പട്ടയകള്ളാത്ത്
- ലിജിന കടുമേനി
ആദിലെ മണ്ണില് വന്തേര്
നാങ്കടെ കൂട്ടം
ആദിലെ മണ്ണില് വന്ത മണ്ണിണ്ടെ മക്ക
കാടും മലയതും നടന്ത്
കാട്ടു കിയങ്കതും തിന്ത്
കാട് പൂകിയ കൂട്ടം
നാങ്ക കാട്ടു വാസി കൂട്ടം
കാട്ട് തെളിനീരില് കുളിച്ച് തെളിച്ച്
കാട്ട് കുളിരതും കൊണ്ട് നടന്ത്
കാട്ടില തേവങ്ക് മീത് കൊട്ത്ത്
കയ്ഞ്ചേര് നാങ്ക
അച്ചരമെന്ത്ണ് തിരിയാത്തേരായ്
പള്ളിക്കൂടം കാണത്തേരായ്
കാടിറങ്കാ നാങ്ക ആദിമക്ക
നാങ്കളോ തന്തോയത്തോടെ കയിഞ്ച കാല്ത്ത്
നാങ്കളോ കാട് തെളിച്ച് വിളെ നെലാക്കി
ഇത് കണ്ട്ട്ട് നിങ്കളോ
കാട് കയ്യേറിറ്റ്
നാങ്കളടിയാളാരാക്കി
അരിയും പെരിയും തിരിയ നാങ്കള ചതിച്ചേ
കെണികണ്ട നിങ്കളോ മേലാളരായ്
നിങ്കളോ കാടായ കാട് കട്ടെടുത്ത്ട്ട്
നാടങ്ക് പാങ്ങില് ചമച്ചങ്ക് വാണേ
അണ്ണ് മണ്ണിണ്ടെ മക്കളായേരാ നാങ്ക ഇണ്ണേക്ക് പട്ടയകള്ളാത്ത് തേടി നീളന്നേ
**************
'നാങ്ക നാങ്കടെ മണ്ണില് കീഴാളരായത് എങ്ങണെ?' -
ലിജിന കടുമേനിയുടെ പട്ടയക്കള്ളാത്തിനെ മുൻ നിർത്തി ഒരു പഠനം
- അശ്വനി ആർ ജീവൻ
കേരളം ആരുടേതാണ്?" എന്ന ചോദ്യം ഈ അടുത്ത കാലം വരെ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിന് സങ്കീർണമായ ഒന്നായിരുന്നില്ല. മലയാള നാടെന്നും മലയാളികളുടെ നാടെന്നും ഇനിയതുമല്ലെങ്കിൽ ' ലാൻഡ് ഒഫ് മല്ലൂസ്' എന്നുമൊക്കെ ഓമനിച്ച് വിളിച്ച് കേരളം മലയാളികളുടേത് ആണെന്ന ഒരു ശക്തമായ ധാരണ ഉള്ളിലുറപ്പിച്ചിട്ടുള്ളതിനാൽ പലർക്കും മറിച്ച് ഒരു ഉത്തരത്തെ കുറിച്ച് ആലോചിക്കേണ്ടി വന്നിട്ടില്ലായിരുന്നു. പൊതു സമൂഹത്തിന്റെ അറിവില്ലായ്മ മൂലം കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങൾ, കേരളത്തിൽ വസിക്കുന്നവർ എന്ന അർത്ഥത്തിൽ 'മലയാളികൾ' എന്ന ലേബലിൽ പലപ്പോഴും ഉൾപ്പെടുത്തപ്പെടുത്തപ്പെട്ടു. മനപ്പൂർവ്വമോ അല്ലാതെയോ സൃഷ്ടിക്കപ്പെട്ട ഈ കപട ബോധങ്ങൾക്കു മേലുള്ള ശക്തമായ പ്രഹരവും കൃത്യമായ പ്രതിരോധവുമാണ് കേരളത്തിലെ ഗോത്രഭാഷാ കവിതകൾ. കേരളത്തിന്റെ ഭാഷ മലയാളം മാത്രമല്ലെന്നും തങ്ങളുടെ മാതൃഭാഷകളുടെ ശബ്ദം കൂടി അതിനുണ്ടെന്നും ഗോത്ര ഭാഷാ എഴുത്തുകാർ പറഞ്ഞു വക്കുന്നു.
കേരളത്തിലെ ഗോത്ര ഭാഷാ കവിതകളിൽ മലവേട്ടുവ ഭാഷയുടെ പ്രതിനിധാനം ഉറപ്പാക്കപ്പെട്ടത് പ്രകാശ് ചെന്തളം, ലിജിന കടുമേനി എന്നിവരിലൂടെയാണ്. മലയാളവും തുളുവും കലർന്ന ഭാഷയാണ് മലവേട്ടുവ ഗോത്രത്തിന്റേത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുള്ള ഈ ഗോത്രത്തിന്റെ ഭാഷയുടെ നിലനിൽപ്പും ഇപ്പോൾ പ്രതിസന്ധിയിലാണ്. സ്വഭാഷയുടെ നിലനിൽപ്പിനു വേണ്ടിയുള്ള ശക്തമായ സമരവും കൂടിയാണ് പ്രകാശ് ചെന്തളത്തിനും ലിജിന കടുമേനിക്കും തങ്ങളുടെ എഴുത്തുകൾ.
സംവദിക്കുന്ന രാഷ്ട്രീയം കൊണ്ടും ശില്പഭദ്രത കൊണ്ടും ശ്രദ്ധേയമായ കവിതയാണ്ലിജിനയുടെ 'പട്ടയക്കള്ളാത്ത്' . 'പട്ടയക്കള്ളാത്ത്' എന്ന മലവേട്ടുവ വാക്കിന്റെ മലയാള അർത്ഥം പട്ടയക്കടലാസ് എന്നാണ്. പട്ടയത്തിനു വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം നടന്ന വിവിധ ആദിവാസി ഭൂസമരങ്ങളുടെ ഒരു വലിയ ചരിത്രത്തെ ഈ കവിതയുടെ ശീർഷം പ്രതിഫലിപ്പിക്കുന്നു.
ആദികാലത്ത് തന്നെ മണ്ണിൽ വന്ന മണ്ണിന്റെ മക്കളാണ് തങ്ങളെന്ന് എഴുത്തുകാരി സമൂഹത്തെ ഓർമപ്പെടുത്തുന്നു.
കാട്ട് തെളിനീരില് കുളിച്ച് തെളിച്ച്
കാട്ട് കുളിരതും കൊണ്ട് നടന്ത്
കാട്ടില തേവങ്ക് മീത് കൊട്ത്ത്
കയ്ഞ്ചേര് നാങ്ക
കാടിന്റെ മക്കളായി കാട്ടിലും മലയിലും യഥേഷ്ടം വിഹരിച്ച് കാട്ടു കിഴങ്ങുകളും ഭക്ഷിച്ച് കാട്ടിലെ ദൈവങ്ങൾക്ക് ' മീത്' കൊടുത്ത് കഴിഞ്ഞവർ ആയിരുന്നു തങ്ങളുടെ ഗോത്രം. 'മീത്' സമർപ്പണം എന്നാൽ ഇഷ്ടകാര്യ സിദ്ധിക്കായി
കള്ള്, അവൽ മലർ കോഴി എന്നിവ ദേവന് സമർപ്പിച്ച് സംതൃപ്തനാക്കി, പൂജിക്കുന്ന മലവേട്ടുവ വിഭാഗത്തിന്റെ തനത് ആചാരമാണ്.
പ്രകൃതി അറിവുകൾ ധാരാളമുണ്ടായിരുന്ന തങ്ങൾക്ക് അറിവു നേടാൻ വിദ്യാലയത്തിൽ പോകേണ്ടതില്ലായിരുന്നു. പക്ഷെ, അക്ഷരമറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ പൊതു സമൂഹം തങ്ങളുടെ ഗോത്രത്തോട് ചെയ്ത ചതിവുകൾ ഒരു പക്ഷേ നേരത്തേ തിരിച്ചറിയനായേനെ എന്ന് എഴുത്തുകാരി പ്രത്യാശിക്കുന്നു.
'പുനംകൊത്ത്' ചെയ്യുന്നതിൽ അഥവാ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിൽ മലവേട്ടുവ ഗോത്രം അതിസമർത്ഥരാണ്. തങ്ങൾ സന്തോഷത്തോടെ, ഒരുമയോടെ കഴിഞ്ഞ കാലത്താണ് ഇതെല്ലാം ചെയ്യാൻ സാധിച്ചത് എന്നും ഗോത്രാംഗങ്ങൾ കൃഷി നിലമാക്കിയ സ്ഥലം കണ്ടിട്ട് കാട് കയ്യേറിയ പൊതു സമൂഹത്തിൽ നിന്നുള്ളവർ നിഷ്കളങ്കരായ തങ്ങളെ സ്വന്തം മണ്ണിൽ അടിയാളരാക്കുകയായിരുന്നു എന്നും കവി സമൂഹത്തെ ഓർമിപ്പിക്കുന്നു. പൊതു ചരിത്രങ്ങളിലെവിടെയും രേഖപ്പെടുത്താതെ പോയ ഗോത്ര ചരിത്രത്തിന്റെ ഉണങ്ങാത്ത മുറിവുകൾ കവിയെ അസ്വസ്തയാക്കുന്നു.
നിങ്കളോ കാടായ കാട് കട്ടെടുത്ത്ട്ട്
നാടങ്ക് പാങ്ങില് ചമച്ചങ്ക് വാണേ
എന്ന വരികളിൽ നിഷ്കളങ്കരായിരുന്ന സ്വന്തം ജനതയെ ചതിച്ച്, മേലാളരായി, കാട്, നാടാക്കി മാറ്റിയവരോടുള്ള
അമർഷവും പ്രതിഷേധവും കവി തുറന്നു പറയുന്നു.
അണ്ണ് മണ്ണിണ്ടെ മക്കളായേരാ നാങ്ക
ഇണ്ണേക്ക് പട്ടയക്കള്ളാത്ത്
തേടി നീളന്നേ
എന്ന് കവിത അവസാനിക്കുമ്പോൾ ഒരു ജനത എങ്ങനെയാണ് അധികാരത്തിന്റെയും ശക്തികേന്ദ്രങ്ങളുടെയും കടന്നുകയറ്റത്താൽ സ്വന്തം ഇടങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടത് എന്നത് കവിതയിലുട നീളം പ്രതിഫലിക്കുന്നുണ്ട്. പട്ടയം കിട്ടാത്തവരായി, ജനിച്ചു, വളർന്ന്, ജീവിച്ച്, തങ്ങളുടെ പൂർവ്വികന്മാർ ഉറങ്ങുന്ന മണ്ണിൽ നിന്നും ഏത് നിമിഷവും കുടിയിറക്ക് ഭീഷണി നേരിടുന്ന നിരവധി ഗോത്രവർഗക്കാർ ഇന്നും ഇവിടെയുണ്ട് എന്ന ഓർമപ്പെടുത്തൽ തരുന്ന നടുക്കം വളരെ വലുതാണ്.
കാടും പ്രകൃതിയും ഗോത്രഭാഷയും തനത് അറിവുകളും ഇന്ന് പുതിയ തലമുറക്ക് അന്യമാണ്. നഷ്ടപ്പെട്ടതിന്റെ വീണ്ടെടുപ്പു കൂടിയാണ് ഗോത്രഭാഷയിലെഴുതുന്ന ഓരോ കവിതയും. തങ്ങളുടെ പൂർവ്വികന്മാരോട് സമൂഹം ചെയ്ത തെറ്റുകൾ ലിജിനയെ പോലുള്ളവർ കാലങ്ങൾക്ക് ഇപ്പുറത്ത് നിന്നു കൊണ്ട് ചോദിക്കുമ്പോൾ കാലം മറുപടി പറഞ്ഞേ മതിയാവൂ.
*****************
ലിജിന കടുമേനി
*******
കവി, കഥാകൃത്ത്, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ ലിജിന, മലവേട്ടുവ ഗോത്രാംഗമാണ്. 1996 മാർച്ച് 1ന് കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി കടുമേനി, സർക്കാരി എന്ന ഗോത്ര ഗ്രാമത്തിൽ കുഞ്ഞിരാമൻ ലക്ഷ്മി ദമ്പതികളുടെ മകളായി ജനനം. കാസർഗോഡ്, പരവനടുക്കം ജി.എം.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി. തുടർ പഠനത്തിനായി പയ്യന്നൂർ ഗവണ്മെന്റ് കോളേജിൽ ചേർന്നുവെങ്കിലും ചില കാരണങ്ങളാൽ പഠനം പൂർത്തീകരിക്കാൻ സാധിച്ചില്ല. തുടർന്ന് അക്കൗണ്ടിംഗ് (വൈബ്‌സ്), മുന്നാട് സഹകരണ കോളേജിൽ നിന്നും ജെഡിസി, എന്നീ കോഴ്സുകൾ പൂർത്തിയാക്കി.
ലോക്ക് ഡൗൺ കാലത്ത് രചിച്ച കൊറോണ എന്ന ഗോത്ര കവിതയിലൂടെയും, ലോക്ക് ഡൗണിനെ പ്രണയിച്ചവൾ എന്ന ചെറു കഥയിലൂടെയും ജന ശ്രദ്ധ നേടി.
പ്രധാന രചനകൾ : ലോക്ക് ഡൗണിനെ പ്രണയിച്ചവൾ (കഥ ) കൊറോണ (ഗോത്ര കവിത ) പട്ടയക്കള്ളാത്ത് (ഗോത്ര കവിത ) പെണ്ണ് ( കവിത ) .
****************
അശ്വനി ആർ. ജീവൻ
കവി, ലേഖിക , ഗവേഷക എന്നീ നിലകളിൽ പ്രവൃത്തിക്കുന്നു.