കവിതകൾ - അമൃത പി
***********
1.
ഉഷ്ണച്ചൊരുക്ക്
*******
ഉടൽ
ഉയിരഴിച്ചുവെയ്ക്കുന്നു.
തലയ്ക്കകങ്ങളിൽ
കാന്തങ്ങൾ
ധ്രുവങ്ങളന്വേഷിക്കുന്നു.
ഒരേ വലിപ്പമുള്ള
ത്രികോണങ്ങളിൽ
കറുത്തതിനെ രാത്രിയെന്നും
വെളുത്തതിനെ പകലെന്നും..
സർവസമതയിൽ
ചൂടിന്റെ ചതുരം..
എന്റെ വാട്ടർ ബോട്ടിലേ..
നട്ടുച്ചയ്ക്ക്
റോഡിലിരുന്ന്
നിന്റെ പ്രണയമത്രയും
ഞാൻ കുടിച്ചു തീർക്കും !
അവസാന പക്ഷിയും
കൂടൊഴിഞ്ഞു പോവുന്നു.
ജന്മങ്ങൾക്കെത്ര
ദേശാടനങ്ങളാണ് !
ഉടലിപ്പോൾ
വേനലിന്റെ ഒറ്റമുറി..
ഉച്ചപെയ്ത്തിൽ
മുറ്റത്തു നിന്റെ മണം..
2.
വാഴ്ത്ത്
*******
കടവുകാരാ..
നിന്റെ നഗ്നമായ
ചുമലിലെ
വിയർപ്പുതുള്ളിയിലേയ്ക്ക്
പുഴയുടെ ദാഹം
ചുഴികളുണ്ടാക്കുന്നു..
കടവത്ത്
കുത്തിനിർത്തുന്ന
തുഴച്ചിൽ പാട്ടിന്റെ
വായ്ത്താരിയിലേക്ക്
പുഴയുടെ പ്രേമം
പടവുകളിറങ്ങി വന്നു.
പകലിന്റെ
അടിവസ്ത്രങ്ങളുരിഞ്ഞ്
പുനർജന്മങ്ങളിലേയ്ക്ക്
കുളിച്ചുകേറുന്ന
ഓരോ 'വെളുപ്പി'നും
നിന്റെ തൊലികൾ
അഴിഞ്ഞുവീണുകൊണ്ടിരുന്നു..
നീയൊരു പാപിയെ പോലെ
വീണ്ടും വിയർത്തു..
വീണ്ടും കുളിച്ചു..
നിന്റെ അടരുകൾ
നേർത്തു നേർത്തു വന്നു.
വെട്ടം മാത്രം
അരിച്ചിറങ്ങുന്ന
ഒരു വിടവുപോലെ
നഗ്നനായി
നീ വിയർത്തുനിന്നു..
സൂചിയിൽ
നൂലുകോർക്കുന്ന പോലെ
ഒരു നദി
ആ വിടവിലൂടെ
ചുറ്റിപിണർന്ന്
ദൂരേയ്ക്കുനോക്കുന്നു..
ചുരമിറങ്ങി
ക്ഷീണിച്ചുമെലിഞ്ഞ
നൂൽപുഴകളിൽ
നിന്റെ പ്രേമത്തിന്റെ
ഉപ്പുവീണു ചീർത്തു.
കണ്ണുകലക്കിയ
പൂരിതലായനിയിൽ
തുലനത വീണ്ടെടുത്തു..
ഗുപ്‌തകാമം പെയ്തൊടുക്കം
മോക്ഷം പ്രാപിച്ചു..
**********
അമൃത പി :
കവി, മാധ്യമ പഠന വിദ്യാർത്ഥി, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല
**********