കവിത - പി എൽ ലതിക

കവിത - പി എൽ ലതിക
**********

ഒഴിഞ്ഞ ഇടങ്ങൾ 
*********
ഓരോ മേച്ചിൽക്കൂട്ടത്തിലും 
ഒഴിഞ്ഞ ഒരിടമുണ്ട് 
കൂട്ടം തെറ്റിപ്പോയ കുഞ്ഞാട് നിന്നയിടം ,
ദേശം വിട്ടു ദേശത്തേക്ക് 
മേയുമ്പോഴും 
വേനൽത്തണലിൽ 
ഉച്ച മയങ്ങുമ്പോഴും 
കണ്ണുകൾ പരതിക്കൊണ്ടേയിരിക്കും 
ഉള്ളിൽ കറുകനാമ്പുകൾ പിടയ്ക്കും 
അവിടേയ്ക്കാവും കുഞ്ഞേ 
നിന്നെ ഞാൻ ക്ഷണിക്കുക 
പിറക്കാത്ത നിന്റെ വിളികൾക്ക് 
മറുവാക്കുരുവിട്ടുകൊണ്ടു 
ആകസ്മികതയുടെ 
ഛായാപടം  കയ്യിലേന്തി 
സ്വപ്നത്തിൽ മാത്രം കണ്ടിട്ടുള്ള 
തെരുവുകളിലൂടെ 
വെറുതേ  തിരഞ്ഞു നടക്കുക 
ചിതൽ അരികു തിന്ന 
കതകുകളിലൊന്നിന് പിറകിൽ നിന്ന് 
എന്നിലേക്ക്‌ തുറന്നേക്കാവുന്ന 
ഒരു മുഖവുമായി 
ഒത്തു നോക്കുക 
അല്ലെങ്കിലെന്തിനാവാം 
ഒന്നുമോർക്കാതെ പുറപ്പെട്ട 
ഒഴിവുകാല യാത്രയിൽ 
ഇടയിലെവിടെയോ നിന്ന് 
നീ എന്റെ വഴിയിലേക്ക് 
കയറി വന്നത് 
കുന്നോടിക്കയറുന്ന 
ഒറ്റയടിപ്പാതകളിൽ 
കിഴുക്കാം തൂക്കായ
കാഴ്ച ബിന്ദുക്കളിൽ 
എന്റെ നേർക്ക് നിന്റെ 
കുഞ്ഞു കൈവിരലുകൾ നീട്ടിയത്
ഈ ആഴ്ചയും നീ വരികയില്ലെന്നോ 
ഇനിയത്തെ ആഴ്ചയും 
പിന്നത്തെ ആഴ്ചയും 
അതിനു പിന്നാലെ വരിവരിയായ് 
നടന്നു മറയുന്ന അനേകമാഴ്ചകളിലും 
നീ വരികില്ലെങ്കിലെന്ത്?
കൂടിക്കാഴ്ചകൾ 
അനിവാര്യമാവുന്നത്
പ്രണയത്തിൽമാത്രം 
കാണലുകൾക്കിടയിൽ 
കാണിക്കലുകളും കാണപ്പെടലുകളും 
കൗശലപൂർവ്വം ഒളിപ്പിച്ചു 
വെച്ചിരിക്കുന്നിടത്ത് 
അതുകൊണ്ടാണ് കാമുകി  
നക്ഷത്രത്തിൽ വിരൽ ചാലിച്ചു
 പൊട്ടു കുത്തുന്നത് 
കാമുകൻ കുസൃതിമണികൾ 
പെറുക്കിക്കൂട്ടി 
കരുതി വെയ്ക്കുന്നത് 
പ്രണയത്തിനുമപ്പുറം 
സ്നേഹത്തിന്റെ മഹായാനത്തിൽ
ശരീരവും ശബ്ദവും  
ഉപേക്ഷിച്ചായിരിക്കും 
ഞാൻ ചരിക്കുക 
ഒരിക്കൽ കൂടി ഇറങ്ങാൻ 
കഴിയാത്ത പുഴയിൽ 
ഓർമ്മകളുടെ 
കളിവള്ളമിറക്കുക 
അവിടെ കാണപ്പെടലുകൾക്ക് 
പ്രസക്തിയില്ല 
ഉൾക്കണ്ണുകൊണ്ട് 
കാണാനാവാത്തതൊന്നുമില്ല . 

*********
പി എൽ ലതിക:

സ്വദേശം പാലക്കാട്. കാനറാ ബാങ്കിൽ ജോലി ചെയ്തു.  ഇപ്പോൾ മലയാളനാട് ഓൺലൈൻ ജേർണലിൽ എഡിറ്റർ
*********

Comments

(Not more than 100 words.)