കവിതകൾ - ആശാലത

കവിതകൾ - ആശാലത

കവിതകൾ - ആശാലത 
********

1.
ബുദ്ധനും ഞാനും നരിയും
*********
ബുദ്ധാ, ഈ നരിയെ എനിക്കിഷ്ടമാണ്
ഇഷ്ടമായതുകൊണ്ട്
അതിനെ എന്റെ മടിയിൽ കിടത്തിയിരിക്കുന്നു
-അതിനെ പ്രേമമെന്നാണോ വിളിക്കേണ്ടത്?

സ്വർണ്ണവും കറുപ്പുമിടകലർന്ന അതിന്റെ ഉടൽ
എനിക്കിഷ്ടമുള്ളതുകൊണ്ട്
അത് എന്റെമേൽ ഉടലുരുമ്മിക്കിടക്കുന്ന
ഇരുട്ടിൽ അവന്റെ കണ്ണുകൾ മിന്നുന്നു

- ബുദ്ധാ, ഞാനതിനെ പ്രണയമെന്നാണോ
വിളിക്കേണ്ടത്?

അവന്റെ മേത്ത് മേഞ്ഞു നടക്കുന്ന 
ചെള്ളുകൾ , ചെറു പ്രാണികൾ
ഞാൻ പെറുക്കിക്കളയുന്നു
അവന്റെ ജട കെട്ടിയ പട്ടുമുടി ഞാൻ
കോതിയൊതുക്കുന്നു.
അവന്റെമേൽ കടിച്ചുതൂങ്ങിയ കടിയനുറുമ്പുകളെ പെറുക്കിക്കളയുന്നു

- എനിക്കൊന്നു പറഞ്ഞു താ ,
ഇതാണോ കവികൾ പറയുന്ന പ്രേമം?

ബുദ്ധാ.
അവനും ഞാൻ പറയുന്നതനുസരിക്കുന്നുണ്ട്
അവനിപ്പോൾ
പച്ചയിറച്ചി തിന്നാറില്ലല്ലോ
മാനിനെയോ മുയൽക്കുഞ്ഞിനെയോ പോലും
ചാടിവീണ് കൊല്ലാറില്ല
കാച്ചിയ മോരൊഴിച്ച് ഒപ്പി വടിച്ച്
ഞാനുരുട്ടിക്കൊടുക്കുന്ന ഉരുളയും ഓലനും കഴിച്ച്
അഹിംസാവാദിയായി പതുങ്ങിക്കിടക്കുന്നത് കണ്ടില്ലേ?

- അവന് എന്നോടും പ്രേമം തുടങ്ങിയോ?

പരമാവധി പച്ചക്കറിയേ കഴിക്കു എന്ന്
ഇത്തിരി മുമ്പ് പ്രതിജ്ഞ ചെയ്തിരുന്നു

വല്ലപ്പോഴും - വല്ലപ്പോഴും മാത്രം
അതും വല്ലാതെ കൊതി തോന്നിയാൽ മാത്രം
വറുത്തമത്സ്യമോ എരിവുകുറഞ്ഞ കോഴിക്കറിയോ
കഴിച്ചോട്ടെ എന്നു ചോദിച്ചിരുന്നു
(പ്രാണൻ പോയാലും ബീഫോ പോർക്കാ
തൊടില്ല എന്നും)

ഇണങ്ങിയ നരിപ്പൂച്ചയെപ്പോലെ
അവൻ കിടക്കുന്നതു കണ്ടോ?
എന്റെ മേത്തു കൊണ്ടു മുറിയാതിരിക്കാനാവണം
ഈ കിടപ്പിൽ അവൻ  നഖം ചുരുട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടോ?
ചോര കുടിച്ചിട്ടില്ല
നിലാവു തേച്ചു ഞാൻ ചുരുട്ടിയെടുത്ത
ഈ നൂറ്റൊന്നു വെറ്റില മുറുക്കി
അവന്റെ ചോരിവായ് ചുവന്നിരിക്കുന്നത് കണ്ടില്ലേ?

- സത്യമായിട്ടും ഇതിനെ പ്രണയം എന്നുതന്നെ
വിളിക്കാൻ പോകുന്നു
സത്യമായിട്ടും ഈ നരിയെ
ഞാൻ മോഹിച്ചു പോകുന്നു
(എന്നുവെച്ച് എന്നെ
മൃഗഭോഗിനി എന്ന് വിളിക്കല്ലേ)

അതുകൊണ്ട്
ഞാൻ അവന്റെ പല്ലിന്റെ മൂർച്ച എടുത്തുകളയട്ടെ
അവനുറങ്ങിക്കിടക്കുമ്പോൾ
അവന്റെ അരുമയായ കൈകൾ കൈകളിലെടുത്ത്
ഞാനീ നഖംവെട്ടി കൊണ്ട്
അവന്റെ നഖം മുറിക്കട്ടെ
അവന്റെ അലർച്ചകൾ ഞാൻ മായ്ച്ചുകളയട്ടെ
അവന്റെ ആകാശക്കുതിപ്പുകൾ ഞാൻ
തൂത്തു കളയട്ടെ
അവന്റെ ഇടിമിന്നൽ നോട്ടങ്ങൾ
കെടുത്തിക്കളയട്ടെ

രാത്രി ഒറ്റത്തിരി കത്തിച്ചിരുന്ന്
രാത്രി മുടിയഴിച്ചിട്ടിരുന്ന്
രാത്രി ഉടുപുടവയഴിച്ചു കളഞ്ഞ്
രാത്രി ചന്ദ്രനെക്കെടുത്തിക്കളഞ്ഞ്
രാത്രി നക്ഷത്രങ്ങൾ പെറുക്കിക്കളഞ്ഞ്
രാത്രി ആകാശത്തിന്റെ വേര് മാന്തിയെടുത്ത്
പൊടിച്ചെടുത്ത്
രാത്രി ചുകന്നകളങ്ങൾ വരച്ചിട്ട്
ഒറ്റക്കിരുന്ന്
കളത്തിലും പുറത്തു വിരുന്ന്
ഞാൻ മന്ത്രവാദം നടത്തും

- ബുദ്ധാ, ബുദ്ധാ, ഈ നരിയെ
എനിക്ക് വീട്ടു പൂച്ചയാക്കിത്താ
ഈ നരിയെ എനിക്കെന്റെ
വളർത്തു പൂച്ചയാക്കിത്താ

എനിക്കീ നരിയെ അത്രക്കിഷ്ടമാണ്

- പ്രേമമെന്നുതന്നെ പറയാം അല്ലേ?
പ്രണയമെന്നുതന്നെ വിളിച്ചോട്ടെ?

* ഇടശ്ശേരിയുടെ ചില കവിതകളുമായി ബന്ധം തോന്നുന്നത് തികച്ചും യാദൃശ്ചികമല്ല

2.
വകുപ്പ്
****
എലികളെ തുരത്താമെന്നു പറഞ്ഞാണ് 
ആദ്യം ഞാൻ നിന്റെ മാളത്തിൽ വന്നത്.

ഈ കുഴലൂതിയാൽ ഒറ്റൊന്നില്ലാതെ എന്റെ പിന്നാലെ വരും എന്ന്
 ചത്ത ഒരെലിയെ  പൊക്കണത്തിൽ നിന്ന് നിലത്തേക്കിട്ടിട്ട്
ഞാൻ കുഴലെടുത്തു.
വേണ്ടെന്നു നീ വിലക്കി.
എലി നടപ്പുദീനം പരത്തും,
ഞാൻ ഒന്നൂടെ പറഞ്ഞു നോക്കി.

ചുമരിലെ ഓട്ടകൾക്കും
 പഴേ പത്രങ്ങൾക്കും സിഗരറ്റ് കുറ്റിക്കും എടേലെങ്ങാണ്ടോ
നിന്റെ രഹസ്യത്തിന്റെ എലിമണം 
ഞാൻ മണത്തു.

എലി ഭഗവാന്റെ കേയെസ്സാർടീസീ സർവ്വീസാണെന്ന്,
ഇല്ലം ചുട്ടാലും ഒറ്റ എലിയെപ്പോലും തുരത്തില്ലെന്ന്,
നീ എന്നെ പുറത്താക്കി വാതിലടച്ചു.

പിന്നെ ഞാൻ 
പാമ്പു പിടുത്തക്കാരിയായി
വേഷം മാറി വന്നു.
വീട്ടിന്റകത്ത് അളകളാണ് ,
അളകൾ നിറയെ വിഷപ്പാമ്പാണ് ,
രാത്രിയെങ്ങാൻ പാമ്പു കൊത്തിയാൽ 
വെഷഹാരിയെ കിട്ടാതെ തട്ടിപ്പോകും -
ഞാൻ നിന്നെ ഉദ്ബോധിപ്പിച്ചു.
എല്ലാറ്റിനേം സർപ്പസത്രം നടത്തി
ചുട്ടു കൊല്ലാമെന്ന് പറഞ്ഞ്
ഞാൻ മകുടിയെടുത്തൂതി.
കൂടേന്ന് സൂത്രത്തിൽ പുറത്തു ചാടിച്ച മഞ്ഞച്ചേര
എന്റെ ഊത്തിനൊപ്പിച്ച് 
പത്തി വിതിർത്താടി. 

പാമ്പ് ഭഗവാന്റെ കാൽത്തളയല്ലേ?
കഴുത്തിലെ നാഗപടമല്ലേ?
ഇവിടിരുന്നോട്ടെ , ഒരൈശ്വര്യമല്ലേന്ന് 
നീ എന്നെ  
അകത്തു കേറാൻ വിടാതെ
ചവിട്ടിപ്പുറത്താക്കി.

 കൊതുമ്പും വിറകും 
കൂട്ടിയിട്ടതിന്റെ എടേക്കൂടെ
രഹസ്യം എഴഞ്ഞു പോകുമ്പഴത്തെ ശ്ശൂ ഒച്ച ഞാൻ പിടിച്ചെടുത്തു.

പിന്നെ ഞാൻ 
പട്ടിപിടുത്തക്കാരിയായി വന്നു.
പറമ്പിൽ ഒറ്റക്കും തെറ്റക്കും പട്ടികളാ.
പേപ്പട്ടികളെറങ്ങീട്ടുണ്ട്.
തിരിച്ചറിയാമ്മേല. 
അതുകൊണ്ട് എല്ലാറ്റിനേം
കൊന്നു കുഴിച്ചിട്ടു തരാം.

നീ പൊറത്തേക്കു വന്നു പോലുമില്ല.
എന്റെ വായ്ത്താരി കേട്ട്
കൂട്ടിൽ ചങ്ങലയിൽ കിടന്ന നിന്റെ പട്ടി
തൊടലു പൊട്ടിക്കാൻ പാകത്തിന്
എന്റെ നേരേ കൊരച്ചു ചാടി. 
പോടാ നായിന്റ മോനേ
നിൻ്റെയൊരു വർഗ്ഗസ്നേഹം എന്ന് 
തെറി പറഞ്ഞോണ്ട്
ഞാൻ പടികടന്നോടി.

അന്നേരം പട്ടിക്കൂട്ടിന്റടീൽ നിന്റെ രഹസ്യം പമ്മുന്നത്
ഞാൻ ജ്ഞാനദൃഷ്ടികൊണ്ടറിഞ്ഞു.

 മുമ്പത്തേന്റെ മുമ്പത്തെത്തവണ
ആത്മാക്കളെ പിടിക്കാനാണു വന്നത്.
വന്നപാടെ
 രണ്ട് മന്ത്രം ചൊല്ലി വ്യാഖ്യാനിച്ചു. 
കട്ട്ളപ്പടീലും മച്ചിന്റെ മോളിലും
പുസ്തകമടുക്കിവെച്ച അലമാരീലും
ദുരാത്മാക്കളാണെന്നു പറഞ്ഞു.
സന്ധ്യാനേരത്ത് മിറ്റത്ത് ബ്രഹ്മരക്ഷസ്സിൻ്റെ കവാത്തുണ്ട്. 
പൂത്ത പാല നിറയെ യക്ഷികൾ
മുണ്ടും തുണീമില്ലാതെ 
കാലും തൂക്കിയിരിപ്പുണ്ട്

അയ്ന്? എന്ന് നീ പുച്ഛിച്ചു.
പേരിനൊരു ക്രിയ മതി,
ചെറിയൊരാവാഹനം.
എല്ലാത്തിനേം കാഞ്ഞെരക്കുറ്റീത്തളയ്ക്കാം.

അതും നീ കേട്ടില്ല.
എന്തോ ഒരു മുട്ടായുക്തി പറഞ്ഞന്നെ  എറക്കിവിട്ടു.
എന്താന്നിപ്പം ഓർക്കുന്നില്ല.
അലമാരീടെ മോളിൽ
എട്ടുകാലി വല കെട്ടിയതിന്റകത്ത്
തൊട്ടിലിൽ കെടക്കുന്ന പോലെ കെടപ്പുണ്ട് 
നിന്റെ രഹസ്യം എന്ന് ഞാൻ 
മനസ്സിൽ കവിടി നെരത്തിയറിഞ്ഞു.

പിന്നത്തെ തവണ നിന്നോട് പ്രേമം നടിച്ചാണ് വന്നത്.
വേണേ കെട്ടിക്കോ, എനിക്ക് വിരോധമില്ലാന്നും പറഞ്ഞു .  കടുംപായസത്തിൽ. കൈവെഷം വെച്ച് 
നിനക്കു നീട്ടി.
നീട്ടുമ്പം മാറത്തിട്ട തുണിത്തുണ്ട് തന്ത്രപൂർവ്വം നീക്കിയിട്ടു.
നീയെന്നെ  ചെറഞ്ഞു നോക്കി.
പായസത്തിന്റെ നേരേ നോക്കി പോലുമില്ല.
നിത്യബ്രഹ്മചാരിയാണെന്നു  പറഞ്ഞു.
നിന്നെ തൊട്ടാൽ
തൊട്ട പെണ്ണുങ്ങള് 
ഭസ്മമാവുംന്നു പറഞ്ഞു.
നിന്റെ രഹസ്യം ഉടുമുണ്ടിന്റകത്ത് 
തളർന്നു കൂമ്പിക്കെടക്കണത്
ഞാനുൾക്കണ്ണാൽ കണ്ടു.

ഞാൻ പിന്നേം പോവാണ്ടു നിന്നപ്പം
നീ തോക്കെടുത്തു.
ലൈസൻസുള്ള തോക്കാണോയെന്തോന്ന് 
ഞാൻ പടി ചാടിക്കടന്നു പാഞ്ഞു.

ഓടിയ ഓട്ടത്തിൽ കല്ലേത്തട്ടി വീണപ്പഴാ
നല്ല ബുദ്ധി തെളിഞ്ഞത്.

നിനക്ക് രഹസ്യ സ്വഭാവമുണ്ടെന്നും
എന്തു ഭാവിച്ചാണെന്നാർക്കും അറിയില്ലെന്നും
വിഘടനവാദിയാണെന്നും
യക്ഷികളെ തീറ്റിപ്പോറ്റി
നക്ഷത്ര വേശ്യാലയം നടത്തലാണ് പണിയെന്നും
കഞ്ചാവിൻ്റെ കച്ചോടമുണ്ടെന്നും
പോരെങ്കിൽ
നിൻ്റെ കയ്യിൽ തോക്കുണ്ടെന്നും
ചത്തവരും ജീവിച്ചിരിക്കുന്നവരുമായിട്ട്
ഒരുപാടു പേര് ആയുധങ്ങളും കൊണ്ട്
നിൻ്റെ മിറ്റത്തും പറമ്പിലും ഒളിച്ചിരിപ്പുണ്ടെന്നും
തോക്കിൻ കുഴലിലൂടെ നീ
സർക്കാരിനെ അട്ടിമറിക്കുമെന്നും
എതിരു നിൽക്കുന്നവരെ 
പട്ടിയെ വിട്ട് കടിപ്പിക്കുമെന്നും
പാമ്പിനെക്കൊണ്ട് കൊത്തിക്കുമെന്നും
എലിയെ വിട്ട് 
നാട്ടിൽ നടപ്പുദീനം പരത്തുമെന്നുമെല്ലാം
സർക്കാരിനെഴുതിയയച്ചു.

സർക്കാരിനാധികേറിക്കാണും.
പെട്ടെന്നു മറുപടി വന്നു.

സർക്കാരു പറഞ്ഞിട്ടാ
ഇപ്പം ഞാൻ വന്നത്.
തളക്കാൻ -
നിന്നെയേ.
നിന്റെ കാഞ്ഞെരക്കുറ്റി റെഡിയായിരിപ്പുണ്ട്.

സമ്മതമോ?
നിന്റെയോ?
ആർക്കു വേണം നിന്റെ സമ്മന്തം ?
ദേ കണ്ടോ,
സർക്കാരിന്റെ ഉത്തരവാ.
മേലാവീന്നൊപ്പിട്ടിട്ടുണ്ട്.
മുദ്രേം പതിച്ചിട്ടുണ്ട്.
തൽക്കാലം ജീപ്പീക്കേറ് .
വകുപ്പൊക്കെ അവടെച്ചെന്ന് പറയാം.

എന്നിട്ടു വേണം 
നിൻ്റെ മറ്റടത്തെ രഹസ്യം 
എനിക്കു മാന്തിയെടുക്കാൻ

( സമർപ്പണം മഹാമാന്ത്രികൻ പുല്ലുവഴി മാളിയേക്കൽ നാരായണപിള്ളക്ക് )
**********

Comments

(Not more than 100 words.)