കവിതകൾ - ഷാഹിന വി.കെ
************
1.
പ്ലാവിലക്കഞ്ഞി
********************
രമയുടെ വീട്ടു ചുമരിൽ
നിറയെ ദൈവങ്ങളുടെ പടം
വില്ലു കുലയ്ക്കുന്ന രാമൻ
തേരു തെളിക്കുന്ന കൃഷ്ണൻ
മരതക മലയേന്തുന്ന ഹനുമാൻ
താമരപ്പൂവിലെ സരസ്വതി
നാണയങ്ങൾ ചൊരിയുന്ന ലക്ഷ്മി
പാമ്പിൻ പുറത്തേറി വിഷ്ണു
ഇവയ്ക്കിടയിൽ നരച്ച
മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും
എത്ര കണ്ടാലും മതിയാവാത്ത
ദൈവങ്ങളെ കണ്ണു വെച്ച്
ഒരു ദൈവ ചിത്രം പോലുമില്ലാത്ത
എന്റെ വീടിനെ ഞാൻ വെറുത്തു
ചുമരിൽ കരിക്കട്ട കൊണ്ട്
വില്ലു കുലയ്ക്കുന്ന രാമനെ വരച്ചു
രമയും അമ്പിളിയും സുപ്പനും
ഇത്താത്തയും മമ്മദും ജോസൂട്ടനും
കുഞ്ഞമ്മ കാണാതെ
മെടഞ്ഞോല മോഷ്ടിച്ച്
കുഞ്ഞിപ്പെര കെട്ടി
രമേന്റമ്മ കടം തന്ന കലത്തിൽ
കഞ്ഞിവെച്ചു
ജോസൂട്ടന്റെ അമ്മ തന്ന
പൊള്ളിച്ച മത്തി കൂട്ടി
കുഞ്ഞി പ്ലാവില കുത്തി
കഞ്ഞി കുടിച്ച്
കിറി തുടച്ച്
തോളിൽ തോൾ പിടിച്ച്
ഞങ്ങൾ അമീന ബസ്സായി
ആലുവയിലേക്ക് 'ബ്രൂം ' എന്ന്
വണ്ടി സ്റ്റാർട്ട് ചെയ്തു.
പച്ചവെള്ളം കുടിച്ച്
സുപ്പനോടിച്ച വണ്ടി
മുടങ്ങാതങ്ങനെ
ഞങ്ങൾക്കായി
സർവ്വീസ് നടത്തി.
ടി വിയിലെ രാമായണം കണ്ട്
ഞങ്ങൾ രാമനും രാവണനുമായി
കുടക്കമ്പികളെല്ലാം
അമ്പുകളായി
വില്ലുകുലച്ച് യുദ്ധം ചെയ്ത്
സീതയെ രക്ഷിക്കാൻ
ശ്രമിച്ചു കൊണ്ടിരുന്നു
അയോദ്ധ്യ എവിടെയെന്നറിയാതെ
രാമനു വേണ്ടി യുദ്ധം ചെയ്ത്
തളർന്ന ഒരു ദിവസമാണ്
ഉമ്മാമ്മ എന്നോട് പറഞ്ഞത്
വീട്ടിലിരിക്കെടീന്ന് ....
അയോദ്ധ്യയിലൊരു
രാമനുണ്ടത്രേ
അതാണ് യഥാർത്ഥ രാമൻ ന്ന്
രാമനു വേണ്ടി രഥയാത്രയ്ക്ക്
അച്ഛനോടൊപ്പം പോയതിൽ പിന്നെ
സുപ്പൻ ഞങ്ങളോട് മിണ്ടാതായി
ഞങ്ങൾ കുഞ്ഞിപ്പെര കെട്ടാതായി
പ്ലാവിലക്കഞ്ഞി കുടിക്കാതായി
ഉമ്മാമ്മ വഴക്കു പറയുന്നതു
കേൾക്കാതിരിക്കാൻ
ഉമ്മറത്തെ രാമന്റെ പടവും
ഞാൻ മായ്ച്ചു കളഞ്ഞു ...
2.
ഈറൻ കാറ്റിൽ മുടി പറക്കുമ്പോൾ
*********************************
എനിക്ക്
നന്നായി സാമ്പാറുണ്ടാക്കാനറിയാം
എന്റെ ചിക്കൻ കറിയുടെ ഗന്ധം
നാൽക്കവലയിലെ കുത്തിയിരിപ്പുകാരുടെ നാസാദ്വാരങ്ങളെ വരെ കൊതിതുള്ളിക്കാറുണ്ട്
എന്റെ രസത്തെക്കുറിച്ചോ
തീയൽ
പുളിശ്ശേരി
അവിയൽ
എന്നിവയെക്കുറിച്ചോ ഒരാൾക്കും
പരാതി പറയാൻ അവസരം കിട്ടാറില്ല.
എന്റെ ബിരിയാണിയും
പാലട പ്രഥമനും സ്വാദ് കൊണ്ട്
ആനമയക്കിയാണത്രേ ...
അടുക്കളയിൽ ഞാൻ പാചകം
ചെയ്യുകയല്ല,
മാന്ത്രിക വിദ്യകൾ പ്രകടിപ്പിക്കുന്നുവെന്നാണ്
അവരുടെ പക്ഷം.
പാചകത്തിൽ നിപുണയായതു കൊണ്ട്
മിക്കപ്പോഴും അടുക്കളയിൽ ഞാൻ ഒറ്റയ്ക്കാണ്.
എന്നോളം വരില്ല,
കൈപ്പുണ്യമെന്ന്
വീട്ടിൽ സകലർക്കും പരാതി ....
കുന്നു കൂടുന്ന പാത്രങ്ങൾ,
വിയർപ്പിൽ കുതിർന്ന വസ്ത്രങ്ങൾ
കഴുകിയുണക്കി
വീണ്ടും ഞാൻ
മായാജാലക്കാരിയാകുന്നു
എന്റെ മക്കൾ പഠനത്തിൽ
മിടുക്കരായത്,
സമയത്തിന്
സ്ക്കൂളിൽ പോകുന്നത്
എന്റെ മിടുക്കാണെന്ന്
എല്ലാവരും അഭിനന്ദിക്കുന്നു ...
ഇടയ്ക്ക് ഒറ്റയ്ക്കാകുമ്പോൾ
അടുക്കളയിലെ മായാജാലക്കാരിയാകുന്നതിനും
മുമ്പേ പോയ
ഒരു വിനോദ യാത്രയെക്കുറിച്ച്
ഞാനോർമ്മിക്കുന്നു
ഡ്രൈവർ സീറ്റിൽ കയറിയിരുന്ന്
സ്റ്റിയറിംഗ് തിരിച്ചതും
ബസ്സിനേക്കാൾ വേഗത്തിൽ
പുറകോട്ടു കുതിക്കുന്ന
കുസൃതിക്കാറ്റിൽ
ഈറൻ മുടി വിതുർത്തിയിട്ട്
ഉണക്കിയെടുത്തതും
ലല്ലല്ലം പാടുന്ന ചെല്ലക്കിളികളേ
എന്നാർത്തട്ടഹസിച്ച്
പാടിത്തുള്ളിയതും
കുന്നിൻ മുകളിലേക്ക്
വാശിയോടെ ഓടിക്കയറിയതും
ഏതോ കാട്ടുമൃഗത്തിന്റെ ഒച്ചയിൽ
ഭീതിയോടെ ചിതറിയോടിയതും
കോളേജിലെ ഫാഷൻ റാമ്പിൽ
ഒറ്റയടിവെച്ച് മിന്നിത്തിളങ്ങിയതും
എന്തിനെന്നറിയാതെ
ഏതോ സമരമുഖങ്ങളിൽ
തൊണ്ടകീറി മുദ്രാവാക്യം
വിളിച്ചതും
ഒന്നാമതായി ജയിച്ചതിന്
സ്വർണ്ണ മെഡൽ കഴുത്തിലണിഞ്ഞതും
ഞാൻ ഓർമ്മിക്കുന്നു ....
എനിക്ക് സാമ്പാർ വെക്കുന്നതിനേക്കാൾ
ഇഷ്ടമുള്ള കാര്യങ്ങൾ
വേറെയുമുണ്ടെന്നറിയുമ്പോൾ
ഇവരെങ്ങനെ ചിരിക്കാതിരിക്കും?
************
ഷാഹിന വി കെ
ആലുവ സ്വദേശി.
ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ എടത്തലയിൽ മലയാളം അദ്ധ്യാപിക.
പരിസ്ഥിതി, സ്ത്രീവാദ രാഷ്ട്രീയത്തിൽ താൽപര്യം.
സമൂഹ മാധ്യമങ്ങളിൽ കവിതകളിലൂടെയും സിനിമാ നിരൂപണങ്ങളിലൂടെയും സാന്നിദ്ധ്യമറിയിക്കുന്നു.
************