കാഴ്ച്ചപ്പടർപ്പുകൾ (കവിതാ പoനം)
************
- അപർണ ബി. കല്ലടിക്കോട്
***********
കവിതയിലെ മാന്ത്രികതയും പെണ്മയുടെ ആഘോഷവും ; ചിഞ്ചു സോർബ റോസയെ വായിക്കുന്നു
•••••••••••••••••••••••••••••••••••••
പെണ്ണെഴുതുന്നതിൽ പലപ്പോഴും ഒരു മാന്ത്രികത ദൃശ്യമാണ് എന്ന് തോന്നാറുണ്ട്. അവളുടെ ലോകത്ത് നമ്മളറിയാത്ത നൂറായിരം പെണ്ണുങ്ങളുടെ ഒരു ലോകം തന്നെയുണ്ടാവും എന്നു തോന്നിപ്പോകും. എന്നാൽ ചിലപ്പോൾ അവളീ ലോകത്തേയല്ല ജീവിക്കുന്നതെന്നും ഈ ലോകത്തെക്കുറിച്ചല്ല പറയുന്നതെന്നും തോന്നും. ചിലപ്പോൾ അവൾ ഉടലിന്റെയും, ചിലപ്പോൾ മനസ്സിന്റെയും, ചിലപ്പോൾ അവളിലെ അപരിചിതയുടെയും ഭാഷയിലെഴുതും ; എന്നാൽ ചില നേരങ്ങളിൽ അവളീ ലോകത്തിന്റെ ക്രൂരതയെയും, അതിലെ ന്യായാന്യായങ്ങളെയും, രാഷ്ട്രീയ നിലപാടുകളെയും കുറിച്ചു മാത്രമെഴുതും. പെണ്ണെഴുത്ത് എന്നത് ഒരു പൊതു സങ്കൽപ്പ രീതി മാത്രമാണെന്നു തോന്നും അപ്പോൾ. ചിലപ്പോൾ ചില സ്ത്രീകളുടെ എഴുത്തുകൾ വായിക്കുമ്പോൾ അനുഭവങ്ങളും രാഷ്ട്രീയവും നിലപാടുകളും ആശയങ്ങളും അതിനെ പ്രതിനിധീകരിക്കാനുപയോഗിക്കുന്ന സങ്കേതങ്ങളും പെണ്മ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന രീതികളിൽനിന്ന് അത്രയധികം അകന്നുനിൽക്കുന്നുണ്ടാവും. പെൺ ജീവിതങ്ങളും ബിംബങ്ങളും വികാരങ്ങളും വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്ന സ്ത്രീ എഴുത്തുകാർ എത്രയോ ഉണ്ട് . എന്നാലിന്നിവിടെ പറഞ്ഞു വരുന്നത് പെണ്മയുടെ ആഘോഷങ്ങളിലേയ്ക്കും അസ്വസ്ഥതകളിലേക്കും ആകുലതകളിലേക്കും കടന്നുചെല്ലുന്ന, ആ ജീവിതത്തിലെ മാന്ത്രികത കവിതയിലേക്ക് വഴി തിരിച്ചു വിടുന്ന ഒരു കവിയെപ്പറ്റിയാണ്. പെൺ ജീവിത പരിസരങ്ങളിലേക്ക് തുറന്നുവച്ച ഒരു ജാലകം പോലെയുള്ള കുറേ കവിതകളെക്കുറിച്ചാണ് ഇവിടെ കുറിക്കാനാഗ്രഹിക്കുന്നത് .വായിച്ചു വായിച്ചു പോകുമ്പോൾ ഓരോ കവിതയോടും ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുവെന്നതാണ് ചിഞ്ചു സോർബ റോസയുടെ കവിതകളുടെ വളരെ വ്യക്തിപരമായ വായനാനുഭവം.
എല്ലാ കൊല്ലവും ഡിസംബറിൽ യേശുവിൻറെ മുഖച്ഛായയുള്ള ഒരുത്തനുമായി പ്രേമത്തിൽ അകപ്പെടുന്ന പെൺകുട്ടിയും, കുഞ്ഞുങ്ങളുടെ പാദുകങ്ങൾ തയ്ക്കുന്ന ഫാക്ടറി ജീവനക്കാരിയും, അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ പ്രാർത്ഥനകൾ ഡീകോഡ് ചെയ്തു ദൈവത്തിന് അയച്ചുകൊടുക്കുന്ന മാലാഖയും, വെയിലിനോട് ഐക്യപ്പെട്ട് കുടയില്ലാതെ നടക്കുന്ന കറുത്ത പെൺകുട്ടിയും മാത്രമല്ല വീടും മുറിയും അപ്പച്ചനും കാമുകന്മാരും യേശുവും കുഞ്ഞുങ്ങളുമൊക്കെ ചിഞ്ചുവിന്റെ കവിതകളുടെ കൈപിടിച്ച് ഉയിർത്തെഴുന്നേൽക്കുന്നു. സങ്കടങ്ങൾ മാത്രമല്ല കുഞ്ഞു സന്തോഷങ്ങളും ഈ കവിതകളിൽ പെൺജീവൻ നിറയ്ക്കുന്നു. 'ആണാധിപത്യത്തെ വെല്ലുവിളിക്കുന്ന മെലിഞ്ഞുണങ്ങിയ ഉടലുകൾ' കൂടി ഉൾപ്പെട്ട പെണ്മയുടെ ആഘോഷമാണ് ചിഞ്ചുവിന്റെ കവിതയിൽ കാണുന്നത്. ക്രൈസ്തവ ജീവിതത്തിൽ നിന്നുള്ള യേശു, കുരിശ്, കപ്പേള, ഉയിർത്തെഴുന്നേൽപ്പ്, പള്ളിമേട ,സെമിത്തേരി , ക്രിസ്തുമസ്, മാതാവ് തുടങ്ങിയ ബിംബങ്ങൾക്ക് പുറമേ റോസാപൂവും വസന്തവും മരങ്ങളും നിറങ്ങളും വരയുമെല്ലാം ചിഞ്ചുവിന്റെ കവിതകളെ അലങ്കരിക്കുന്നു. തീണ്ടാരിയും പ്രണയവും പ്രസവവും ഒറ്റപ്പെടലും എഴുത്തും മരണവുമൊക്കെ ഈ കവിതകൾക്ക് കൂട്ടിരിക്കുന്നുണ്ട്.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന ഈ കവിതകൾ ഭാവഗാനങ്ങളുടെ (lyrical poetry) സ്വഭാവ സവിശേഷതകൾ പിന്തുടരുന്നവയാണ്. ആത്മാവിഷ്കാരപരതയും വൈകാരികതയും ഈ കവിതകളിൽ മുന്നിട്ടുനിൽക്കുന്നു. കാല്പനികത ചിഞ്ചുവിന്റെ കവിതകളെ മറ്റൊരു അനുഭവത്തിലേക്ക് വഴി തിരിച്ചു വിടുന്നു. എന്നാൽ ഈ കാല്പനികത യാഥാർഥ്യങ്ങളെ പാടെ അവഗണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . "മരിച്ചെന്നറിഞ്ഞു " എന്നു തുടങ്ങുന്ന കവിതയിൽ ‘അശാന്തിയുടെ അനേക സാധ്യതകൾ കുപ്പായ കീശയിൽ നിറച്ചു വച്ചിരുന്ന’ സ്വത്വം വെളിപ്പെടുത്താത്ത സൃഷ്ടാവിനെ കുറിച്ച് പറയുന്നു.
അയാളാണ്
എനിക്ക് വീടുണ്ടാക്കി തന്നത്
നെടുകയും
കുറുകെയും
ബ്രഷ് കൊണ്ട്
വര വരച്ചപ്പോൾ
വീടുണ്ടായി
……………………………………………..
(വരയ്ക്കും പോലെയും
എഴുതും പോലെയും
അത്ര എളുപ്പമല്ല
വീട്ടിൽ ജീവിക്കാൻ
എന്നു
ഞാൻ അറിയിച്ചിരുന്നില്ല)
എന്നു കവി എഴുതുമ്പോൾ മാജിക്കൽ റിയലിസത്തിന്റെ വിശാല ലോകത്തിലേക്കാണ് അ വായനക്കാർ എത്തിപ്പെടുക. അസ്തിത്വ പ്രതിസന്ധി
അതിന്റെ പല രൂപങ്ങളിൽ ചിഞ്ചുവിന്റെ കവിതകളിൽ കയറിയിറങ്ങുന്നതും നമുക്കു കാണാം. പല പല കവിതകളിൽ മനുഷ്യനും ദൈവവും അവർ തമ്മിലുള്ള അവസാനിക്കാത്ത സംഘർഷങ്ങളും സ്നേഹബന്ധങ്ങളും കലർന്ന ലോകം പരന്നുകിടക്കുന്നു. ഏതു കവിതയാണ് ഒരു വിശദമായ വായനയ്ക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന ചിന്തകൾക്കൊടുവിൽ ഭാവിയിലേക്ക് എഴുതിവെച്ച ഒരു കവിത കണ്ണിൽപ്പെടുകയുണ്ടായി.
13-02-2038 എന്നു തീയതി എഴുതിയ ആ കവിത കാലാതീതം തന്നെ എന്നു വായനയ്ക്കവസാനം തോന്നുക സാധാരണമാണ്. ലോകത്തിന് ഇതെഴുതിയ 2014 നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എൻറെ വ്യക്തിപരമായ വിശ്വാസം. ഒരുപക്ഷേ 2038 എന്ന ഭാവി വർഷത്തിലും ഇതേ സാഹചര്യങ്ങൾ നിലനിന്നേക്കാം എന്നു സങ്കടപ്പെട്ടു കൊണ്ടാണ് ഈ കവിത വായിച്ചതും.
"നിനക്കെപ്പോഴും കാപ്പി പൂക്കളുടെ ഗന്ധമാണ് " എന്നു തുടങ്ങുന്ന കവിതയിൽ നിലാവിൻറെ നിറവും കാപ്പിപ്പൂക്കളുടെ ഗന്ധമുള്ള പ്രിയപ്പെട്ടവനോട് കവി അവളുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി സംസാരിക്കുകയാണ് .ആ കുഞ്ഞ് ‘അവളാ’യിരിക്കും എന്ന് സ്വാർത്ഥയാവുമ്പോഴും അവളെ സമൂഹം എങ്ങനെ കാണുമെന്നാണ് കവിയിലെ അമ്മ ആകുലപ്പെടുന്നത്. അവൾ മിശ്ര’വിവാഹിത’രുടെ മകളാണെന്നതു തന്നെ കാരണം. ഇപ്പോൾ ചിലർക്കിത് അതിശയോക്തിപരമായതെന്ന് തോന്നാമെങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ച് ഭാവി കൂടുതൽ ജാതിമത യാഥാസ്ഥിതികർ ആധിപത്യം സ്ഥാപിക്കുന്ന ഒന്നാകുമെന്ന് അവർ ഭയപ്പെടുന്നു. ‘സങ്കരണം നടക്കേണ്ടത് സ്വജാതിയിൽ’ എന്ന് പഠിച്ച മനുഷ്യർ അവളുടെ മുടിയിഴകളിൽ തൊട്ടു ജീവനുള്ളതെന്ന് വരുത്തുന്ന കാലം അസാധ്യമല്ലെന്നവർ ചിന്തിക്കുന്നു. ആ കുഞ്ഞിൻറെ 'മഴ'എന്ന പേരിൻറെ ജാതിയെപ്പറ്റി സമൂഹം തർക്കിക്കുന്നതും കവി മുൻകൂട്ടി കാണുന്നു.
ജാതിമത ചിന്തകൾ മനസ്സിൽ മാത്രം കൊണ്ടുനടന്നിരുന്ന മലയാളികൾ ഇപ്പോഴതിൽ അഭിമാനിക്കുന്നതും അഭിരമിക്കുന്നതും അഹങ്കരിക്കുന്നതും എമ്പാടും കാണുമ്പോൾ ഈയമ്മയുടെ കരുതൽ അനാവശ്യമല്ല എന്ന് തോന്നിപ്പോകും. വഴികൾക്കും ആശുപത്രികൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജാതിയുള്ള കാലത്ത് ജാതിയോ മതമോ ഇല്ലാത്ത ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തിക്കൊണ്ടു വരും എന്ന് കവി അത്ഭുതപ്പെടുന്നു.
"അവൾക്കു നടക്കാൻ
വഴികളുണ്ടായിരിക്കുകയില്ല
ഇസ്ലാമിക് സ്ട്രീറ്റും മേരിമാതാ റോഡും
അമ്പാടി ലൈനും
അവളെ പ്രവേശിപ്പിക്കുകയില്ല"
ആ അമ്മ മനസ്സ് ഒരു പ്രവചനം പോലെ പറയുന്നു.
"നിനക്കറിയില്ലേ മനുഷ്യർക്കുവേണ്ടിയല്ല സഹായ സഹകരണ
സംഘങ്ങൾ
ഹെൽപ് ലൈനുകൾ, ഐക്യവേദികൾ ഇതിനെല്ലാമിടയ്ക്ക് മനുഷ്യകുഞ്ഞുങ്ങൾ എങ്ങനെ ജീവിക്കും "
എന്ന ചോദ്യമാണ് കവി കൂട്ടുകാരനോട് ചോദിക്കുന്നത്. ആ മകളൊരു കവിയോ കലാകാരിയോ ആയാൽ പോലും അവളെ സമൂഹം വേർതിരിച്ചു കാണുമെന്ന് അമ്മ മനസ്സ് സംശയിക്കുന്നു. ഈ സംശയങ്ങളൊക്കെ അനാവശ്യമാണെന്നും അതിശയോക്തിയാണെന്നും ചിലർക്കെങ്കിലും തോന്നാം. എന്നാൽ നമ്മുടെ സാമൂഹിക സാഹചര്യങ്ങളെ വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന ഒരാൾക്ക് ഇതത്ര പുതിയ ചിന്തയായി തോന്നണമെന്നില്ല.കവിത അവസാനിക്കുന്നത് കുട്ടികളില്ലാതിരിക്കുക എന്നതാണ് നല്ലത് എന്ന ചിന്തയിലാണ്. അത് സ്വാസ്ഥ്യം തരുന്ന ഒന്നാണ്. എന്നാൽ അപൂർണമായ, ഒറ്റയ്ക്ക് നിൽക്കുന്ന, അവസാന വരിയിൽ "നിന്നെ കാണണമെന്നുണ്ട് " എന്ന് കവിയെഴുതുമ്പോൾ അത് ഒരുതരം അസ്വസ്ഥത വായനക്കാരിൽ ബാക്കി നിർത്തുന്നു .ഒരു പെൺകുഞ്ഞിനെ അത്രയധികം ആഗ്രഹിക്കുമ്പോഴും ആ കുഞ്ഞിന് സന്തോഷത്തോടെയും സമാധാനത്തോടെയും വളരാനുള്ള സാഹചര്യം ഉണ്ടാവാത്ത സാഹചര്യത്തിൽ ആ പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ അതിനു ജന്മം കൊടുക്കാതിരിക്കുക എന്നതാണെന്ന തിരിച്ചറിവാണ് ഇവിടെ കാണാൻ കഴിയുന്നത്.
കവിതയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഒരുപക്ഷേ അതിൻറെ തീയതി തന്നെയാണ്. 2038 എന്ന വർഷം ഒരു തരത്തിൽ ആക്ഷേപഹാസ്യ (satirical) പരമാണ്. 2038 വരെയൊന്നും കാത്തിരിക്കേണ്ടതില്ല 2014ൽ എഴുതിയ ഈ കവിതയിലെ ആശങ്കകൾ 2021 ആകുമ്പോഴേക്കും യാഥാർത്ഥ്യം തന്നെയാണെന്ന് തിരിച്ചറിയാൻ വായനക്കാർക്ക് വിഷമമുണ്ടാവില്ല.
കാപ്പിപ്പൂക്കളുടെ ഗന്ധവും നിലാവിൻറെ വെളുത്ത തുണ്ടുമുള്ള പ്രണയത്തിൻറെ കാല്പനിക ലോകത്തിൽനിന്ന് ഭരണഘടനയിൽ പോലും കാലഹരണപ്പെട്ട മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയിലേക്ക് കവിത വഴിമാറുന്നത് തികച്ചും സ്വാഭാവികമായ ഒരൊഴുക്കിലൂടെയാണ്. മറ്റൊരു മുഖ്യമായ കാര്യം ഈ കവിത ഒരു പെണ്ണിൻറെ/ അമ്മയുടെ നാടകീയമായ ഒരു സ്വയംഭാഷണം (Dramatic monologue) പോലെയാണ് എഴുതപ്പെട്ടിരിക്കുന്നതെന്നതാണ്. ഇതിനെ വിരോധാഭാസപരമായതെന്നോ വിമോചനപരമെന്നോ നമുക്ക് വിളിക്കാം. സ്ത്രീക്ക് വിവാഹത്തിലും സന്താനോല്പാദന പ്രക്രിയയിലും ഇന്നും അഭിപ്രായങ്ങളില്ലാത്ത അഥവാ ഇത്തരം കാര്യങ്ങളിൽ സ്ത്രീയുടെ അഭിപ്രായത്തിന് പരിഗണന ലഭിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. ഭൂരിപക്ഷം സ്ത്രീകളും ഇത്തരം അവസ്ഥകളിലൂടെയാവാം കടന്നുപോവുക. അങ്ങനെയിരിക്കെ ഒരു സ്ത്രീ തന്റെ പ്രിയപ്പെട്ടവനോട് “ശ്രദ്ധാപൂർവ്വംഎന്നെ കേൾക്കുക” എന്ന ആമുഖത്തോടെ ചെയ്യുന്ന ഈ ദീർഘഭാഷണം തികച്ചും ശ്രദ്ധേയമാണ്. പലപ്പോഴും സ്ത്രീകൾ സ്വന്തം സ്വത്വം കണ്ടെടുക്കാൻ പലതരം ജീവിത സമരങ്ങളിലേർപ്പെടുന്ന ഈ നാളുകളിൽ നമുക്കീ സംഭാഷണത്തിനെ വിമോചനപരമെന്നും വിളിക്കാം. അതുകൊണ്ടാവാം അവൾക്ക് സഹേലിയുടെയും മൂഡ്സിന്റേയും സുരക്ഷിതത്വം നിറഞ്ഞ രാത്രികളുടെ സ്വസ്ഥതയെക്കുറിച്ച് അവനോട് സംസാരിക്കാൻ കഴിയുന്നത്. ഈ പ്രണയത്തിൽ ഒരാൾ മുസ്ലീമാവുന്നത് ഒട്ടും യാദൃശ്ചികമല്ലെന്ന് നമുക്കറിയാമല്ലോ. ചോദ്യങ്ങളും ആശങ്കകളും മാത്രം ബാക്കി വയ്ക്കുന്ന ഈ കവിതയിൽ ചിഞ്ചുവിന്റെ ഭൂരിഭാഗം കവിതകളിലും കാണുന്ന സങ്കീർണതകളും അവ്യക്തതകളും ഒട്ടുമില്ലെന്നുതന്നെ പറയാം. തികച്ചും ലളിതമായ ഭാഷയിൽ സംഭാഷണ രൂപത്തിൽ എഴുതിയ ഈ കവിത ആദ്യ ദീർഘ ഖണ്ഡികളിൽ നിന്നും അവസാന ഭാഗത്തേക്കെത്തുമ്പോൾ ഒറ്റ വരിയിലേക്ക് ചുരുങ്ങുകയാണ്. ആ ഒറ്റവരിയിലാണ് കാവ്യ മർമ്മം.
"നിന്നെ കാണണമെന്നുണ്ട് ... " എത്ര മനോഹരമായ വരിയാണത്! പിറക്കാത്ത ഒരു കുഞ്ഞിനുവേണ്ടി അമ്മ എഴുതുന്ന ഒരു കത്തിലെ ആദ്യവരി പോലെ നിർമ്മലമായതും അർത്ഥഗർഭമായതുമാണ് ഈ വരിയെന്ന് എനിക്ക് മാത്രമാണോ തോന്നിയതെന്നറിഞ്ഞുകൂടാ. 'പക്ഷേ ' എന്ന വാക്ക് ആ വരിയിൽ ചേർത്തിട്ടില്ലെങ്കിൽപോലും ആ വാക്കിലെ നിസ്സഹായത മുൻ വരികളിൽ നിന്നും ഈ വരിയിലേക്ക് മുൻപേതന്നെ ആവാഹിക്കപ്പെട്ടിരിക്കുന്നു. വിശദീകരങ്ങൾക്കപ്പുറമാണ് ഈ നിസ്സഹായതയെന്നും ആ നിസ്സഹായതയേക്കാളും ആഴത്തിലാണ് ഒരു മകളെന്ന ആഗ്രഹമെന്നും ഈ ഒറ്റ വരി പറയാതെ പറയുന്നുണ്ട്. കുഞ്ഞുങ്ങളെ കുറിച്ചുള്ള ഈ ഉത്കണ്ഠ ചിഞ്ചുവിന്റെ മറ്റു കവിതകളിലും കാണാം. കുഞ്ഞുങ്ങളുടെ പ്രാർത്ഥനകൾ കേൾക്കാത്ത ബൂർഷ്വാ ദൈവത്തോടുള്ള ചിഞ്ചുവിന്റെ സ്നേഹ വിദ്വേഷ ബന്ധത്തിനും ( Love-hate relationship) ഇതു കാരണമായിരിക്കാം.
അസ്വസ്ഥതയില്ല
നിന്നെ കാണണമെന്നുണ്ട് "
എന്നീ വരികൾ യഥാർത്ഥത്തിൽ കവിതയുടെ തുടക്കത്തിലുള്ള കവിയുടെ ആകുലതകളെ വായനക്കാരിലേയ്ക് സന്നിവേശിപ്പിക്കുമ്പോഴാണ് കവിയുടെ വായനക്കാരനുമായുള്ള ആശയവിനിമയം വിജയിക്കുന്നത്. അതിനാൽത്തന്നെ കവിത അവസാനിക്കുമ്പോൾ വായനക്കാരാണ് അസ്വസ്ഥരാകുന്നത്.
മാതൃത്വത്തെ മഹത്വവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തുന്നതേയില്ല എന്നതാണ് ഈ കവിതയുടെ മറ്റൊരു പ്രത്യേകത. മാതൃത്വം മാത്രമല്ല പ്രണയമോ വിവാഹമോ കുടുംബമോ സമൂഹമോ ഇവിടെ വിഷയമാകുന്നില്ല, നിലനിൽപ്പ് മാത്രമാണ് ഇവിടെ പ്രധാനം. ആൺ, ജാതി, നിറ, സാമ്പത്തിക ആധിപത്യങ്ങളുടെ ജീവിത മൂല്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന, മനുഷ്യരെ പരിശീലിപ്പിക്കുന്ന ഒരു സാമ്പ്രദായിക യാഥാസ്ഥിതിക ജീവിതക്രമത്തോട് ഒരു സ്ത്രീയെന്ന നിലയിലുള്ള ഉള്ള തൻറെ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് കവി ഈ കവിതയിൽ ചെയ്തിരിക്കുന്നത്. അതാവട്ടെ സമൂഹത്തിൽ ബഹുമാന്യമായ 'അമ്മ' എന്ന പദവിയെത്തന്നെ അഴിച്ചു പണിയുന്നതിലൂടെയാണ് സാധ്യമാവുന്നത്. ഇത്തരം പുതുക്കിപ്പണിയൽ സ്വതസിദ്ധമായിത്തന്നെ വിപ്ലവാത്മകമായ ഒരു ചിന്തയാണ് .പുറമേ നിന്ന് നോക്കുമ്പോൾ മാതൃത്വത്തിന്റെ ഉത്കണ്ഠകൾ നിറഞ്ഞ ഒരു ഘട്ടത്തെ ചിത്രീകരിക്കുകയാണെന്ന് തോന്നുമെങ്കിലും കൂടുതൽ ആഴത്തിലേക്ക് ചിന്തകളുടെ വേരോടുന്ന ഒരു വടവൃക്ഷമായി കവിതയെ വായിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. യാഥാസ്ഥിതിക സമൂഹങ്ങളുടെ ജീവിത സങ്കല്പങ്ങളിലെ കാപട്യത്തേയും മനുഷ്യത്വരാഹിത്യത്തേയും തുറന്നുകാണിക്കുന്നുണ്ട് ഈ കവിത.
വിക്ടോറിയൻ കാലഘട്ടത്തിലെ പ്രശസ്ത കവിയായിരുന്ന മാത്യു അർണോൾഡ് തന്റെ “ഡോവർ ബീച്ച്” എന്ന കവിതയിലും ഇതേ രീതിയിൽ മനുഷ്യൻറെ കാപട്യങ്ങളിലേക്ക് നോക്കി വിഷാദവാനാവുന്നുണ്ട്. ഒരു വേലിയേറ്റ സമയത്ത് പൂർണ്ണചന്ദ്രനു കീഴിൽ പാതിരാക്കാറ്റു കൊണ്ട് ശാന്തമായി നിൽക്കുന്ന കവി തന്റെ കൂട്ടുകാരിയോട് സംസാരിക്കുന്നതാണ് കവിതയുടെ തുടക്കം. എന്നാൽ, ഈ വഴിഞ്ഞൊഴുകുന്ന ശാന്തതയും സൗന്ദര്യവും മനുഷ്യരാശിയെക്കുറിച്ച് മുഴുവനുമുള്ള ആശങ്കകളായി മാറുകയാണ് പിന്നീടുള്ള വരികളിൽ . ഇരുട്ടിൽ പരസ്പരം യുദ്ധം ചെയ്യുന്ന അന്ധരായ മനുഷ്യരോട് സ്നേഹം മാത്രമേ പരിഹാരമുള്ളൂ എന്ന് പറയാനാണ് കവി ആഗ്രഹിക്കുന്നത്. ചിഞ്ചുവിന്റെ കവിതയിൽ മനുഷ്യർ ഇമ്മട്ടിൽ തന്നെ തുടരാനാണ് സാധ്യത എന്ന പ്രവചനാത്മകതയാണ് മുന്നിട്ടുനിൽക്കുന്നത്. എന്നാലും 'പ്രതീക്ഷ' എന്ന മനോഹര വാക്കാൽ തന്നെയാണ് ഈ കവിത ഉപസംഹരിക്കപ്പെട്ടിരിക്കുന്നതെന്ന് ഒറ്റയ്ക്ക് നിൽക്കുന്ന ആ അവസാന വരി നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
"നിന്നെ കാണണമെന്നുണ്ട് " എന്ന ആ വരി ഇതുവരെപ്പറഞ്ഞ എല്ലാ തടസ്സ സാധ്യതകളെയും തള്ളിക്കളഞ്ഞ് ഒരു മകൾ എന്ന ആഗ്രഹത്തിന് മാത്രം ചെവി കൊടുക്കുന്ന ഒരമ്മയെ ജയിപ്പിക്കട്ടെ എന്ന് ഞാനും ആഗ്രഹിച്ചുപോകുന്നു ! മകൾക്ക് വേണ്ടി ലോകം തന്നെ മാറ്റുന്നവൾ എന്ന് അമ്മമാർ പുനർനിർവചിക്കപ്പെടട്ടെ.
********