എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ
- ഹാല ശുരൊഫ്
വിവർത്തനം - സൗമ്യ പി എൻ
എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ സ്വപ്നത്തിൽനിന്നുയർന്നുവരുന്നു,
അപ്പോഴും ഉഷ്ണം തോന്നി
അവൾ ഹൃദ്യമായ പുലരിയിലേക്ക് ജനൽപാളികൾ തുറന്ന് കിളികളെ തന്റെ ചിത്രത്തുന്നലുള്ള ദുപ്പട്ടയിൽ വന്നിരിക്കാൻ വിളിക്കുന്നു.
എന്നിട്ടവൾ സമയമെടുത്തു കണ്ണാടിക്കുമുൻപിൽ സ്വയം മിനുക്കുന്നു
മുഖത്ത് തെളിഞ്ഞ കാലത്തിന്റെ ചുളിവുകൾ തന്റെ കവിളിൽ
വര വീഴ്ത്തുന്നതും മാറിമാറിയുന്ന സ്വർണവിലയും
അവളുടെ സ്വൈര്യം കെടുത്തുന്നു
ഒരു പിടി പ്രശ്നങ്ങളുമായി ഞാനിവിടെയുണ്ട്
അവന്റെ ശവമടക്കും തുടർന്നുള്ള തളർച്ചയും കാത്ത്.
എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ
കഴിഞ്ഞകാലത്തിന്റെ കുപ്പായമൂരി
കട്ടിലിന്റെകാൽക്കൽ തൂക്കിയിട്ട്
അടുത്ത വിമാനത്തിൽ കയറി പുതുവർഷമാഘോഷിക്കാൻ പോകുന്നു.
മുടിഞ്ഞ കാറ്റത്തെ തൂവാലപോലെ നേർത്തതാണവളുടെ ഓർമ്മകൾ
ഒരു ചിന്തയുമവളെ കുഴക്കുന്നില്ല
ഓരോ ദിവസവും നാൾഫലം കേൾക്കുന്നതും ഉറ്റകൂട്ടുകാർക്ക് എന്ത് സമ്മാനം കൊണ്ടുകൊടുക്കണമെന്ന് ഓർക്കുന്നതുമല്ലാതെ ഒന്നും അവളെ അലട്ടുന്നില്ല.
പൂക്കളിഷ്ടമാണവൾക്ക്
എന്നും രണ്ടുതവണ വാങ്ങുകയും ചെയ്യും
അവൾക്ക് മനസ്സിലാവാത്തത് വേലിക്കമ്പികളുടെ നിറപ്പൊലിമയാണ്
ഏറ്റവുമധികം അവളുടെ ഉറക്കം കെടുത്തുന്നത്
കാത്തുകാത്തിരുന്നൊരു ആഘോഷം ഓർക്കപ്പുറത്തു മാറ്റിവെക്കുന്നതാണ്.
ഞാനിവിടെ ആകുലതകളുടെ നാട്ടിൽ ഒരു മൂലക്ക്
എന്റെ ഓർമച്ചിറകുകൾ വിരുത്തിയിരിക്കയാണ്
രാവ് അത് കണ്ട്
മടുത്തിട്ട്,
മായുന്ന കാർമേഘങ്ങൾക്ക് പിന്നാലെ നീങ്ങിപ്പോയേക്കും എന്ന പ്രതീക്ഷയിൽ.
പലസ്തീനിലെ രാമല്ലയിൽ താമസിക്കുന്ന ഒരു എഴുത്തുകാരിയാണ് Hala Shurouf. 1978ൽ ലിബിയയിൽ ജനിച്ച അവർ സിറിയയിലും ലബനനിലും ജോർദാനിലും കഴിഞ്ഞ ശേഷം 1995ൽ പലസ്തീനിലേക്ക് താമസം മാറ്റി. അവരുടെ I will follow a cloud, I did not cross the river എന്നീ കവിതാസമാഹാരങ്ങൾ പല പുരസ്‌കാരങ്ങൾക്കും അർഹമായിട്ടുണ്ട്.