സെറീന

സെറീന


 സെറീന :

മലയാള കവിതയിൽ അച്ചടി മാധ്യമങ്ങൾക്കൊപ്പം  സൈബർ മേഖലയുടെ വളർച്ചയും  തുറന്നിട്ട വഴികളിൽ സ്വന്തം കവിതകളുടെ വ്യത്യസ്തമായൊരു ലോകം വായനക്കാർക്ക് കാണിച്ചു കൊടുത്ത സ്ത്രീ കവികളിൽ പ്രധാനമായൊരു സ്ഥാനമുണ്ട് സെറീന എന്ന കവിയ്ക്ക് . 
എറണാകുളം സ്വദേശിനിയായ കവി മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അഡ്വർടൈസിംഗ് മേഖലയിൽ കോപ്പിറൈറ്റിംഗ് ആണ് സ്വന്തം തൊഴിൽ രംഗമായി സ്വീകരിച്ചിരിക്കുന്നത്.പ്രമുഖ മലയാള ആനുകാലികങ്ങളിൽ  കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു.പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള എഡിറ്റ് ചെയ്ത പെൺവഴികൾ, ഡി.സി ബുക്സ് ഇറക്കിയ നാലാമിടം, ഒലീവ് ബുക്സിൻ്റെ പ്രണയകവിതകൾ  എന്നീ സമാഹാരങ്ങളിൽ സെറീനയുടെ  കവിതകളുണ്ട്. കവിതകൾ കൂടാതെ ലേഖനങ്ങളും എഴുതി വരുന്നു. കമലാ ദാസിനെക്കുറിച്ചുള്ള  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകത്തിലെ ലേഖനം അവയിൽ പ്രധാനപ്പെട്ട ഒന്നാണ്. സെറീന മലയാളത്തിലെ ചില  മികച്ച ഗസലുകളുടെ കൂടി രചയിതാവാണ്. പ്രശസ്ത ഗസൽ ഗായകനായ ഷഹബാസ് അമൻ്റെ 'അലകൾക്ക്'  എന്ന ആൽബത്തിനായി ഗസലുകൾ എഴുതിയിട്ടുണ്ട്. ബ്ലോഗുകളുടെ തുടക്കം മുതൽ ആ രംഗത്ത് സജീവമാണ്. 2008 മുതൽ 'പച്ച' എന്ന ബ്ലോഗിൽ കവിതകൾ എഴുതുന്നുണ്ട്. പ്രധാന കവിതാ സമാഹാരം - മുള്ളുകൾ മാത്രം ബാക്കിയാകുന്നൊരു കടൽ (ഡി.സി. ബുക്ക്സ് ,2013 ).ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്.  ചിത്രങ്ങളും ചേർന്നുള്ള ഒറ്റമഴ എന്ന ബ്ലോഗ് 2009- ൽ തുടങ്ങിയ കാലം മുതൽ ശ്രദ്ധ നേടി. 2015- ൽ കൊച്ചിയിൽ നടത്തിയ ഫോട്ടോഗ്രഫി എക്സിബിഷൻ 'സെവൻ സ്റ്റോറീസ് ഓഫ് സോളിറ്റ്യൂഡ് ' മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു.

Comments

(Not more than 100 words.)