മാമോഗ്രഫി
അതിനുശേഷം
ആദ്യമായി
കണ്ണാടിയിൽ നോക്കി
ദ്രവിച്ച വള്ളിക്കെട്ടുകളുരിഞ്ഞു
പൊന്തയ്ക്കുള്ളിൽ നിന്ന്
താഴേക്കിടിഞ്ഞു വീണ
മുഴുത്ത രണ്ടുകല്ലുകൾ കണ്ണുരുട്ടി.
എന്നോ ചുരത്തി തീർന്ന
കാട്ടുചോലയിലെ
നരച്ച അലക്കുകല്ലിലിരുന്ന്
വേനൽ വിയർപ്പാറ്റുന്നു
ഒരു തുമ്പി ചെറുകല്ലുയർത്തി
പാതിയിലുപേക്ഷിച്ച്
പറന്നു പോകുന്ന ചിറകടി
മുറിഞ്ഞു പോകുന്ന ഉച്ചസ്വപ്നം.
അർദ്ധവിരാമത്തിൽ
ഭിത്തിയിൽ ചേർന്നിരുന്ന്
പാതിക്കണ്ണടച്ച
ബുദ്ധന്റെ കാർമികത്വത്തിൽ
നിരർത്ഥകമായ മന്ത്രമുരുവിട്ടു.
അനുനിമിഷമവൾ
ഇരുകൈകളുയർത്തി
സന്യാസിനിയെപ്പോലെ.
പൊട്ടെടുത്ത്
ചാന്ത് മായ്ച്ച്
ചിത്രശലഭങ്ങളുടെ
നിറവും ചിറകുമുള്ള
കുപ്പായത്തിന്റെ ഹുക്കഴിക്കുന്ന
കൂട്ടുകാരനെയോർത്തു.
ഒറ്റയ്ക്ക് ശവപ്പറമ്പിൽ
പതിയെ ഇറക്കിവെച്ചു
സ്വന്തം പേര് കൊത്തിയ
നെഞ്ചിലെ കല്ലറ.
കണ്ണ് വിങ്ങി
തുറിച്ച് മങ്ങി
വിലക്കുള്ള നിലവിളിക്ക്
മാറിൽ
കൈ പിണച്ചു വച്ചുള്ള
ചടഞ്ഞിരുപ്പ്
ഉടലിൽ ഗ്രസിച്ച ചൂടിൽ
മുറിയിൽ പൊടുന്നനെ പ്രത്യക്ഷമായ
ആഴമുള്ള പുഴ അടക്കം പിടിച്ചു
ചുഴിയിൽ വട്ടം ചുറ്റിച്ചു
ചെവിയിൽ ആരുടെയൊക്കെയോ
മുക്കലും മൂളലും.
മുഴുത്ത കല്ലുകൾക്കിടയിൽ
ഒളിഞ്ഞിരിക്കുന്ന
ചെറിയ കല്ലവൾ
തുമ്പിയെപ്പോലെ
പരതിക്കൊണ്ടിരുന്നു
നിസ്സംഗതയുടെ
രണ്ട് ഗർത്തങ്ങളിൽ
ഉരുണ്ടുകളിച്ചു
പഴകിയ ഗോട്ടിക്കല്ലുകൾ
ഹാ!
രസമുള്ള വഴുവഴുപ്പ്.
സ്റ്റേ കൊടുക്കണമെന്ന്
നെഞ്ചിനുള്ളിലേക്ക്
ആരോ ഫോൺ വിളിച്ച്
കനത്തിൽ വെച്ചു
പടപടാമിടിപ്പ്.
കണ്ണാടിക്ക് മുന്നിലെ
അന്തിച്ചുള്ള നിൽപ്പ്
വിയർത്തൊഴുകിയ മെഴുക്കിൽ
ഇളകിത്തുള്ളി
കല്ലുകൾ.
ബുദ്ധന്റെ തെരുപ്പിടിച്ച
കൈവിരലുകൾ
സ്വതന്ത്ര്യമാക്കി
വാരി നെഞ്ചിൽ വച്ചു
കണ്ണാടിക്കുള്ളിൽ
വെറും കല്ലുമേന്തി നിൽക്കുന്ന
അവൾക്കപ്പോൾ
ഭ്രാന്തായിരുന്നു.
ബുദ്ധനെ നോക്കി
ഒരു തുമ്പിയെപ്പോലെ
ചെറുകല്ല് പെറുക്കിയെടുത്ത്
മുഴുത്ത കല്ലുകൾക്കൊപ്പം
അടിമുടി ഉരുട്ടിത്തഴുകി.
പൊടുന്നനെ
കാട്ടുചോലയിൽ
ഉറവ കിനിഞ്ഞു
കല്ല് ചുരന്നു
പുൽത്തകിടികൾ എഴുന്നുനിന്നു
ഇഷ്ടദേവനെ ആവാഹിക്കുവാൻ
മന്ത്രമുരുവിട്ട്
പുതപ്പിനറ്റം വായയിൽ തിരുകി
മരണപ്പെട്ട കൗന്തേയനെ ഓർത്തു.
താഴേക്കിടിഞ്ഞു വീണ
മുഴുത്ത കല്ലുകളെ
ദ്രവിച്ച വള്ളിക്കെട്ടിനുള്ളിൽ
തിരുകിക്കയറ്റി
അടക്കിപ്പിടിച്ച ശ്വാസത്തിൽ
ഞെരിഞ്ഞു പോയി
ചുരുണ്ട കുഞ്ഞിക്കണ്ണുകൾ.
വള്ളിക്കെട്ടുകൾ
വലിഞ്ഞുപൊട്ടി
നെഞ്ചിലേക്ക്
ഇടിഞ്ഞു വീണു
മൃതമായ രണ്ട്
കനപ്പെട്ട നീണ്ടുപരന്ന കല്ലുകൾ.
കണ്ണ് മിഴിച്ചവ
ഇരുവശങ്ങളിലേക്ക്
ചെരിഞ്ഞു കിടന്നു,
ഇരട്ടക്കുട്ടികളുടെ
അസ്വാഭാവികമായ
തൂങ്ങി മരണം പോലെ.
ദുഃസ്വപ്‍നം തീർന്നപ്പോൾ
ഉരുണ്ടെണീറ്റ്
തികഞ്ഞ നിസ്സാരതയോടെ
നെഞ്ചിൽ പരതി
ശൂന്യതയുടെ ഗർത്തം
വാപൊളിച്ചു നിന്നു
ഒരു പെണ്ണിന് മാത്രം
മനസ്സിലാകും വിധത്തിൽ
മുറിച്ചെടുത്ത
അപ്പത്തിനുള്ളിലെ
കല്ലടക്കം കടലിലേക്ക് ഒറ്റയേറ്.
ഹാ!
പി വി സൂര്യഗായത്രി
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മുഴക്കുന്ന് എന്ന സ്ഥലത്താണ് വീട്. തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള ഭാഷയിൽ ബി എ, എം എ പൂർത്തിയാക്കി. ഇപ്പോൾ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ സബ് എഡിറ്ററായി ജോലി നോക്കുന്നു. രജസ്വല, മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മാധ്യമം, ദേശാഭിമാനി തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലും വിദ്യാരംഗം, എഴുത്ത്, പോലുള്ള മാസികകളിലും ഓൺലൈൻ പോർട്ടലുകളിലുമടക്കം കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. ഇരുപതുവർഷത്തോളമായി കവിതയെഴുത്തിൽ സജീവമായി ഇന്നും നിലനിൽക്കുന്നു.
ഏറെ നല്ല വരികൾ
ഏറെ നല്ല വരികൾ