കവിതകൾ - അഞ്ജന എസ്

കവിതകൾ - അഞ്ജന എസ്

കവിതകൾ - അഞ്ജന എസ്
**********
1.
നിമിത്തങ്ങൾ 
******
മേടത്തിലെ മഴ.
ഇടിമിന്നൽ ചിതറിവീണുണ്ടായ 
കുഴികളിൽ കണ്ണീർ നിറഞ്ഞു. 
എന്തോ കരിഞ്ഞ മണം കേട്ടാണ് 
ഓലവാതിൽ തുറന്നു നോക്കിയത്. 
ഭയം ഒരു കടവാതിലിനെപ്പോലെ
ചിറകടിച്ചു നനഞ്ഞു പറക്കുന്നു 
സൂപ്പർസോണിക് ശബ്ദങ്ങളുടെ പിന്നാലെ 

ഒരു തീപ്പൊരി വീണാലും ഈ പേമഴ 
വീടിനെ കെട്ടിപ്പിടിച്ചേക്കാം 
അയലത്തെപ്പറമ്പിലെ തെങ്ങിൻതലപ്പുകൾ 
ആയത്തിലാടിക്കത്തുന്നുണ്ട് 
തോന്നലാണോയെന്നറിയാൻ 
വീണ്ടും പാളി നോക്കി. 
ഭഗവതീ എന്നൊരാളൽ. ഉള്ളിലിടിവെട്ടി.
കരിഞ്ഞ മണം .
ന്താദ്?
പച്ചത്തെങ്ങുകൾ കത്തിപ്പടരുന്നു 
ഓലത്തുമ്പുകൾ തീപ്പുടവയണിയുന്നു 
നൃത്തസന്ധ്യ.
കൊച്ചിക്കയുടെ നിലവിളിയല്ലേയത് 
കാതോർത്തു നിന്നു 
എന്റമ്മിണി പോയേ 
അമ്മിണിക്കെന്തുപറ്റി?
കുറച്ചുമുൻപ്  മഴത്തുള്ളികൾ 
ആലോലം പാടി വീണുകൊണ്ടിരുന്നപ്പോഴും 
അമ്മിണി പുൽത്തലപ്പുകൾ ചവയ്ക്കുന്നുണ്ടായിരുന്നു 
അതുകണ്ടപ്പോൾ, പുൽത്തലപ്പിലെ 
മഞ്ഞുതുള്ളികൾ കണ്ണിലെഴുതുന്നതും 
നാവിലിറ്റിക്കുന്നതും ഓർമ്മ വന്നതുമാണ്. 
രൗദ്രഭാവത്തിലേക്ക് 
മഴയെത്തിയത് വേഗത്തിലല്ലേ 
കൊച്ചിക്കയിനി എന്തുചെയ്യും?
വീണ്ടും കക്ക വാരാൻ പോകുമായിരിക്കും. 
ന്നാലും അമ്മിണിക്കെന്തുപറ്റി?
ആളുകളോടിക്കൂടുന്നു 
ചേമ്പിലകളിൽ ചിതറുന്ന പേമഴ 
വടം വേണം, രാമു എവിടെ 
കിണറ്റിലിറങ്ങാനാണല്ലോ 
അമ്മിണിയെ എങ്ങനെ പൊക്കിയെടുക്കും 
കൊച്ചിക്ക കരച്ചിൽ നിർത്തിയതല്ല 
ഏങ്ങലടികളും ദീർഘനിശ്വാസങ്ങളുമാണ് 
മഴ .
തോരാതെ .
വീണ്ടും ആകാശക്കറുപ്പിലേക്ക് നോട്ടം പോയി 
ഓലത്തുമ്പുകളില്ല 
മൊട്ടയടിച്ച തല പോലെ തെങ്ങിൻമണ്ടകൾ 
തലച്ചോറിലെ ട്യൂമർ പോലെ 
കരിഞ്ഞു ചിതറിയ പൂക്കുലകൾക്കിടയിലെ
കരിക്കട്ടകൾ 
വണ്ടിയിടിച്ചു ചിതറിയ പൂച്ചയുടെ 
ശരീരം വഴിയിലെവിടെയോ കണ്ടപോലെ.
പോസ്റ്റുമോർട്ടം ടേബിളിലെ 
പഞ്ഞിച്ചോരത്തുണ്ടുകൾ 
അവളുടെ കുഞ്ഞുശരീരം വെട്ടിപ്പൊളിച്ച് 
തുന്നിക്കെട്ടിയത് 
ഇന്നെന്താണിങ്ങനെ ?
ആകെയൊരസ്വസ്ഥത. 
പാവം അമ്മിണി 
പാവം കൊച്ചിക്ക 
പാവം അവൾ. 
വാതിൽ ചാരി അകത്തു വന്ന് 
പഴയ ഉരലിന്മേലിരുന്നു. 
അവിലും ചക്കരയും തേങ്ങയും സ്മൃതിരേഖകൾ പോലെ.
കനത്ത മഴ 
കപ്പ വാട്ടിയതും തേങ്ങാപ്പൂളും കട്ടൻകാപ്പിയും 
മഴ കൊണ്ടുവന്ന ഗന്ധകവിശപ്പ്. 
സാവധാനം മഴ പിറുപിറുപ്പ് നിർത്തി. 
വാതിൽ തുറന്നു 
മാനം തെളിഞ്ഞോ 
ആളുകളോടിക്കൂടുന്നത് 
ഇവിടേക്കാണല്ലോ 
കുഞ്ഞോളേ 
നിന്റമ്മ പോയി 
പോയോ?
എവിടെ?
ഇടിവെട്ടീലേ? മിന്നലേറ്റ്. 

പോസ്റ്റുമോർട്ടം ടേബിളിലെ 
അവളെയോർമ്മ വന്നു. 
വെള്ള പുതച്ച് , 
തുന്നിക്കെട്ടിയ തല 
കുഴിയിലേക്കെടുത്തപ്പോൾ 
അഴിഞ്ഞു ചിതറിയ നീളൻ മുടി 
കുരുക്കുവീണുടഞ്ഞ മെഡുല ഒബ്ലാംഗേറ്റ 

പതുക്കെ വാതിൽ ചാരി. 
അവൽപ്പൊതിയഴിച്ചു. 
കുറച്ച് കൽക്കണ്ടം കൂടി വേണം. 

2.
ബാക്ക് യാർഡ് പബ്ലിക് സ്കൂൾ.
നിയർ വെൽ& മാംഗോ ട്രീ.
ലൈംലൈറ്റ്. പി.ഒ.
വാട്ടർലാൻഡ്. 
************
അടുക്കളമുറ്റമാണ് ശരിക്കൊള്ളത്. മുൻവശത്തെ മുറ്റമൊക്കെ വെറും     പ്രഹസനമല്ലേ... 

മീൻചെതുമ്പലുകൾ വീണ വാഴച്ചോട്*
മാവിൻ ചോട്ടിലെ കരീലക്കൂട്ടം. 
മൺതിട്ടുകളിലെ സ്നേക്ക്ഹോൾസ്. 
ഇടക്കെവിടന്നോ ഓടിവന്ന് മറഞ്ഞുപോകുന്ന
റാറ്റ്സ് (ഹൗ ഹൊറിബിൾ)
രാവിലെ വന്ന് ബഹളം കൂട്ടി കലപില കാട്ടി സ്കൂളിൽ പോകുന്ന കരീലക്കിളികൾ. (സ്കൂളിൽ അവരെ സെവൻ സിസ്റ്റേഴ്സ് ന്നാത്രേ പേരു വിളിക്കുന്നെ).
എന്തൊരു ബഹളമാണ്. 
കീപ്പ് ക്വയറ്റ് ന്ന് എത്ര പറഞ്ഞാലും മൈൻഡ് ചെയ്യില്ല. 
വെറുതെ എക്സ്പ്രഷനിട്ട് ചാവണ്ടാന്ന് കരുതി 
പാത്രം തേച്ചു കഴുകിയതും കൊണ്ട് ഞാനിങ്ങ് കയറിപ്പോന്നു. 
ഇടയ്ക്ക് ഒന്ന് തെങ്ങ് ബിയിൽ പോയി നോക്കി. 
വല്യ കൊഴപ്പോല്ല. 
സബ്സ്റ്റി പോകാനാണെങ്കി ആർക്കും വയ്യ. 
ആ നേരോണ്ടെങ്കി അഞ്ചാറ് സെൽഫിയെടുത്ത് പോസ്റ്റാല്ലോന്നാവും. 
        അമ്മേ ഇതെന്ത് ജീവിയാണ്??
         ഇതോ ഇതാണ് കുളക്കോഴി. 
കൂടുതൽ മിണ്ടണ്ട. പിന്നെ സമാധാനം ണ്ടാവില്ല. 
കറിയ്ക്ക് രുചിയില്ലെന്നൊക്കെ പറഞ്ഞുകളയും. 
     ദേ വരുന്നുണ്ട് നങ്ങേലിത്തള്ള. 
'നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ 
കോലുനാരായണൻ കട്ടോണ്ടു പോയി'
    പാടാരുന്നു. 
ഈ തള്ളാരെക്കൊണ്ട് തോറ്റു. 
അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നൂടേ. 
വല്ല രാമനാമമോ രാവണനാമമോ ഒക്കെ ജപിച്ചൂടേ??
ഇനി അയ്ന്റെ പിന്നാലെ വരുന്നുണ്ടാകും 
ആ കോലുനാരായണൻ. 
ലേശം മണ്ണെണ്ണ കുടയാമായിരുന്നു. 
 ചാരമിടണ കുഴീടെ വക്കത്ത് പാത്തും പതുങ്ങീം നടക്കുന്നുണ്ട് മിസ്റ്റർ കാ. 
വേസ്റ്റ് ബിന്ന് തട്ടിയോണ്ടാവും. 
കടവത്ത് കുളിസീൻ കാണാൻ നിക്കണ 
പോലേണ്ട്. 
ആ നോട്ടോം ഭാവോം ഒക്കെ ഒന്ന് കാണേണ്ടതു തന്ന്യാ. 
സത്യം പറയാലോ 
അടുക്കളമിറ്റാണ് മിറ്റം. 

മീൻകാരന്റെ കൂവല് കേക്കണം 
ഇനി മറ്റേതുങ്ങള് ലാൻഡ് ചെയ്യാൻ. 
വന്നാപ്പിന്നെ ഒരു തൊയ്രല്ല. 
ചെലപ്പോ ഒരു സ്നേഹപ്രകടനോക്കെണ്ട്. 
കണ്ടാത്തോന്നും മ്യാവൂന്ന് പറഞ്ഞാ 
ഏതാണ്ട് ഐലവ്യൂ പോലെയാന്ന്. 
     
അടുക്കളമുറ്റമാണ് മുറ്റം. 
(ങ്ങക്ക് കൊറച്ചിലാണെങ്കി അങ്കണം ന്ന് പറഞ്ഞോ. ഒരു വിരോധോല്ല)
*********

Comments

(Not more than 100 words.)