കവിത - സംഗീത ചേനംപുല്ലി

കവിത - സംഗീത ചേനംപുല്ലി
********

പലായനത്തിന്റെ അടരുകളിൽ നമ്മൾ
*************
നീ മറ്റൊരു വൻകര
കടലിലൂടെ നിന്നിലേക്ക്
പണിത പാലങ്ങളെല്ലാം
ഭ്രാന്തൻതിരകൾ
അമ്പേ തകർത്തുകളഞ്ഞു
ഇപ്പോൾ ഞാൻ പോർവിമാനങ്ങളിൽ
നിനക്ക് സന്ദേശമെയ്യുന്നു
നിന്റെ പിളരുന്ന മാറിടത്തിന്റെ ചൂട്
അകലെയിരുന്ന് ഏറ്റുവാങ്ങുന്നു
ചൂടേറ്റ് എന്റെ കാട്ടുകടന്നലുകൾ 

കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നു
വീട് നഷ്ടപ്പെട്ട നിന്റെ മക്കൾ
പായ്ക്കപ്പലുകളിൽ കൂട് തേടുന്നു

ഔചിത്യം മറന്ന തിരകൾ
പിന്നെയും എല്ലാം കടലിലെറിയുന്നു
അകലങ്ങളിൽ ഞാൻ
നിന്നെ മാത്രമോർക്കുന്നു
വരുമായിരിക്കും
കല്ലുകൊണ്ട് 

നിനക്കും എനിക്കുമിടയിൽ പാലമിടാൻ
വീണ്ടുമൊരു ധീരൻ

**********
ഡോ. സംഗീത ചേനംപുല്ലി 
ഒറ്റപ്പാലം താലൂക്കില്‍ മുണ്ടനാട്ടുകരയില്‍ ജനിച്ചു. ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എന്‍. ഐ. ടിയില്‍ നിന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി(2017). കോഴിക്കോട് ഗവണ്മെന്‍റ് ആര്‍ട്സ് ആന്റ് സയന്‍സ്  കോളേജില്‍  രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍., ശാസ്ത്രസാഹിത്യപരിഷത്ത് ഓണ്‍ലൈന്‍ മാസിക ലൂക്ക, ജനാവിഷ്കാര ഓണ്‍ ലൈന്‍ പോര്‍ട്ടല്‍, അക്ഷരം ഓണ്‍ലൈന്‍ എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതി അംഗമായിരുന്നു. ആനുകാലികങ്ങളില്‍ ശാസ്ത്ര, സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. 2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്കാരം , 2016 ലെ പായല്‍ബുക്സ് കവിതാ പുരസ്‌കാരം ,2019 ലെ ദേവകീ വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാരം, 2020 ലെ ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്.പ്രകാശവും രസതന്ത്രവും 2018 ല്‍ മലപ്പുറം ജില്ലാ വനിതാ വായനാമത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
*********

Comments

(Not more than 100 words.)