വെറുതെ എന്നൊന്നില്ല എന്ന ഓർമപ്പെടുത്തൽ
(വിജിലയുടെ കവിതകൾ - പഠനം)
**************
- സിമിത ലെനീഷ്
******
കാൽപനികമല്ലാത്ത , പകർത്തിയെഴുതാൻ കഴിയാത്ത ജീവിതങ്ങൾ നിറഞ്ഞ വിജിലയുടെ കവിതകൾ , ഒരു മുന്നറിയിപ്പാണ്. ജീവിതത്തിൻ്റെ ഓരങ്ങളിലേക്ക് മനപ്പൂർവ്വം തള്ളിമാറ്റിയ മനുഷ്യരോട് പുറത്തേക്ക് തലയുയർത്തി ഇറങ്ങിവരാൻ ആവശ്യപ്പെടുന്ന കവിതകൾ. ഞങ്ങളും മനുഷ്യരാണ് ഇവിടെയും ജീവിതമുണ്ടെന്ന വിജിലയുടെ വിളിച്ച് പറയൽ കാലത്തോടാണ്. പുതുക്കപ്പെട്ടവരെന്ന് ഉറച്ച് വിശ്വസിച്ച് വെളുപ്പിൽ ജീവിതം മെനയുന്ന പരിഷ്കൃത സമൂഹത്തോട് ഇന്നത്തെ കാലത്തും ഇത് പറയേണ്ടി വരുന്നത് ജീവിതം പൊള്ളുന്ന മനുഷ്യരുടെ പ്രതിഷേധമായിട്ടാണ്. വിജിലയുടെ കവിത അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് വേണ്ടിയാണ് .ശബ്ദം നഷ്ടപ്പെട്ട സ്ത്രീകളുടെ ദുരിതങ്ങൾക്ക് മേൽ കുട പിടിച്ച് കൊണ്ട് വിജില കാലത്തോട് കലഹിക്കുന്നു. പെണ്ണായിരിക്കുക എന്നതിനോടൊപ്പം കറുത്തവൾ കൂടിയാകുമ്പോൾ സമൂഹം നൽകുന്ന പരിഗണനകളിൽ ജാതിയും സൗന്ദര്യവും പണവും കൂടി കടന്ന് വരുന്നു.ഇവയ്ക്കുമപ്പുറത്തേക്ക് പെണ്ണെന്ന സ്വത്വത്തെ അംഗീകരിക്കാൻ കഴിയാത്ത മനുഷ്യരോട് സന്ധി ചെയ്യാൻ വിജിലയുടെ കവിതകൾ തയ്യാറല്ല.
വിജിലയുടെ കവിതകൾ കലഹവും പ്രതിരോധവും അതിജീവനവുമായി ദളിത് മനുഷ്യരോടൊപ്പമുള്ള യാത്രയാണ്.
അടുക്കളയില്ലാത്ത വീട് (2006), അമ്മ ഒരു കാൽപനിക കവിതയല്ല (2009) പകർത്തിയെഴുത്ത് (2015) വെറുതെ എന്നൊന്നില്ല ( 2018) എന്നിവയാണ് കവിതാ സമാഹാരങ്ങൾ. മലയാള ദളിത് കവിതയുടെ ഭാഗമായി കേരള സാഹിത്യോത്സവത്തിലും ഹേ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ആൻഡ് ആർട്സിലും പങ്കെടുത്തിട്ടുണ്ട്. മൂന്ന് കവിതകൾ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് ദളിത് ആന്തോളജിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിജിലയുടെ കവിതകൾ കാൽപനികതയുടെ പുറംതോട് പൊട്ടിച്ച് ഒട്ടും മെരുക്കമില്ലാത്ത ജീവിതത്തെ വലിച്ച് പുറത്തേക്കിട്ട് ഇങ്ങനെയുള്ള ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതെവിടെ എന്ന വലിയ ചോദ്യത്തെ വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. നവീകരിക്കപ്പെട്ടു എന്ന് സ്വയം വിശ്വസിക്കുന്ന കേരള ജനത ജാതിയുടെയും സമ്പത്തിൻ്റയും നിറത്തിൻ്റെയും കുരുക്കുകളെ ഒരു വിവരമില്ലായ്മയായി മനസ്സിലാക്കുന്ന കാലം ഇനിയും വിദൂരമായ് നിൽക്കുമ്പോൾ വിജിലയുടെ കവിതകൾ നമുക്ക് പച്ചയായ യാഥാർത്ഥ്യമാണ്.
ദളിത് സ്വത്വാവബോധവും പെൺപക്ഷ ചിന്തകളും നിറയുന്ന വിജിലയുടെ കവിത മനുഷ്യരെ പച്ചയായ യാഥാർത്ഥ്യങ്ങളായി ഇറക്കി നിർത്തുന്നു. ദളിത് വിഭാഗക്കാരുടെ ജീവിതം അംഗീകരിക്കപ്പെടാതെ ,നീതി ലഭിക്കാതെ സമൂഹത്തിൻ്റെ ഭാഗം പോലുമാവാതെ മാറ്റി നിർത്തപ്പെടുമ്പോൾ വിജിലയുടെ ശബ്ദം ഉച്ചത്തിൽ ഇവിടെ ഉയർന്ന് നിൽക്കുന്നു .
വൈകീട്ടത്തെ ബസിൽ പണി കഴിഞ്ഞ് വരുന്ന ആ കറുത്ത മനുഷ്യർ ജീവിതത്തിൻ്റെ പാതയോരങ്ങളിൽ ധാരാളമുണ്ട്. എങ്ങനെയാണ് അവരൊന്നുമില്ലാതെ വെളുത്ത മനുഷ്യരുടെ ചരിത്രം നമ്മുടെ ജീവിതമാകുന്നത്?
വെയിലേറ്റ വിയർപ്പേറ്റ
വിളക്കുടലുമായ്
കറുത്ത മഷിയിലെഴുതിയ
അക്കങ്ങൾ ചേർത്ത കണക്ക് നോക്കി
അച്ഛൻ ചിരിക്കുമ്പോൾ
കൂടെ കറുത്ത ഞങ്ങളും
വീടും
(ഉടലുകൾ)
ദരിദ്രരും നിസ്സഹായരുമായ മനുഷ്യരുടെ ലോകം കാണാതെ കടന്ന് പോകുന്ന മനുഷ്യരോട് കുറച്ച് കറുത്ത മനുഷ്യർ ജീവിക്കുന്ന ജീവിതത്തെക്കുറിച്ച് ഉറക്കെ വിളിച്ച് പറയുമ്പോൾ പ്രതിരോധത്തിനുമപ്പുറം അതൊരു ആക്രോശവും അലർച്ചയുമായി തട്ടിപ്പറിച്ചെടുക്കുന്ന അവകാശങ്ങൾക്ക് മേൽ പതിക്കുന്നു.
കവിതയിൽ പകർത്താൻ കഴിയാതെ പോയ ഭൂമിയിലെ വേദനകളെക്കുറിച്ച് കവി പറയുന്നുണ്ട്. മനസ്സിലും ശരീരത്തിലും ആഴത്തിൽ പതിയുന്ന അത്തരം വേദനകൾ ഒരിക്കലും ഉണങ്ങാതെ വെന്ത് കൊണ്ടേയിരിക്കും. തലകുത്തനെ എന്ന കവിതയിൽ നോവുകളോട് പടപൊരുതുന്നവളെ കാണാം.
നോവുകൾ കൂട്ടിത്തുന്നിയ
എൻ്റെ നെഞ്ചിണ തന്നെ
എൻ്റെ തടയിണ
അത് സ്വയം പൊടിഞ്ഞു കൊണ്ടിരിക്കെ
ഞാൻ തല കുത്തനെ നിന്ന്
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു
(തലകുത്തനെ )
കൂരവസ്തു എന്ന കവിതയിൽ നിൽപ്പ് ശീലമായ യശോധരയും അമൃതം പൊടി മണമുള്ള രാഹുലനും ഉള്ള് പൊള്ളിച്ച വേദനകളാണ്. എത്രയെത്ര യശോധരമാരുടെ കണ്ണുനീരിൽ മുങ്ങി എത്രയെത്ര കൂരകൾ ഇവിടെയുണ്ട്.
നാരാണ്യെടത്തിമാർ എന്ന കവിത ദുരിതങ്ങളോട് പടവെട്ടുന്ന,
ഐക്യപ്പെടുന്ന പെണ്ണുങ്ങളെ ഓർമിപ്പിക്കുന്നു.പെൺക്രിയകളുടെ പ്രസാധനം എന്ന കവിതയിലെ,
ജാനരകൾ ബാധിച്ച്
പുറം കവർ പൊളിഞ്ഞ
വായിക്കപ്പെടാത്ത
ആത്മകഥ
എന്ന വരികൾ എഴുതപ്പെടാതെ മറന്ന് പോയ പെൺജീവിതങ്ങളെ ഓർമപ്പെടുത്തുന്നു.പൊള്ളലും പാടുകളും ചിത്രകാരികളാക്കിയ വിവാഹം പരുവപ്പെടുത്തിയ എത്ര സത്രീകളാണ് പുറം ലോകമറിയാതെ ഓർമ പോലുമാവാതെ മറഞ്ഞ് പോയത്.
ബസ് സ്റ്റാൻ്റിലും
തെരുവിലും
ചന്തകളിലും മറ്റും
ചോദ്യചിഹ്നമായ്
പുറത്തേക്കെത്തി നോക്കിയും
ആശ്ചര്യചിഹ്നമായ്
കോമയായ്
മറഞ്ഞ് നിന്നും
ഞങ്ങൾ പെണ്ണുങ്ങൾ
ഐക്യപ്പെടുന്നു
കറുത്ത ബോഡീസ് എന്ന കവിതയിലെ വരികൾ എവിടെയും ഐക്യപ്പെടാൻ
പെണ്ണ് എന്ന ഒറ്റവാക്കിനെ ചേർത്ത് കെട്ടുന്നത് ഓർമപ്പെടുത്തുന്നു.
ഞങ്ങളുടെ വീട്ടിൽ
ടി.വി യോ
ഫ്രിഡ്ജോ
മിക്സിയോ
ഗ്രൈയ്ൻ്ററോ
എൽ .പി ഗ്യാസോ
അയൺ ബോക്സോ
ഒന്നുമുണ്ടായിരുന്നില്ല
എന്നിട്ടും എനിക്ക് മുൻപേ
അമ്മയ്ക്കിതൊക്കെ
പ്രവർത്തിപ്പിക്കാനറിയാം
കാരണം
മാധവിക്കുട്ടിയുടെ കഥകളിലേത് പോലെ
എം.ടിയുടെ നോവലുകളിലേത് പോലെ
ജാനു എന്ന വേലക്കാരിയാണവർ
( മുൻപേ പറന്നവർ)
അരിക് വത്കരിക്കപ്പെട്ട ജനതകളുടെ കൂട്ടത്തിൽ സിനിമകളിൽ സാഹിത്യത്തിൽ നാണുവും ജാനുവും പാറു്വും വേലക്കാരികളായിരുന്നു. മനുഷ്യരായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. നമുക്ക് ശീലമായ പതിവ് കാഴ്ചകളിൽ വേലക്കാരിയാവാൻ മാത്രം വിധിക്കപ്പെട്ട, യന്ത്രം പോലെ പണിയെടുത്ത പെണ്ണുങ്ങളെ എവിടെയാണ് അടയാളപ്പെടുത്തിയത് എന്ന കനത്ത ചോദ്യം മുഴങ്ങി കേൾക്കുന്നുണ്ട് ഈ കവിതയിൽ.
ഒരു മൂളിപ്പാട്ട് പോലുമില്ലാത്ത പാറപോലെ ഉറച്ച് പോയ കുഞ്ഞുമോൾ മറ്റൊരു അടുക്കളയിൽ പരുവപ്പെടുകയാണ് എന്ന് കൈക്കലത്തുണികൾ എന്ന കവിത പറയുമ്പോൾ അടുക്കളയില്ലാത്ത വീടും കാൽപനിക കവിതയല്ലാത്ത അമ്മയും നമുക്ക് ചോദ്യമല്ലാതാകുന്നു. അത് ഉത്തരം മാത്രമായി മാറുന്ന ജീവിതമാകുന്നു .
ധീരയാം വരയാലൻ കണ്ടി കല്യാണിയമ്മ, ഈ ഗ്രാമത്തിനിതെന്തു പറ്റി, മഴ പെയ്യുമ്പോൾ ഒരു കാക്ക എന്നീ കവിതകൾ കാലങ്ങൾക്കിപ്പുറം സംഭവിക്കുന്ന മാറ്റങ്ങളോട് സംവദിക്കുന്നവയാണ്.
'എന്ത് അങ്ങെന്നും ഭവാനെന്നും
വിളിക്കാറുള്ള നിൻ്റെ
ഭയഭക്തി ബഹുമാനമെവിടെ'
എന്ന രാമൻ്റെ ചോദ്യത്തിന്
'എ ചാറ്റ് വിത്ത് രാമാ ' എന്ന കവിതയിൽ സീത മറുപടി പറയുന്നത് പെണ്ണുങ്ങളെ സംശയിക്കുന്നവർക്ക് സ്വസ്ഥതയുണ്ടാവില്ല എന്നാണ്. ഭയഭക്തി ബഹുമാനങ്ങൾ എടുത്ത് കളഞ്ഞ് ഓരോ പെണ്ണും നിവർന്ന് നിൽക്കുന്നുവെന്ന് രാമൻമാർ അറിയുന്നത് നല്ലതാണ്. പാതിവ്രത്യം തെളിയിച്ച് കുടുംബം നിലനിർത്തേണ്ട കുലമഹിമയുള്ള പെണ്ണിനെക്കാളും വ്യക്തിത്വവും അന്തസ്സുള്ള പെണ്ണുങ്ങൾ വളർന്നുവെന്ന് ഇന്ന് കാലം തെളിയിച്ചിരിക്കുന്നു. അത് വിജില കവിതകളിൽ തുറന്നടിക്കുന്നു. അതിനുമപ്പുറം സ്വാതന്ത്ര്യം ലൈംഗികത ,ജീവിതം, പ്രണയം എന്നിവയെല്ലാം ഓരോ മനുഷ്യൻ്റെയും തെരെഞ്ഞെടുപ്പുകളാണെന്ന ഓർമപ്പെടുത്തൽ കവിതകളിൽ കാണാം. ആണെന്നോ പെണ്ണെന്നോ ദലിതരെന്നോ ഉള്ള തരംതിരിവുകളിൽ, ജൈവികമായ വാസനകളാൽ ജീവിക്കാനുള്ള മനുഷ്യൻ്റെ പൊരുതൽ കണ്ടില്ലെന്ന് നടിക്കപ്പെടുന്നതിൻ്റെ ആത്മരോഷം വിജില ധീരമായി പങ്ക് വെയ്ക്കുന്നു
വളരെ സാധാരണ മനുഷ്യരെ കൊണ്ട് നിറഞ്ഞ വിജിലയുടെ കവിതകൾ തികച്ചും സാധാരണമായി ജീവിതത്തെ വരയ്ക്കുമ്പോൾ അവിടെ സമൂഹം മറന്ന് പോയ ,മാറ്റി നിർത്തിയ കുറച്ച് മനുഷ്യർ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം നൽകുന്നു. തുല്യത നഷ്ടപ്പെട്ട് പോയ ആ മനുഷ്യരിൽ കുടുംബപ്പേരില്ലാത്ത, പണിയില്ലെങ്കിൽ ജീവിക്കാനാവാത്ത ,ആറരയുടെ വണ്ടിയിൽ വരുന്ന, വരണ്ട്, കറുത്ത് മെല്ലിച്ച്, സ്വപ്നങ്ങൾ പോലുമില്ലാത്ത കുറച്ച് മനുഷ്യരുണ്ട്. പലപ്പോഴും പലരും കണ്ടില്ലെന്ന് നടിക്കുന്നവർ, വിനായകനെ പോലെ വാളയാർപെൺകുട്ടികളെ പോലെ, കെവിനെ പോലെ നീതി ലഭിക്കാത്തവർ .കവിത ഒരു രാഷ്ട്രീയ ബോധ്യമാകുന്നിടത്ത് വിജിലയുടെ കവിതകൾ പ്രതിഷേധത്തിൻ്റെ രാഷട്രീയമാകുന്നു. അവ നീളുന്നത് സമൂഹത്തിനു നേരെയാണ്. അവ പൊരുതുന്നത് അനീതികളോടാണ് കണ്ണടക്കുന്ന കാലത്തോടാണ്.