വിലക്കുകളില്ലാതെ
- നീലേശ് രഘുവംശി
വിവർത്തനം - ഡോ. ബിന്ദു വെൽസാർ
ഉറക്കമില്ലാതെ അസൂയയില്‍ വിങ്ങി
റോഡരികില്‍ ഉറങ്ങുന്ന
നായയോടു പോലും
അസൂയപൂണ്ട്
ജീവിതത്തിലെ ഇല്ലായ്മകളാല്‍
നീരൊഴുക്കിനെ പോലും
പ്രതീക്ഷയോടെ നോക്കുമ്പോള്‍
അന്ത്യാഭിലാഷമോ
അതോ ആദ്യാഭിലാഷമോ കൊതിക്കുന്നു ഞാൻ
വിലക്കുകളില്ലാതെ ജീവിക്കാൻ.
പാതിരാത്രി വിലക്കുകളില്ലാതെ
പുറത്തിറങ്ങി നടക്കണം
രാത്രി പന്ത്രണ്ടുമണിയുടെ ഷോ കണ്ടിറങ്ങി
പോക്കറ്റില്‍ കൈയിട്ട്
റെയില്‍വേ സ്റ്റേഷനിലൂടെ
കറങ്ങി നടക്കണം
ഇടക്കൊന്നു കാത്തിരിപ്പ് മുറിയില്‍ പോകണം
ഒഴിഞ്ഞ മൂലയിലെ ബെഞ്ചിനെ
അതിരില്ലാത്ത മോഹങ്ങള്‍ കൊണ്ട് നിറയ്ക്കണം
വിജനമായ പ്ലാറ്റ്ഫോമില്‍
കാണുന്നവര്‍ക്ക്
‘മറ്റവള്‍’ എന്ന് തോന്നരുത്.
എന്നെ ‘മറ്റവള്‍’ എന്നറിയണ്ട.
തെരുവിലെ ഒരേയൊരു തട്ടുകടയില്‍ നിന്നും
ചായ കുടിച്ചുകൊണ്ടു
സമാധാനമായി
പാതിരാത്രിയുടെ പടമെടുക്കണം
ഒരു സര്‍ഗസൃഷ്ടിക്കായി
കണ്ണുകളെ ചക്രവാളത്തിനുമപ്പുറത്തേക്ക്
പായിക്കണം
സര്‍ഗരചനയ്ക്കാവശ്യമായ
വാക്കുകളും വര്‍ണങ്ങളും എനിക്കും വേണം.
പാതിരാത്രിയിലും നിറഞ്ഞു ജീവിക്കാന്‍
കൊതിക്കുന്ന ഒരു മനസ്സുണ്ടെങ്കില്‍
കൈയില്‍ കല്ലുമായി
നടക്കേണ്ടി വരരുത്
നോക്കുന്നവര്‍ നോക്കട്ടെ ഒരു
പൗരനെപ്പോലെ
പൗരന്‍റെ എല്ലാ അര്‍ത്ഥങ്ങളും
പൊളിച്ചെഴുതിയ
ഈ ഉടലത്ര നികൃഷ്ടമാണോ.
ഉയരുന്നു ഒരു കുളിരല നട്ടെല്ലിലൂടെ
കലണ്ടര്‍, ഹോര്‍ഡിങ്ങുകള്‍, പരസ്യം, ഐറ്റം സോങ്ങ്
തിരശ്ശീലയിലെ മോഹിപ്പിക്കുന്ന കച്ചവട ശരീരം
ഹോര്‍ഡിങ്ങില്‍ പടര്‍ന്നു കിടക്കുന്ന
കണ്ണഞ്ചിപ്പിക്കുന്ന ഉടല്‍ ഭംഗി
കണ്ണുകള്‍ എത്ര ഉയരങ്ങളെ തൊടാന്‍ നോക്കുന്നോ
നട്ടെല്ല് അത്രയും താഴേക്ക് വളയുന്നു
നട്ടെല്ലില്ലാത്ത ആത്മാവും മോഹിപ്പിക്കുന്ന ഉടലും
ആര്‍ക്കറിയാം ആര് എപ്പോള്‍ അത് പറിച്ചെറിയുമെന്ന്
അതിനാല്‍ സമൂഹത്തിന് പുറം തിരിഞ്ഞു
അര്‍ദ്ധരാത്രിയില്‍
വിലക്കുകളില്ലാതെ കറങ്ങി നടന്ന്
വെള്ളത്തിന് സ്വന്തമായൊരു കടൽ
വടിവേകാൻ കൊതിക്കുന്നു ഞാൻ.
നീലേശ് രഘുവംശി :
ജനനം 4 ഓഗസ്റ്റ് 1969 ൽ മധ്യപ്രദേശിൽ.
കവിതാസമാഹാരം – ഘര്‍ നികാസി, പാനി കാ സ്വാദ്, അന്തിം പക്തി മേം
നോവല്‍ - ഏക് കസ്ബെ കാ നോട്ട്സ്
പുരസ്‌കാരം – ഭാരത് ഭൂഷന്‍ അഗ്രവാള്‍ പുരസ്‌കാരം, കേദാര്‍ സമ്മാന്‍
ഹിന്ദിയിലെ സുപ്രസിദ്ധ സ്ത്രീപക്ഷ എഴുത്തുകാരി. ഭാരതത്തിലെ സാധാരണക്കാര്‍ കടന്നു പോകുന്ന ജീവിതാനുഭവങ്ങളുടെ വ്യക്തവും ശക്തവുമായ അടയാളപ്പെടുത്തലുകള്‍ നീലേശ് രഘുവംശിയുടെ കൃതികളില്‍ കാണാം. സ്ത്രീയുടെ സ്വപ്നങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, ആത്മസംഘര്‍ഷങ്ങള്‍ക്കും ശബ്ദം നല്‍കിയ കവയത്രി. അവളുടെ മത-സാമൂഹിക-സാംസ്കാരിക ചിന്തകളും ആശയങ്ങളുടെയും സമാനതകളില്ലാത്ത രേഖപ്പെടുത്തല്‍ ആണ് നീലേശ് രഘുവംശിയുടെ എഴുത്തുകള്‍.