കവിതകൾ - ബിന്ദു കൃഷ്ണൻ
***********
1.
തൊട്ടാൽ വാടരുത്
********
തൊട്ടാവാടീ
നീയെന്താണിങ്ങനെ ?
ഒന്നു തലോടാനല്ലേ
ഞാൻ
അപ്പോഴേയ്ക്കും .
പെൺകുട്ടീ
അടുത്തേക്കു നീണ്ടു വരുന്ന
ഓരോ കയ്യും
ഓരോ ഭീഷണിയാണ്
തഴുകിത്തഴുകി ഒടുവിൽ
അല്ലെങ്കിൽ ആദ്യം തന്നെ
അതേ നോക്കാനുള്ളു.
സ്വപ്നം കാണുന്ന
പെൺകുട്ടീ
വേണ്ടപ്പോൾ
ഉൾവലിയാൻ
നീയും പഠിക്കണം
അത്യാവശ്യം മുള്ളുകൾ
എപ്പോഴും കരുതി വയ്ക്കണം
എന്നിട്ടും ചില കൈകൾ
കയറിയിറങ്ങിപ്പോയാലും
പതിയെപ്പതിയെ
വീണ്ടും തലയുർത്തി
നനുത്ത പാടല പുഷ്പങ്ങളാൽ
ലോകത്തെ നോക്കി ചിരിക്കാൻ
നീയും ശീലിക്കണം
തൊട്ടാവാടികൾ
ആരേയും വിശ്വസിക്കാറില്ല
എന്നന്നേയ്ക്കുമായി
വാടാറുമില്ല.
2.
തിളങ്ങുന്ന സ്ത്രീകൾ
********
സ്നേഹിക്കപ്പെടുന്ന സ്ത്രീകളെ
പെട്ടെന്ന് തിരിച്ചറിയാം .
ഉള്ളിൽ ഒരു വിളക്ക് കത്തിച്ചു വച്ച പോലെ
അവർ തിളങ്ങിക്കൊണ്ടിരിക്കും .
വെളുക്കുമ്പോൾ മുതൽ രാപ്പാതി വരെ
ഓഫീസിലും വീട്ടിലുമായി
കറങ്ങിക്കൊണ്ടിരിക്കുമ്പോഴും
ഒരു പുഞ്ചിരിയും ഒരു തരി ഈണവും
അവരുടെ ചുണ്ടുകളിൽ തങ്ങി നിൽക്കും
ഓരോ ചലനങ്ങളിലുമുണ്ടാകും ഒരു താളം
സ്നേഹിക്കപ്പെടുന്നത്
ആരാലെന്നതനുസരിച്ച്
വഴിയിൽ ചിലർക്ക് പൂങ്കാവനങ്ങൾ
ചിലർക്ക് തമോ ഗർത്തങ്ങൾ
ചിലർ അനുനിമിഷം
പലതായ് പിളർക്കപ്പെട്ടുകൊണ്ടിരിക്കും
ഉള്ളിലെരിയുന്ന ദീപം
അവരുടെ ആത്മാവിൻ്റെ
അരികുകളെ
കരിയിച്ചുകൊണ്ടിരിക്കും
എങ്കിലും കാണും തിളക്കവും താളവും.
ആരാലും സ്നേഹിക്കപ്പെടാത്ത സ്ത്രീകൾ
ഒരു ശവഘോഷയാത്രയിലെന്ന പോലെ
ചുമടുമേന്തി തല കുനിച്ച്
നടന്നു കൊണ്ടേയിരിക്കും
നരകത്തിലൂടെ സ്വർഗമെന്ന സ്വപ്നത്തിലേക്ക്.
********
Paruvinte nimithangal