കവിത - ആർഷ കബനി

കവിത - ആർഷ കബനി
***********

മുടി പിന്നുന്നതിൻ്റെ ശബ്ദമുയരുന്ന ആ മുറിയിൽ
***********
ഇതൊരു കവിതയല്ല,
പൂമ്പാറ്റകളുടെ കഥയാണ്,
പൂമ്പാറ്റകളുടെ പാട്ടെന്നെഴുതി,
പൂമ്പാറ്റകളുടെ വിശപ്പെന്ന് ഇതിനെ വായിക്കണം.
           

മണ്ണിരകളുടെ കിടപ്പറയിൽ -
അപ്രതീക്ഷിതമായി കടന്നതിൻ്റെ പകപ്പ് മാറിയിട്ട്,
നമുക്ക് പള്ളിമണികളുടെ പാട്ട് ശബ്ദം കുറച്ചു വെക്കാം.
പഴയ മുറിയിൽ മറന്ന ചെരുപ്പുകളെടുക്കാൻ -
ഈ വേരുകളെ പറഞ്ഞുവിടാം .
കൂട്ടത്തിൽ സുതാര്യമായ നമ്മുടെ രാത്രിയുടുപ്പുകളും.

ശവമടക്കിനെത്തിയവർ മടങ്ങിപ്പോയിട്ടുണ്ടാവും.
ഇനി, മുടികൾ പിന്നുമ്പോൾ കൊഴിയുന്ന ഇലകൾ കാണാൻ -
ആകശത്തേക്കുള്ള ജനലുകൾ തുറന്നിടാം .
ഒരു ചായ അനത്തി ചൂടോടെ കുടിച്ച് -
അന്തിയാവും മുൻപ് നടക്കാനിറങ്ങാം.

ജീവിച്ചിരിക്കുമ്പോൾ തോന്നിയ ക്ഷീണം മാറാൻ കൈ വീശി വീശിയങ്ങ് നടക്ക്.
പരസ്പ്പരം മുടികൾ പിന്നുന്നതിൻ്റെ,
കെട്ട് പിണഞ്ഞത് അഴിക്കുന്നതിൻ്റെ,
പിന്നലുകൾക്കൊപ്പം ഇലകൾ കൊഴിയുന്നതിൻ്റെ ആനന്ദം ,
ഒരാൾക്കും ഇനി പറഞ്ഞുകൊടുക്കേണ്ട.
മരണപ്പെട്ട് കഴിഞ്ഞിട്ടും സ്വവർഗാനുരാഗികളുടെ ,
പ്രേതങ്ങളായിതന്നെ നമ്മളിങ്ങനെ.

***********
ആർഷ കബനി :

വയനാട് പുൽപ്പള്ളി സ്വദേശി . മലയാള സർവകലാശാലയിൽ നിന്ന് പി ജി, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽനിന്ന് ജേർണലിസത്തിൽ പി.ജി ഡിപ്ലോമ. ആദ്യ കവിതാ സമാഹാരം ഉടൽച്ചൊരുക്ക്.
***********

Comments

(Not more than 100 words.)