കവിതകൾ - രമ്യ മഠത്തിൽത്തൊടി

കവിതകൾ - രമ്യ മഠത്തിൽത്തൊടി 
**************
1.
പൊള്ളൽ
****
നിന്നോർമ്മയാലെന്റെ ഹൃത്തടംമൂടവേ 
എന്നുള്ളം പൊള്ളി തപിച്ചിടുന്നു .
വല്ലാതെയുള്ളൊരാ പൊള്ളലിലാണല്ലോ
എൻ്റെയി ജീവനും ജീവിതവും.

2.                         
ചേർന്നിരിക്കുമ്പോൾ
********
ഇനിയെന്നു നാമിവിടെ ചേർന്നിരിക്കും?
കൈകൾ കോർത്തിങ്ങനെ കാറ്റുകൊള്ളും?
കനവുകൾകൊണ്ടുള്ള മാലചാർത്തി,
കൺചൂണ്ടകൊണ്ടീ ഉടലുകോർക്കും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
നോവുപകുത്തെന്നുകരളിൽച്ചേർക്കും
പ്രണയപാഥേയം തമ്മിലൂട്ടി,
ഉപ്പും കൈപ്പും മധുരമാക്കും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
പരിഭവപരിമളം  കുടഞ്ഞുതീർക്കും?
വാക്കുകൾക്കിങ്ങനെ മൂർച്ചകൂട്ടി,
നോട്ടത്താലിങ്ങനെ കല്ലെറിയും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
നേഞ്ചോടുചേർത്തീ കുളിരകറ്റും?
പാതവിളക്കിൻ്റെ കണ്ണുകെട്ടിയീ,
പാതിരാവിങ്ങനെ നിദ്രപൂകും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
നിലാവൊളികീറിപ്പുതച്ചുടുത്ത്,
ചുണ്ടുകളൊന്നായിച്ചേർന്നൊഴുകും?
ചുംബനച്ചുഴികളിൽ മുങ്ങിനിവരും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
ഉടലുയിരൊന്നായ് കടലിലാഴും
മുത്തും പവിഴവും നിറച്ചുകോരി
കടവറിയാതെ പിറന്നുവീഴും?

ഇനിയെന്നുനാമിവിടെ ചേർന്നിരിക്കും?
നാണംമണക്കുന്ന കവിതയായി,
കൊക്കുകളൊന്നൂടെ ചേർത്തുരുമ്മി,
ചിറകുവിടർത്തിപ്പറന്നുനീങ്ങും?

ഇനിയെന്നുനാമിവിടെ
ചേർന്നിരുന്നാലും
ചേരുന്നനേരങ്ങൾ ചേലാർന്നതാക്കിടാം. 
ചെറുതായുള്ളൊരീ ജീവിതത്തിൽ ചെയ്തിടാനെപ്പോളുമിത്രമാത്രം.

ചോരാതെയെന്നും പരന്നൊഴുകട്ടേ 
ആ ഓർമ്മതൻഗന്ധം ഹൃത്തിലൂടെ.
ഓർമ്മയിലല്ലിയീ ജീവിതമെങ്കിലും
ജീവിതമെപ്പോളും ഓർമ്മതന്നെ.

**********
രമ്യ മഠത്തിൽത്തൊടി :
ആനുകാലികങ്ങളും സോഷ്യൽമീഡിയകളിലും എഴുതുന്നു
**********

Comments

(Not more than 100 words.)