കവിത - മേരി റീമ
*******
ജീവിതത്തിനും മരണത്തിനുമിടയിൽ
***********
കരയിൽ നിന്ന്
കപ്പിയിട്ട്
അല്പാല്പം
ആവശ്യാനുസരണം
എത്രകാലം വേണമെങ്കിലും
കോരിയെടുക്കാമായിരുന്നെങ്കിലും
ആഴം കാണാൻ
കിണറിന്റെ പടവുകളിലൂടെ ഇറങ്ങിയിറങ്ങിപ്പോകവെ
പ്രാണവായു കിട്ടാതെ
മരിച്ചുപോവുകയായിരുന്നു
സൗഹൃദം.
നദിയിലിറങ്ങി
രസിച്ച്
പതിയെപ്പതിയെ നേരമ്പോക്കിന്
നീന്തിത്തുടിക്കാമായിരുന്നെങ്കിലും
സാഹസികമായി
മുന്നോട്ട് പോയി
നിലതെറ്റി
കയത്തിലേക്ക്
പെട്ടുപോയി
മരിച്ചുപോവുകയായിരുന്നു പ്രണയം.
കരയിൽനിന്ന്
ദൂരക്കാഴ്ചയിലൂടെ
ആവോളം
എത്രനേരം വേണമെങ്കിലും
ആസ്വദിക്കാമായിരുന്നെങ്കിലും
പരപ്പു കാണാൻ
കടലിന്റെ തിരകളിലൂടെ
നടന്നു മുന്നോട്ട്പോകവെ
നീന്താനാവാതെ
മരിച്ചുപോവുകയായിരുന്നു ദാമ്പത്യം.
***********