കവിത    - ഇ.മീര

കവിത   - ഇ.മീര

ലോക്ക്

    - ഇ.മീര

    

ഉച്ചയുടെ ജനലിലൂടെ

മാനം

നോക്കിക്കിടക്കുകയാണ്

അഴികൾക്കപ്പുറം

കണ്ണെത്തും ദൂരെ

ചില്ലകൾ..

ചില്ലകൾക്കപ്പുറം

കണ്ണെത്താ ദൂരത്തേക്ക്

തുറക്കുന്ന

മങ്ങിയ

ആകാശവെട്ടം

 

ചിരപുരാതനകാലം തൊട്ട്

മാറ്റമില്ലാത്ത

അതേ മാനം

ഇതുപോലെ 

ഇതേ മണ്ണിൽ നിന്ന്

മറ്റനേകം ജന്തുക്കൾ

നോക്കിനിന്നിട്ടുണ്ടായേക്കാവുന്ന

അതേ ആകാശം

 

ഇവിടെയും

കാടായിരുന്നിരിക്കണം.. 

എനിക്കുമുൻപേ..

പൂർവികർക്കും മുൻപേ..

ഈ കാട്ടിനുള്ളിൽ നിന്ന് 

ഏതെങ്കിലും ശിലായുഗ ജീവി

ഇതു പോലെ 

ഒരുച്ച നേരത്തിന്റെ നിരാശയിൽ

ഇതേ മാനം നോക്കി നിന്നിട്ടുണ്ടാകുമോ? 

 

ഉണ്ടാവാതെങ്ങനെ..

അരികിലൊരു 

കുന്തം കുത്തിച്ചാരി 

കല്ലിൽ കുന്തിച്ചിരുന്ന, വംശഗുണമറിഞ്ഞുപോയ 

ഒരു കാട്ടാള വിഷാദം?

അല്ലെങ്കിൽ 

ഉയരെ ഏതോ ചില്ലയിൽ നിന്ന് പാളിച്ചെരിഞ്ഞ്

ഒരൊറ്റക്കണ്ണൻ കാക്ക? 

അവശതയിൽ ഒന്നു മൂരി നിവർന്നു 

കോട്ടുവായിട്ടുകൊണ്ട് 

തിമിരക്കണ്ണുള്ള

ഒരു കിഴവൻപുലി? 

അതോ  

വിശപ്പിന്റെ പൊന്തകൾ

മുറിച്ച് 

പായുന്നതിനിടയ്ക്ക് 

വെറുതേ നിന്നുപോയ 

ഒരു ചെങ്കീരി? 

അതുമല്ലെങ്കിൽ 

നിൽക്കുന്ന ഇടത്തിന്റെ നിറം തന്നിലേയ്ക്ക് കലരുന്നുവെന്ന് 

സ്വയമറിഞ്ഞന്തിച്ചുപോയ 

ഓരോന്ത്? 

നീലവിഷമുള്ള ഒരു 

കരിന്തേള്? 

ഈ ചെളിയിൽ പുളഞ്ഞു തീരാറായ

ഒരു മണ്ണിര?! 

പിന്നേ....

മണ്ണിരയല്ലേ മാനം നോക്കുന്നത്! 

എന്താ നോക്കിയാല്?!

 

മുറിയുടെ 

ചുമരുകളിലിപ്പോൾ 

മഞ്ഞ വെളിച്ചമാണ്..

ഉച്ച 

ഒരു പെയിന്റടിക്കാരനാണ്

ചുമരിൽ വരച്ചുവച്ച 

ചില്ലകളിൽ 

തൂക്കിയ 

തുറന്ന കിളിക്കൂടുകളിൽ നിന്ന് 

ഒരു കിളി 

മൂച്ചിക്കൊമ്പത്തേയ്ക്ക് പറന്നിരുന്ന് വിളിച്ചു.. 

'വാ... '

 

കിളിയ്ക്കരികിൽ തൊട്ടിരുന്നപ്പോൾ 

കിളി പറഞ്ഞു: 

'നോക്ക്.. 

ഇനി കുറച്ചു നേരം ഇവിടിരുന്ന് 

നിന്റെ മുറി നോക്ക്.. 

നോക്ക്.....'

 

ഇ.മീര :

ചിത്രകാരി , കവി , വിവർത്തക. 

ഇലവീട്, പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (വിവർത്തനം) , ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (വിവർത്തനം ) എന്നിവ പ്രധാന പുസ്തകങ്ങൾ .

 

Comments

(Not more than 100 words.)
Oct 16, 2022

Superb

Oct 16, 2022

Superb