മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം

പുസ്തക പരിചയം 
*********
മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം
( കവിതാ സമാഹാരം -  നിഷി ജോർജ്ജ് )
**********

      - എ. പത്മനാഭൻ

    *********************

പാപ്പാത്തി ബുക്സ് പ്രസിദ്ധീകരിച്ച മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം , 38 കവിതകളുടെ സമാഹാരമാണ്. . 

 എ. പത്മനാഭൻ  പുസ്തകം പരിചയപ്പെടുത്തുന്നു.     *******

''പൂജ്യം മാത്രമായി
അവശേഷിച്ച്
നിശ്ശേഷമായി ഹരിക്കപ്പെട്ടിട്ടുണ്ടോ?''
 ( ഭിന്നശേഷീസംഖ്യകളുടെ സ്റ്റാറ്റസ് / 
        നിഷി ജോർജ് )

അനന്തത ലക്ഷ്യമിട്ട് പൂജ്യം കൊണ്ടുള്ള ഹരണം ക്രിയാശീലമാക്കിയ ദർശനങ്ങൾക്കു മുന്നിലാണ്  ഈ ചോദ്യം.

അവൾ മലകയറുന്നുവെന്നത് 'ദൈവ'ത്തിനു പോലും അസഹ്യമായിക്കഴിഞ്ഞ
വിധിഭംഗങ്ങൾക്കെതിരെയാവണം ചോദ്യത്തിൻ്റെ മുന.
പക്ഷെ അതിനുത്തരമില്ല.
ഒരലർച്ചയാണ് പകരം:
 
'മൂന്നു വരകളെ
മുന കൂർപ്പിച്ച കുന്തങ്ങളാക്കി,
ആരാണ്, 
കൊല്ലവളെ '
 (മലകയറുന്നവൾ ).

രാഷ്ട്രീയപ്രശ്നത്തെ കവിതയിൽ കോർത്ത് ഉയർത്തിക്കാട്ടുന്നതിൽ മാതൃകയായി തോന്നിയ രചനയാണ് 'മല കയറുന്നവൾ'.
ഗണിതക്ഷേത്രത്തിനകത്ത് കവിതയെ പ്രതിഷ്ഠിച്ചുവെന്നതാണ് ഈ മാതൃകയുടെ യഥാർഥദർശനഭംഗി.
തുടക്കമിതാണ്:
'ത്രികോണം
ചിറകൊടിഞ്ഞൊരു പക്ഷിയാണ്.
താഴ് വരകളിൽ
തൂവൽ വിടർത്തി വിരിച്ച്
ആകാശത്തേക്ക് തലയുയർത്തി
നിൽക്കുന്നൊരു മലയാണ്.
സാഹസികരേയും ഭക്തരേയും
പ്രലോഭിപ്പിക്കുന്ന ഉയരമാണ് '.

ഈ കവിതയിലെ ഗണിതക്രിയകൾ ഭാഷയെ  മറികടക്കുന്നു. ഈയൊരു സൃഷ്ടി മാത്രമല്ല സമാഹാരത്തിലെ (മഴയുടെ WEB SITE സന്ദർശിക്കുന്ന ആകാശം) 38 കവിതകളും ഇത്തരത്തിൽ,അനേകം ഗണിതദത്തങ്ങളുടെ വികാരരൂപങ്ങളാണ്. കവിതയിലെ ഗണിതമുഴക്കങ്ങളുടെ ( കാംപനോളജി അഥവാ ആർട് ഓഫ് ബെൽ റിങ്ങിംഗ്) ആർഭാടമെന്നു ചിന്തിച്ചു പോകാം.. പക്ഷെ,നിശ്ചിത പാറ്റേണിൽ കൂട്ടമുഴക്കങ്ങളുയരുമ്പോൾ അനുഭൂതി മറ്റൊരു തലത്തിലേക്ക്
ഉയർത്തപ്പെടുന്നുണ്ടെന്നതാണ് യാഥാർഥ്യം.

നിക്കോനാർ പാർറ യ്ക്ക് ഗണിതം ഒരു കാവ്യോപാധിയായിരുന്നു.
വാക്കുകൾ കൊണ്ട് നക്ഷത്രങ്ങളിലേക്കുള്ള ദൂരവും സ്വാതന്ത്ര്യത്തിൻ്റെ ഗ്രാഫുകളും അക്കങ്ങളുടെ അധികാരവും  നിർധാരണം ചെയ്ത കവിയാണ് പാർറ.
വാക്കും ഭാവതീവ്രതയും സങ്കലനം ചെയ്ത് ഭാഷയിലേക്കുള്ള ഇരച്ചു കയറ്റമാണ് ഇവിടെ നിഷിയുടേത്. സ്വന്തം വിലാസത്തിലേക്കുള്ള കവിയുടെ സാഹസികയാത്ര തന്നെയാണത്.
'മേൽവിലാസമില്ലാത്ത കാറ്റിൻ്റെ വീടു കണ്ടുവോ' (കാറ്റിൻ്റെ വീട്ടിലേക്ക് ) എന്ന ചോദ്യം കവിയോട് എല്ലാ വഴികളും ചോദിക്കുന്നുണ്ട്.
'നിർത്ത്, ശ്വാസം മുട്ടുന്നു 'വെന്ന് കവി കെഞ്ചിപ്പോകാം.ഇത്തരം കയ്യാമങ്ങളുടെ പിടിമുറുക്കത്തിലും ഏതോ തരം സുരക്ഷിതത്വം  ശീലമായിരിക്കയാണ് :
'അനേക യാത്രകളെ / ഉള്ളടക്കം ചെയ്ത ശരീരം/മൂന്നു വരകൾക്കുള്ളിലെ ചരിത്ര ഭാരത്തിലേക്ക് / ഉൾക്കണ്ണു തുറക്കുന്നു '
ത്രികോണത്തിൻ്റെ മൂന്നു വരകൾക്കുള്ളിലാണ് ശരീരത്തിൻ്റെ പാരമ്പര്യം. വരാനിരിക്കുന്ന ശരീരങ്ങൾക്കു പാകപ്പെടുന്ന തടവറകളാണ് ഇനി കെട്ടിപ്പൊക്കേണ്ടത്. 

പ്രപഞ്ചം ഇനിയും പറയപ്പെടാനിരിക്കുന്ന ഒരു കഥയെന്നാണല്ലൊ ഉപനിഷത്ത് വചനം. ആ കഥ പൂർണമായും പകർത്തി കാട്ടുവാൻ കവിതയ്ക്കേ കഴിയൂ.കവിത പ്രകൃതിദത്തമായ ഒരവലംബത്തിലൂടെയാണ് അതിൻ്റെ ഘടന നിശ്ചയിക്കാറുള്ളത്. അവതരിക്കാനുള്ള  ഒരു ഉപാധി മാത്രമായാണ് കവിയെ ധരിക്കുന്നത്. 
പ്രപഞ്ചം ഗണിതത്തിൻ്റെ ഒരു വിശദീകരണമായതിനാൽ കവിത പിൻപറ്റേണ്ടത് ഭാഷാ വ്യാകരണങ്ങളല്ല,ഗണിത നിയമങ്ങളാണ്.
കണക്കുശാസ്ത്രം കവിതയിൽ പറയുകയെന്ന മാധവാചാര്യ - ഭാസ്കരാചാര്യർ രീതികളുമായി ഇപ്പറഞ്ഞതിനെ കൂട്ടിക്കെട്ടരുത്.
കാവ്യബിംബങ്ങളുടെ കാർടീഷ്യൻ സ്ഥാനങ്ങൾ നിർണയിക്കലും, അതിനപ്പുറം പ്രകൃതിയുടെ കാവ്യഭൂപടം വരച്ചിടലും ജ്യാമിതീയാശയങ്ങളെ കവിതയുമായി കൂട്ടിയോജിപ്പിച്ച് അജ്ഞാതരാശികളെ നിരീക്ഷിക്കലും അദൃശ്യങ്ങളുടെ ചിഹ്നം സ്വരൂപിക്കലുമൊക്കെ സംയോഗിക്കുന്ന മറ്റൊരു 
കാവ്യകലയാണിത്.
ജ്യാമിതീയപ്രശ്നങ്ങളെ ദർശനികമാനങ്ങളിലേക്കുയർത്താനായിരുന്നു  ദെക്കാർത്തീയൻ  പരീക്ഷണങ്ങൾ.
ജ്യാമിതീയ പ്രശ്നങ്ങളിൽ കവിതയുടെ കണ്ണി ചേർക്കലാണ്
ഇവിടെ  നിഷിയുടെ പരീക്ഷണങ്ങൾ.

മനുഷ്യബന്ധങ്ങളെ നിർധാരണം ചെയ്യുന്നതിലും കാണാം ഗണിതാപഗ്രഥനത്തിൻ്റെ പുതുമാതൃകകൾ .

'ഞാൻ നിന്നിലും / നീ എന്നിലും / എത്ര അവശേഷിക്കും?'( ചെസ് ,യന്ത്രം, മനുഷ്യൻ എന്നിങ്ങനെ) എന്നാരായുന്ന മനുഷ്യബന്ധത്തിൻ്റെ രണ്ടറ്റങ്ങളിൽ നിന്നുള്ള ശബ്ദം പല കവിതകളിൽ മുഴങ്ങുന്നു. ആ മുഴക്കത്തിൻ്റെ  സുപ്രധാനമായ  വിവർത്തനം 'പെണ്ണുങ്ങളുടെ കവിത ' യിൽ  കാണാം. ലിംഗാധികാരത്തിൻ്റെ കൊടി വലിച്ചു താഴ്ത്തി , പുരുഷനെന്നോ സ്ത്രീയെന്നോ 
ലിംഗരൂപമില്ലാത്ത ഒരു കാവ്യദേശത്തിൻ്റെ  കൊടിനാട്ടാൻ 
സ്ത്രീയെന്ന കവിതയെ കാത്തു നിൽക്കുകയാണ് ഇക്കവിത.
'കവിതയിലേക്ക് 
കവിയൊരുവൻ നടക്കുന്ന ദൂരമല്ല
കവിയൊരുവൾ നടക്കുന്നത് '
എന്ന വരികളിൽ സമയോചിതമായ സമരബോധം ആളുന്നു.

'ചിത്രത്തിൽ
അവൻ വലത്തും 
അവൾ ഇടത്തുമാണ്.
ചിത്രകാരൻ അടുത്തടുത്ത് വരച്ചിട്ടും
അവർക്കിടയിൽ
ഒരു കാടുവളരുന്നുണ്ട് ' (ലിംഗമാറ്റം)

ലിംഗഭാവം പരസ്പരം വച്ചുമാറാമെന്ന സാങ്കേതികത ഇന്ന്  ഇടപെടുന്നുണ്ട്.
സ്ത്രൈണത സ്ഥായീഭാവമല്ലല്ലൊ; ഉടൽമാനദണ്ഡത്തിലെടുത്താൽ പോലും. ഈ കവിത അങ്ങനെയൊരു പൊരുളിലേക്കു ലിങ്ക് ചെയ്യപ്പെടുന്നതായി കണ്ടേക്കാം.
കവിതകൾ ഏറിയ തലവും ചുറ്റിത്തിരിയുന്നത് 'അവൾ ' ക്കൊപ്പമാണെങ്കിലും
സ്ത്രീയുടലിൻ്റെ ശിഷ്ടങ്ങൾ തുന്നിച്ചേർത്ത  ഒരിണക്കുപ്പായമായി
'അവനേ 'യും പാകപ്പെടുത്തുന്നുണ്ട്.
' തുന്നിത്തീർക്കുമ്പോൾ
നിനയ്ക്കായ് തുന്നിയത്
എനിക്കും പാകമായിരിക്കും' (തുന്നൽ കുറിപ്പുകൾ ).
സ്ത്രൈണമെന്നത്  സ്ഥലകാലരഹിതമായ ബന്ധനമാണെന്ന് വിസ്തരിക്കാൻ 
വികാരപ്രപഞ്ചത്തിൻ്റെ ശരീരമെന്ന തടവറ വളരെ സൂക്ഷ്മമായി ഇതിൽ ചിത്രീകരിക്കുന്നു. ശരീരത്തിൻ്റെ ചുറ്റളവുകളിൽ
ചുഴലിക്കാറ്റൊളിപ്പിച്ച  കഥാപാത്രങ്ങൾക്കാണ് ഇവിടെ ചമയമൊരുക്കുന്നത്.
'കഴുത്തിൽ വലിയ വില കെട്ടിത്തൂക്കി
ഉചിതമായ ശരീരങ്ങളെത്തേടി
ഇറങ്ങിപ്പോകാറുണ്ട്
ഞാൻ തുന്നി വച്ച ചില കുപ്പായങ്ങൾ'
(തുന്നൽ കുറിപ്പുകൾ ).

'രക്തസാക്ഷിയുടെ ഭാര്യ'യെന്ന കവിത ഭാര്യയുടെ രക്തസാക്ഷിത്തത്തെ വരച്ചിടുന്ന സമാന്തര ഭിത്തിയാണ്.
ഏറ്റവും സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തകർ ഒരു കാലത്ത്  വിവരിക്കാറുണ്ടായിരുന്നു രക്ത സാക്ഷികളെ .പോരിൻ്റെ ചരിത്രം അതിതീവ്രമായ അടുപ്പത്തോടെ ചേർത്തു പിടിക്കാൻ മാത്രമല്ല, പ്രത്യയശാസ്ത്രത്തെ ചോര കൊണ്ടെഴുതുന്ന ജീവന്മരണകല അതിലുണ്ടുതാനും. വിപ്ലവചരിത്രം മുഴക്കുന്ന ഏറ്റവും നിശബ്ദ സാന്ദ്രമായ മുദ്രാവാക്യം 'രക്തസാക്ഷികൾ സിന്ദാബാദ് ' എന്നതല്ലെ..ഈ  മുദ്രാവാക്യമാണ് ഗൂഢാലോചനക്കാർ ഹൈജാക് ചെയ്തത്.അതോടെ രക്തസാക്ഷിത്വവും കുലംമാറ്റപ്പെട്ടു.... അധോലോകപകരം വീട്ടലുകളായി ഇന്ന്  കണക്കുബുക്ക്  പൂരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്തരം  രക്തസാക്ഷികളെ അമരന്മാരെന്നൊക്കെ വാഴ്ത്തുന്ന ഫലിതങ്ങൾ കാണുമ്പോൾ
ഈ വരികൾക്ക് പ്രസക്തിയേറുകയാണ് :
'ജീവിതത്തിലൂടെയല്ലാതെ
മരണത്തിലൂടെ മാത്രം
മഹത്വം നേടിയ ഒരുവൻ -
ഒരു രക്ത സാക്ഷി -
അണികളിൽ ആവേശമായി പടരും.
അവളിലോ വാതിലുകളില്ലാത്ത
ഒരു മുറിയായി അടയും ' 
( രക്തസാക്ഷിയുടെ ഭാര്യ) 

പൊതുവെ എല്ലാ കവിതകളിലും 
ആഢ്യഭാഷയെ തിരസ്കരിച്ചു കൊണ്ട് തോന്നുംപടിയെഴുതുകയാണ് കവി.
'എൻ്റെ നില ഇങ്ങനെയൊക്കെയാണ്.
വഴി തെറ്റാവുന്ന ഒരു ഗ്രഹമാണ് ഞാൻ.
എന്നെ ആശ്രയിച്ചാണ്
ഭൂമിയിൽ
നിങ്ങളുടെ ഗ്രഹനിലയെങ്കിൽ
കരുതിയിരുന്നോ ' (വികേന്ദ്രീകരണം).

കാവ്യപഥങ്ങളെപ്പറ്റി യാതൊരു മുന്നറിയിപ്പുമില്ലാതെ 
സുദൃഢമായ ഒരിടം തേടി
കവിത മുന്നേറിക്കൊണ്ടിരിക്കുന്നു.

മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം
പ്രകൃതിയുടെ പഴക്കമുള്ള ഇടിമുഴക്കങ്ങളറിയുന്നു. 
മഴപാരമ്പര്യത്തിൽ നിന്ന് ഭൂതക്കാറ്റുകൾ വീണ്ടെടുക്കുന്നു.പുതുമഴയുടെ വിത്തുകൾ വിതയ്ക്കുവാനായി ആകാശം പൂർണമായും ഇരുളിൽ നിൽക്കുന്നു.
'നെറ്റ് വർക്കുകൾ തകർന്നു്
ആകാശത്തിനും മഴയ്ക്കുമിടയിലെ
ബന്ധം മുറിയുന്നു'

ശേഷം വായിച്ചറിയുക.
********
എ. പത്മനാഭൻ:
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് താമസിക്കുന്നു. ഗണിതാധ്യാപകനായിരുന ഇദ്ദേഹം കൈരളി ബുക്സ്, അകം മാസിക ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക വിഭാഗം എന്നിവയിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ജെന്നിക്ക് സ്നേഹപൂർവ്വം മാർക്സ് (ജീവചരിത്രം) , കാവുമ്പായി കാർഷിക കലാപം ( ചരിത്രം) ,ശബരിമല - വിചാരണയും വിധിയെഴുത്തും (എഡിറ്റർ) ,ആകാശത്തിൻ്റെ കണ്ണാടി , ജൂൺ നക്ഷത്രം , വരച്ചു വച്ച വാതിൽ, സൂഫി മറഞ്ഞ നിലാവ് (കവിതാ സമാഹാരങ്ങൾ) , മധ്യാഹ്നത്തിൻ്റെ യാത്രാമൊഴി ( ഓർമ്മ ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*******

Comments

(Not more than 100 words.)