കവിതകൾ - അജിത എം.കെ
************
1.
അരഞ്ഞാണം
******
ഞാനണിയുന്ന
എന്നും കണ്ണാടിച്ചില്ലിലേയ്ക്ക്.
എടുത്തു വയ്ക്കുന്ന പൊട്ടുപോലല്ല...
മാറിയിടണമെന്നു തോന്നുമ്പോൾ..
ഇറക്കമുള്ളതു ........
കഴുത്തിലേക്ക് ഏറെ അടുത്തതുമായ.....
മാലകൾപോലല്ല.
പാത്രം തേയ്ക്കുമ്പോളും ....
തുണിയലക്കുമ്പോളും ...
തേഞ്ഞുതീർന്നെന്നു പറഞ്ഞു..
ഊരിവച്ച വളകൾ പോലെയല്ല .
ഒന്ന് പതിയെ ചുവടുവച്ചാൽ പോലും ..
കിലുങ്ങി ചിരിച്ചു....
ചുറ്റുമുള്ളവരുടെ ചെവികളേ മയക്കുന്ന...
കൊലുസുപോലെയുമല്ല
നിന്നൊക്കൊപ്പമുള്ള
ജീവിതമെന്നു ഓർത്തു..
ഓരോ നാളും....
ഞാനെടുത്തണിഞ്ഞ ..
സ്വപ്നങ്ങളുടെ ആഭരണങ്ങൾ .
അത് ഒരൊറ്റവണ്ണത്തിൽ..
ആരും കാണാതെ ..
ഏറെ ഗോപ്യമായി...
ഞാനെൻ അരയിൽ ചേർത്തിണക്കിയ
അരഞ്ഞാണം പോലാണ് ...
2.
തൊഴിലാളി ............
********
കല്ലെറിയപെട്ട വേശ്യയെ വായിച്ചപ്പോളെല്ലാം
ഇല്ലിത്താഴെ നിന്നിടത്തേയ്ക്ക് തിരിയുന്ന
പച്ചമൺറോഡ് താണ്ടി വരുന്ന
കുട്ടിക്യൂറാ മണക്കുന്നയൊരു പെണ്ണുടൽ
ഇല്ലിത്തഴപ്പുപോലുള്ളിൽ തിങ്ങി നിറയും...
ആരെയും നോക്കാതെ
എല്ലാവരുടെയും ഭാവങ്ങൾ അറിഞ്ഞും ...
കുനിഞ്ഞ മുഖത്തോടെ
രണ്ടുമൂന്ന് വീടുകൾക്കപ്പുറം
ഓലമെടഞ്ഞു മറച്ചയൊരതിരുള്ള
വീട്ടിലേയ്ക്ക്നടന്നു മറയുന്ന
ഇടവഴിയുടെ നിശബ്ദത പോലൊരു ഉടൽ ..
കുത്തുകല്ല് ചാടിയിറങ്ങി
ഞാനെത്തിനിൽക്കവേ ..
വിയർപ്പൊട്ടുമില്ലാത്ത മുഖത്തെ വലിയകണ്ണിൽ
ഇല്ലിമൂർച്ചപോലെയെന്തോ ഒളിപ്പിച്ച് ..
കൊളുത്തിവലിക്കുന്ന ചെറുചിരി നൽകി ..
മിനുത്ത ഇല്ലി തണ്ടുപോലുള്ള കൈയുയർത്തി യെന്റെ
കവിളിൽ തലോടി മറയുന്ന
ഇല്ലി തഴപ്പാർന്ന മുടിച്ചുരുളുമായി ഒരുവൾ ..
കാറ്റടിച്ച ഇല്ലിക്കൂട്ടത്തിൻ മർമ്മരം പോൽ
കഞ്ഞിമുക്കിയ സാരിയുടുത്ത
ഒരു പെണ്ണുടൽ ..
തഴച്ചു വളരുന്നുണ്ട് ....
ഇന്നും ഈ ഓർമ്മകൾ
" അവളുടെ തൊഴിലെന്നാണെന്നറിയാമോ "
യെന്നു പിറുപിറുത്ത് ..
കണ്ണേറുകിട്ടാതിരിക്കാൻ
അമ്മ അതിരിൽ നട്ട
ഇല്ലി തൈകൾ പോലെ ...
മുള്ളുകൾ നിറഞ്ഞ് ...
പൂത്തുലഞ്ഞ് .
പട്ടുപോയ ഒരു പെൺകാട് ...
********
അജിത എം.കെ :
കോട്ടയം ജില്ലയിലെ തെക്കുംമുറിയിൽ ആണ് ജനനം. വിവിധ കോളേജുകളിലായി മലയാളം ഐച്ഛിക വിഷയമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും. പൂർത്തിയാക്കി. വിദ്യാഭ്യാസ കാലങ്ങളിൽ തന്നെ എഴുതി തുടങ്ങിയിരുന്നു.ആനുകാലികങ്ങളിലും ലിറ്റിൽ മാഗസിനുകളിലും കഥകൾ, കവിതകൾ ,ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നിഴൽ മരങ്ങൾ പൂക്കുന്നിടം(വിചാരണ പബ്ലിക്കേഷൻ), വിരലുകളുടെ ആകാശം (മുദ്ര പബ്ലിക്കേഷൻ കോഴിക്കോട്) എന്നീ കവിതാസമാഹാരങ്ങളും വിദ്യാർത്ഥി പബ്ലിക്കേഷന്റെ 'മുദിദ ' , ' ,ഫോളിയോ പബ്ലിക്കേഷന്റെ 'ആകാശവും ഭൂമിയും തൊട്ട് ' എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ലെ ' പരസ്പരം ' മാഗസിൻ ഏർപ്പെടുത്തിയ കഥാപുരസ്ക്കാരം ,2019 തൃശൂർ ചേന്തിണ യുവ എഴുത്തുകാർക്ക് നൽകിയ പുരസ്ക്കാരം, കലാജനത 2018-19 കാവ്യപുരസ്ക്കാരം, 2018 ലെ ആദി ജനസഭയുടെ എഴുത്തുകാർക്കുള്ള പുരസ്ക്കാരം ,അംബേക്കർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഗവേഷകയാണ്.
************