കവിത - മുതുകുളം പാർവ്വതി അമ്മ
*********
പൂക്കാരി
*****
കൊഴിയാത്ത പൂവുണ്ടോ വാടിക്കോഴിയാത്തോ-
രഴിവറ്റ പൂവുണ്ടോ പൂവനത്തിൽ?
വഴിയേറെപ്പിന്നിട്ടു ചുറ്റിത്തിരിഞ്ഞു ഞാൻ
കൊഴിയാത്ത പൂ തേടി വന്നിവിടെ
പല വർണ്ണ മേലും മുകിലുകളാം മഞ്ജു
ദലനിര ചിന്നി വിടർന്നു പൊങ്ങും
പുലരിപ്പുതു പുഷ്പം കണ്ടു കൊഴിയാത്ത
മലരാണെന്നാദ്യം ഞാനോർത്തു പോയി.
ഞൊടിയിടയ്ക്കുള്ളിൽ തുടുതുടെ മിന്നിയ
വടിവേറുമാനവ്യരമ്യ സൂനം
അടിമുടി വാടിയ പൂർവ്വാംബരത്തിൻ്റെ മടിയിൽ തളർന്ന് കൊഴിഞ്ഞു വീണു
കനകാഭചൂഴവും വീശി വികസിച്ച
ദിനകരസൂനവുമന്തി നേരം
ഘന ശോഭ കൈവിട്ടു കാലാംബുരാശിയിൽ
തനിയേയടർന്നു കൊഴിഞ്ഞടിഞ്ഞു.
വെളുവെളെ വെള്ളിക്കതിരുകൾ നീട്ടിയ
ലളിതകലേശ നറുമലരും
തെളിയും പൊൽത്താരകാലോലസുമങ്ങളു-
മൊളി മങ്ങി ഞെട്ടറ്റു വാടി വീണു .
ദിനപുഷ്പജാലങ്ങളാത്മപ്രകാശവും
മണവും വെടിഞ്ഞു കൊഴിഞ്ഞു നീളെ
ഇനിയെങ്ങു പോകും ഞാൻ വാടിക്കൊഴിയാത്തോ-
രനഘ പ്രസൂനം സമാർജ്ജിക്കുവാൻ
വിരിയുമീ വിസ്തൃത വിശ്വമലർക്കാവി-
ലൊരുകുറി ചുറ്റിക്കറങ്ങി വീണ്ടും
തിരിയെ വന്നെത്തിഞാ , നെന്നാൽ കൊഴിയാത്ത
നറുമലർ കാണുന്നീലൊന്നു പോലും
അവികല ജ്യോതിസ്സിനുള്ളിലുയരെയായ്
കവിയും സുഷമ വഴിഞ്ഞൊഴുകും
ഭുവന പ്രദീപമാം വാടാമലരൊന്നു
നവ മായ് മണം വീശി മിന്നുന്നെന്നും .
മിഴികളഞ്ചിക്കുമാ പൊൽപ്രസൂനത്തിൻ്റെ -
യഴകിലീലോകം വിളങ്ങുന്നെന്നും
വഴിപോക്കർ ചൊല്ലിയറിഞ്ഞു ഞാനങ്ങോട്ടു
കൊഴിയാത്ത പൂ തേടിപ്പോകുന്നിതാ.
കൊഴിയാത്ത പൂവുണ്ടോ വാടിക്കൊഴിയാത്തോ-
രഴിവറ്റപൂവുണ്ടോ പൂവനത്തിൽ ?
അഴകിൻ്റെ വാടാത്ത വല്ലിയിൽ പുഷ്പിച്ച
കൊഴിയാത്ത പൂ തേടി പോകുന്നു ഞാൻ.
************