കവിതയുമായി വഴി നടക്കുന്നവൾ ( സിന്ധു .കെ .വിയുടെ കവിതകൾ - പഠനം)
*************
- സിമിത ലെനീഷ്
******
മലയാള കവിതയിലെ ഇടങ്ങൾ നവമാധ്യമ ഇടങ്ങളിലൂടെ സമ്പന്നമായപ്പോൾ പെണ്ണെഴുത്തുകൾ അതിരുകൾ ലംഘിച്ച് പരന്നൊഴുകുന്നു .ഒരു പെണ്ണിൻ്റെ എഴുത്ത് അവളുടെ ചിന്തകളോട് അവൾക്കുള്ള ക്രിയാത്മക ഇടപെടലുകളാണ്. കവിതകൾ പലപ്പോഴും ജീവിതവും ജീവിതത്തിൻ്റെ തുടർച്ചയും ആയി മാറാറുണ്ട്. സ്ത്രീ ഭാഷയുടെ വിവിധ മാറ്റങ്ങളെ അന്വേഷിച്ച ജൂലിയ ക്രിസ്റ്റേവ അതിൻ്റെ വിവിധ മാനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇന്നത്തെ പെൺ കവിതകൾ സ്ത്രീ ഭാഷയുടെയും ജീവിതത്തിൻ്റെയും പുത്തനടരുകളുടെ വീണ്ടെടുപ്പാണ്. പുതിയ കാലത്തിൻ്റെ പെൺചിരിയുമായ് സിന്ധു കെ.വിയുടെ കവിതകൾ ചിന്തയുടെയും ഭാഷയുടെയും കാഴ്ചയുടെയും അനന്തസാധ്യതകൾ തുറന്നിടുന്നു.
ജീവിതമെന്ന ഒന്നിനെ അടരുകളായ് തിരിച്ചിട്ട് പുതിയ കാഴ്ചകളിലേക്ക് അതിനെ ഇറക്കി നിർത്തി ഇത്ര നാൾ നാം ജീവിതമെന്നോതിയത് മരണമെത്തുന്ന നിമിഷത്തെയായിരുന്നോ? പ്രണയമല്ല കനവല്ല ,യാത്രയല്ല, പ്രകൃതിയല്ല എന്നൊക്കെ ഓർമിപ്പിച്ച് കവി അടുത്ത നിമിഷത്തിലേക്കും വിഷയത്തിലേക്കും കടക്കുമ്പോൾ വായനക്കാരൻ ആകാംക്ഷാപൂർവ്വം തിരയുന്നു. ഇനിയെന്ത്? അപ്പോൾ കവിയാകട്ടെ പാതിരാ സൂര്യനെ സാക്ഷിയാക്കി കാപ്പിത്തോട്ടങ്ങളെ വരച്ച് പുഴകളെ തൊട്ടു നോക്കി ഏതോ കാലത്തിലെ നമ്മളെ കണ്ട് അടുത്ത കാഴ്ചയ്ക്ക് ചുവടു വെയ്ക്കുന്നു.
സിന്ധു കെ.വിയുടെ കവിതയിലെ അനുഭവതലങ്ങൾ തീക്ഷ്ണമാണ്. അത് തീക്ഷ്ണമായ ചിന്തകൾ ഒളിപ്പിച്ച പെണ്ണിൻ്റെതാണ്. പെൺപക്ഷ കവിതകൾ എന്നതിലുപരി പെൺകാഴ്ചകളിലെ വൈവിധ്യം പേറുന്ന കവിതകളെന്ന് അവയെ വിശേഷിപ്പിക്കാം. കവി പ്രകൃതിപക്ഷ എഴുത്തുകാരി കൂടിയാണ്. കാഴ്ചകളിൽ നിറയുന്ന പരിസ്ഥിതി പലപ്പോഴും പെണ്ണനുഭവവുമായി ചേർന്ന് പോകുന്നു. എന്ന് കരുതി മറ്റ് കാഴ്ച്ചകൾ മാറി നിൽക്കുന്നുമില്ല. പ്രണയവും ദാരിദ്യവും ഒറ്റപ്പെടലും ജീവിതത്തിൻ്റെ അരക്ഷിതാവസ്ഥയും കവിതയിലാക്കി കവി നടന്ന് പോകുകയാണ്. ഇനിയും എത്രയോ അനുഭവങ്ങൾ എന്ന് ഓർമിപ്പിച്ച് കൊണ്ട് കവിയുടെ ലോകം വികസിക്കുന്നത് വ്യത്യസ്തമായ വിഷയങ്ങളിലൂടെ എഴുത്തനുഭവത്തിലൂടെ നാം അറിയുന്നു.
ഭാഷാ പ്രയോഗങ്ങളും ബിംബ സ്വീകരണവും കൊണ്ട് സമൃദ്ധമായ സിന്ധുവിൻ്റെ കവിതകൾ ഓർമിപ്പിക്കുന്നത്
കാൽപനികതയെയും ജീവിതത്തെയും യാഥാർത്ഥ്യങ്ങളെയും ഏകാഗ്രമായ മനസ്സ് കൊണ്ട് യോജിപ്പിക്കുന്ന വ്യക്തി സത്തയെയാണ്. പെണ്ണെന്നത് പരിമിതിയല്ലെന്ന് കവിത ഓർമപ്പെടുത്തുമ്പോൾ ഓരോ കവിതയും കനത്ത നോട്ടങ്ങൾ കൊണ്ട് കാലത്തെ ഭയപ്പെടുത്തുന്നുമുണ്ട്.
യാദവ് എന്ന കവിത കനൽ നീറ്റുന്ന സാമൂഹ്യ യാഥാർത്ഥ്യമാകുമ്പോൾ തന്നെ കൊടിയ ദാരിദ്യം തീർക്കുന്ന അരിക് വത്കരിക്കപ്പെട്ടവരുടെ വേദന ഓർമപ്പെടുത്തുന്നത് കൂടിയാകുമ്പോൾ അക്കങ്ങൾ കൊണ്ട് കണക്കിലെ പണത്തിൻ്റെ വിനിമയം വെറുമൊരു കളിയായി തീർന്നവർക്ക് ഇതൊരു ഓർമപ്പെടുത്തലാണ്.
" അയാൾ തൻ്റെ പുലരികള
അസ്തമയങ്ങളെ
തെളിയുറവകളെ
പൂ വിരിയലുകളെ പണമായി
വെച്ച് പ്രപഞ്ചത്തിനോട്
2 രൂപ വായ്പയാചിച്ചു. " യാദവ് എന്ന കവിതയിലെ ഈ വരികൾ ലോകത്തോളം പടരുന്ന വേദനയാണ്.
'ജീവിതമെന്ന് തിരിച്ചു പറയുന്നത്' എന്ന കവിത അനുഭവപ്പെടുത്തുന്ന ഭാവതലം തീക്ഷ്ണമാണ്. "മരണഗന്ധം ചോദ്യമായ് പുകയുന്നു " എന്ന വരികളിൽ പുകഞ്ഞു തീർന്ന ജീവിതം ചിറി കോട്ടി ചിരിക്കുന്നു. ആ കവിതയുടെ അവസാനം വരെ ജീവിതത്തെയും മരണത്തെയും തുലാസിലിട്ട് പകിട കളിക്കുന്നു. എന്തായിരുന്നു ജീവിച്ച് തീർത്തത് എന്നും അത് വെറും ദിവസങ്ങളല്ല എന്നും നമ്മെ അടയാളപ്പെടുത്തലാണെന്നു മുള്ള ബോധം കവിത തന്ന് പോകുന്നു.
മുപ്പത്തിയഞ്ച് എന്ന കവിത ഉണർത്തുന്നത് ഓരോ മുപ്പത്തിയഞ്ചിൻ്റെയും അനുഭവ പരിസരം തന്നെയാണ്. ആ മുപ്പത്തിയഞ്ച് ഒരു സ്ത്രീയുടേതാകുമ്പോൾ അത് തികച്ചും അനീതി നിറഞ്ഞ മുപ്പത്തിയഞ്ചാകുന്നു. അങ്ങനെയാണ്
"ഈ വീട്ടിൽ എനിക്കുള്ള
വസ്തുക്കളൊന്നും
എനിക്കിപ്പോൾ പാകമല്ല "
എന്ന വരികൾ പറയുന്നത്. ഇതൊരു സാധാരണ കാര്യമല്ലേ എന്ന് ചിന്തിക്കാം. പക്ഷെ മുപ്പത്തഞ്ച്കാർക്കത് ലോകത്തിലെ ഏറ്റവും വലിയ അനീതിയും അസ്വസ്ഥതയുമാകുന്നിടത്ത് കവിതയ്ക്ക് ജീവൻ വെയ്ക്കുന്നു. അപ്പോൾ കവിത ഓരോ മുപ്പത്തിയഞ്ചിനുമൊപ്പം പാകമാകാത്ത ഇടങ്ങളിൽ എണീറ്റ് നടന്ന് പൊട്ടിത്തെറിക്കുന്നു അപ്പോൾ കവിക്ക് 35 നഷ്ടമായി, 40 ചിരിക്കുന്നു. ഇവിടെ കവിത ഒരുവളുടെ അസ്ഥിത്വത്തിന് അടയാളം നൽകുന്നു.
"ഹവ്വാ നീ തന്നെയാണ് പ്രപഞ്ചമെന്ന്
അവളോട്
ഉറക്കെപ്പറയാൻ
ആ പാവം പിന്നെയും
എത്രനാൾ
കാത്തു കാണണം"
ചില തിരിച്ചറിവുകൾ അംഗീകരിക്കാൻ കാത്തിരിക്കേണ്ടി വരുന്നത് ചിലപ്പോൾ ജീവിതം കൊണ്ടായിരിക്കും. അടയാളപ്പെടുത്താതെ പോയ കവിതകളിലൂടെ ചിലർ ഇത് ഓർമപ്പെടുത്തിയിട്ടുണ്ടാവാം. കവി അവരുടെ പിൻമുറക്കാരിയാണല്ലോ. പ്രിയപ്പെട്ട ഹവ്വ നീ പേറുന്ന ആദിപാപം ഞങ്ങൾ ഇന്നും ചുമക്കുന്നു.
"എൻ്റെ പുഴകൾ, എൻ്റെ
വഴികൾ, എൻ്റെ നാട്ടിലെ
കാറ്റുകൾ " നഷ്ടപ്പെട്ട് പോകുന്ന സ്വന്തമിടങ്ങൾ ഓർമപ്പെടുത്തുന്ന അയലത്തെ പെൺകുട്ടി എന്ന കവിതയിലെ ഈ വരികൾ ഒരു വലിയ വേദനയാണ് .സ്വന്തം സ്വത്വത്തെ സ്വന്തമെന്ന് ഊട്ടിയുറപ്പിച്ച ഇടങ്ങളിൽ ഉപക്ഷിച്ച് പോകേണ്ടി വരുന്ന ഓരോ പെണ്ണും ഇത് ചേർത്ത് വെയ്ക്കും.
''അഗാധമായ
മടുപ്പിനെ
രാത്രിയിലേക്ക്
വിവർത്തനം ചെയ്യുന്നു
ഒരു പകൽ "
"ചിറകിൽ നിന്ന് കിളി
മഴയെയെന്ന വണ്ണം
എത്ര സുന്ദരമായാണ്
നീയെന്നെ
കുടഞ്ഞു കളയുന്നത് " എന്നീ വരികൾ നോക്കൂ . കവിയുടെ സൗന്ദര്യബോധത്തിൻ്റെ ആഴം ഈ വരികളിൽ വ്യക്തമാകുന്നു. ചില പൊള്ളിച്ചകളെ കവിതകൾ സുന്ദരമായ ഓർമയാക്കുന്നത് കവി പേറുന്ന അത്യഗാധമായ വിഷാദത്തിൻ്റെ ചെറുത്തുനിൽപ്പിലൂടെയാണ്. ഈ ചെറുത്ത് നിൽപ്പ് പരത്തുന്ന സൗന്ദര്യം കവിതയെ മനോഹരമായ അനുഭവമാക്കുന്നു.
മരിപ്പ് എന്ന കവിത നിത്യാനുഭവങ്ങളിൽ നാം മറന്നിട്ട് പോകുന്ന മനുഷ്യരെ ഓർമിപ്പിക്കുന്നു. വേദനിച്ച് വേദനിച്ച് നാം ഉപേക്ഷിക്കുന്ന ആ മനുഷ്യർ ഒരെക്കിൾ പോലെ അസ്വസ്ഥപ്പെടുത്തുമെന്നും ഓർമകൾ തലയ്ക്കു പിടിക്കുമെന്നും അതൊക്കെ ജീവിതമെന്ന ചേർത്തുവയ്ക്കലാണെന്നും നാം വിധിയെഴുതുന്നു. ആജീവനാന്ത വിലക്കല്ലേ ജീവിതം എന്ന് നാനിയുടെ ചായക്കട എന്ന കവിത ഓർമപ്പെടുത്തുന്നതും അതുകൊണ്ടാണ്.
സിന്ധു.കെ.വി എന്ന കവി കവിത കൊണ്ട് ജീവിതത്തെ പൊതിഞ്ഞു പിടിക്കുന്നു .നിത്യാനുഭവങ്ങളിൽ പോലും ഓടിക്കളിക്കുന്ന കവിതയെ അടയാളപ്പെടുത്തുമ്പോൾ കവിയറിയാതെ ഒരു ചരിത്രം കവിതയിൽ രൂപപ്പെടുന്നുണ്ട്. ആ ചരിത്രത്തിൽ കവി പകരം വെയ്ക്കാനില്ലാത്ത അക്ഷരങ്ങളെ ചേർത്ത് പിടിച്ച് കാലത്തെ വെല്ലുവിളിച്ച ഒരുവളായി നിറഞ്ഞ് നിൽക്കുമ്പോൾ ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്നു എന്ന വരി അർത്ഥവത്താകുന്നു .