു മരം.
2 .
ഉടനീളമളക്കുന്ന കാറ്റ്
*******
ഉടൽനീളമളന്നെടുത്തൊരു കാറ്റ്
വട്ടം കറങ്ങുന്നുണ്ട്
ഞാൻ സ്വാദുള്ളൊരു ഇറച്ചി കഷണം.
നീ,നാവിൽനിന്നും കൊതിവെള്ളമിറ്റിക്കുന്ന
വേടൻ.
വെട്ടുപലകയിൽ നിന്നും
കുതറിയോടണമെന്നുണ്ട്
നീയോങ്ങി വെച്ചിട്ടുള്ള മടവാൾ
തോന്നലിനുമേൽ ഇരുളു പടർത്തുന്നു
ഒരുദിവസം ഞാൻ നിന്റെ
കണ്ണുകൾ കൊത്തിപ്പറിക്കും
വിശാലമായ ആകാശത്തെ
സ്വന്തമാക്കും
ഉയരത്തിലേക്ക് വളർന്നുപൊങ്ങിയ ശാഖയിൽ
കൂടുമെനയും
നഖപ്പാടു കോറിയഅമ്പിളിക്കു
ചുറ്റിനും വെളുത്ത പൂക്കൾ
വിടരുന്ന നേരങ്ങളിൽ
തണുത്ത പുഴയിൽ
പരൽ മീനാകും
മഴപ്പൊട്ടുകൾ പറ്റിനിൽക്കുന്ന
പുലരികളിൽ
പൊട്ടിച്ചിരിച്ചു കൊണ്ട്
പടുപാട്ട് ഉച്ചത്തിലുച്ചത്തിൽ
ഏറ്റുപാടും.
********
നഫീസത്ത് ബീവി :
തൃശ്ശൂർ മലബാർ കണ്ണാശുപത്രിയിൽ അധ്യാപികയാണ്. 5 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ സുഭാഷിതങ്ങൾ അവതരിപ്പിക്കാറുണ്ട്.
*******