കവിതകൾ - തസ്മിൻ ഷിഹാബ്‌

കവിതകൾ - തസ്മിൻ ഷിഹാബ്‌ 
*************
1.
ഭൂപടം വരയ്ക്കുമ്പോൾ
*********

കല്പനകളെ മൗനം കൊണ്ട് മുറിച്ച്
ജീവിതത്തെ കീറിയൊട്ടിയ്ക്കുമ്പോൾ
ഒരു ഭൂപടം 
അറിയാതെ രൂപപ്പെടുന്നു.
ഊയലാടിയ കണ്ണുകൾക്കും
ഉലയൂതിയ വാക്കുകൾക്കും
മുന കൂർത്ത ചിന്തകൾ കൊണ്ടത്
മറുവാക്കോതുന്നു. 
ഇടയ്ക്കത് അടക്കം പറയുന്നു
വരയും കുറിയും വർണ്ണങ്ങളും
പല രൂപങ്ങളിൽ
ഭാവങ്ങളിൽ ചേർത്തൊട്ടിക്കണം
അല്ലെങ്കിലത് പടിയിറങ്ങിപ്പോകുമത്രേ!

മുന കുത്തിയ അക്ഷരങ്ങൾ
മുഷ്ടി ചുരുട്ടുന്നത് കണ്ടിട്ടുണ്ടോ?
നാരായം
വിപ്ലവമാകുന്നതങ്ങനെയാണ്
ഭൂപടത്തിലൂടിഴഞ്ഞും തുഴഞ്ഞും
ഓടി നടന്നും
മുറിക്കപ്പെട്ട നാവുകൾ പോലെ
പലായനങ്ങൾക്കിടയിൽ
തിരയുറക്കിയ കുഞ്ഞിനെ പോലെ 
മൺ നനവുകളിൽ
ഇളം നാമ്പുകളിൽ
പ്രതീക്ഷകളസ്തമിക്കാത്ത
കലപ്പകൾ പോലെ...

എന്റെ മണ്ണ്
എന്റെ നാട്
എന്റെ പൂവരശ്
കിനാക്കണ്ടലോകം
കിനാക്കണ്ട കാലം
കര കടലാഴം
ആരോ പുലമ്പുന്നു
തട്ടിപ്പറിക്കുകതൊക്കെയും

ഉപ്പുനീറിയ ഉടലിടങ്ങൾ
ബയണറ്റുകൾക്കും
ബൂട്ടുകൾക്കും നേരെ 
വിരിഞ്ഞ മാറിടങ്ങൾ
ഉള്ളിൽ നിന്നുള്ളിലേയ്ക്കുള്ള
സഞ്ചാര വേഗങ്ങൾ ....

ചരിത്ര ശേഷിപ്പുകൾ 
ആർക്കും തിരിച്ചെഴുതാം !

2
ഇനി നമുക്ക് ഗാന്ധിയെ വരയ്ക്കാം
മിതമായ വരകൾ 
മേമ്പൊടിയ്ക്ക് മതം ചേർക്കാം
കൊടിയടയാളങ്ങളച്ചു കുത്താം
എന്നിടും
ഒരു മുട്ടൻ വടി കൊണ്ട് 
വളഞ്ഞ രൂപത്തെ താങ്ങി നിർത്താൻ
നന്നേ പണിപ്പെട്ടു.
എത്ര വരച്ചിട്ടും 
 കാലടികൾ ശരിയാകുന്നതേയില്ല.
നിറങ്ങൾ മാഞ്ഞ് വിളറിയിട്ടും
ഗാന്ധി ഒരു ഭൂപടമാകുന്നു!

3
ഞാനെന്റെ നാടിനെ
ശാന്തമായ്
ചേർത്തൊട്ടിക്കുകയാണ്
അതിലവിടവിടെ
അന്ധത പൊഴിച്ചിട്ട
വെട്ടത്തൂവലുകൾ
വെറുമൊരു നിഴലായ്
നീളൻ വരയായ്
പരിണാമങ്ങളറിയാ വാച്ചൊരുക്ക്

ഭൂപടങ്ങൾ ഉണ്ടാകുന്നത്
പല കയറ്റിറക്കങ്ങൾക്കൊടുവിലാണത്രേ!

നഖക്ഷതം പോലെ
ഒരു ചാല്
കണ്ണീരുറഞ്ഞ് രൂപപ്പെട്ടത്
കണ്ടെത്താനാവാത്ത
ഭൂഗർഭത്തിലേയ്ക്ക് നീളുന്ന  നിലവിളി
മണ്ണിന്റെ
അവകാശത്തിലേയ്ക്ക്
ഉരുകി വീഴുന്ന സ്മാരകശിലകൾ....

അതാ ,
അങ്ങകലെ
തിത്തിരിപ്പക്ഷിയുടെ
കൊഴിഞ്ഞ തൂവലുകൾ
കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന്
ഉറക്കെ പാടുന്നു.
സ്വാതന്ത്ര്യത്തിന്റെ  താളമായ്
ഇരപിടിയൻ കണ്ണുകളെയത് 
കൊത്തിക്കുടയുന്നു.
വെട്ട നൂലുകൾ കൊണ്ടത്
ഭൂപടം തീർക്കുന്നു
ആർക്കും കീറി മുറിക്കാനാവാത്ത ഭൂപടം.
...........................

2.
ഒറ്റനടത്തം
******
ഇരുട്ടിൽ
കൊടും കാട്ടിൽ
അവൾ തനിച്ചാണ്
ചുറ്റിലും ഇലകൾ
പൂക്കൾ
പക്ഷികൾ
പാതാള വഴികൾ
വെളിച്ച നൂലുകൾ
നിഴൽ ഭയങ്ങൾ
 സീൽക്കാരങ്ങൾ
പകർന്നാട്ടങ്ങൾ
എന്നിട്ടും
കറുത്ത കാട്ടിൽ
അവൾ തനിച്ചാണ്

പേടിയുണ്ടോ എന്ന ചോദ്യം വേണ്ടേ വേണ്ട
തീയിൽ കുരുത്തതാണ് ....

നിലാവെട്ടത്ത്
കാട് പൂക്കുന്നത് കാണാൻ
തനിച്ചിറങ്ങിപ്പോയവൾ....
ഒറ്റ നടത്തത്തിനൊപ്പം
കാടിൻ്റെ ഉന്മാദമറിഞ്ഞവൾ
ഇലപൊഴിഞ്ഞ് തളിർക്കും പോൽ
കാടുണർത്തിച്ചിരിച്ചവൾ
ഇരുട്ടിനെ കാമിച്ചവൾ

ഹൊ, എന്തെന്തുണർത്തുകൾ

വിഷം തീണ്ടി നീലിച്ച
മൗനാക്ഷരങ്ങൾ...
തീപാറ്റിയ ചിന്തകൾ

കടങ്കഥ പോൽ
നാളെയുദിക്കുന്ന പകലുകൾ
ഒറ്റുകാരുടെ നോട്ടച്ചെരുവിൽ
അവൾ
നീണ്ടും വക്രിച്ചും 
പല പല കോലങ്ങളിൽ
മാറി മാറി ഇരുണ്ട് വെളുക്കും.

വരൂ
നീ എൻ്റെ മാത്രമെന്ന്
കാട് വിളിക്കുന്നു

മരങ്ങൾക്ക് ചിറക് മുളയ്ക്കുമെന്ന്
അവൾ തന്നോട് തന്നെ പറയാറുണ്ട്.
അവയ്ക്ക് ഹൃദയമുണ്ടെന്നും.
എങ്കിലും
അവൾ ഉൾക്കാട്ടിൽ തനിച്ചാണ്

അവിടെ
ഉടലഴിച്ച് മേയുന്ന നേരം
നഗ്നമായ ജീവവഴികളെ
ആർക്കുമാർക്കും ചേതമില്ലാതെ
ആസ്വദിക്കാം

ഇരുട്ടൊഴിച്ച് വെട്ടമാക്കുന്ന
ആകാശ മാന്ത്രികനെ
ഒറ്റയ്ക്കൊരിടത്തിരുന്ന് പ്രണയിക്കാം

വസന്തം ഉടലിൽ നിറയുമ്പോൾ
ഉള്ളിൽ കിനിയുന്ന കവിതപോൽ
ഉന്മാദിനിയാകാം

പെരുമഴത്താളത്തിൽ ചുവട് വയ്ക്കാം

മരം പെയ്യുമ്പോൾ പൊട്ടിച്ചിരിക്കുന്ന മണ്ണിലേയ്ക്കലിഞ്ഞു ചേരാം

വേണമെങ്കിലൊന്ന് പൊട്ടിക്കരയാം
മതിവരുവോളം പൊട്ടിച്ചിരിക്കാം

മഞ്ഞിൽ
വെയിലിൽ
മഴയിൽ 
ഇരുട്ടിൽ
പകലിൽ
കാടറിയാം

നടത്തം
പകലോ രാത്രിയോ
നാട്ടിലായാലെന്ത് 
എന്നാലോചിക്കുമ്പോൾ
കാഴ്ചയുടെ വിഭ്രമങ്ങൾക്കതീതമീ
ഒറ്റ നടത്തമെന്ന്
കാടിനെക്കുറിച്ച്
നാട്ടിലിരുന്ന് കവിതയെഴുതുന്നതേസുഖം!
********

തസ്മിൻ ഷിഹാബ്:
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് എന്ന ഗ്രാമത്തിൽ കല്ലിങ്കൽ കെ.കെ.അബ്ദുൽ റഹിമാൻ്റെയും എം.എ.ആമിയുടെയും മകളായി 1978-ൽ ജനിച്ചു.ആലുവ യൂണിയൻ ക്രിസ്ത്യൻകോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ എം.എ യും എറണാകുളം സെൻ്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ് ഫോർ വുമണിൽ നിന്നും ബിഎഡ് ബിരുദവുമെടുത്തു. ഇപ്പോൾ എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപികയാണ്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: 
തീവണ്ടി (രണ്ട് എഡിഷൻ - കവിതാ സമാഹാരം, യെസ് പ്രസ് പെരുമ്പാവൂർ 2017)
തല തെറിച്ചവളുടെ സുവിശേഷം (കവിതാ സമാഹാരം - യെസ് പ്രസ് പെരുമ്പാവൂർ 2018), 
മക്കന (കവിതാ സമാഹാരം - ലോഗോസ് ബുക്സ് പട്ടാമ്പി 2018),
ഉപ്പുമാവ് ( ഓർമ്മക്കുറിപ്പുകൾ - ലോഗോസ് ബുക്സ് പട്ടാമ്പി 2020 ),
സുമയ്യ (ബാലസാഹിത്യ നോവൽ - ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2020)
*******

Comments

(Not more than 100 words.)