കവിതകൾ -ബിന്ദു സജീവ്

കവിതകൾ -ബിന്ദു സജീവ്

1

ബാബയും ദത്താത്രേയനും

 

മഞ്ഞു വീഴുന്ന

മലയിടുക്കുകളിലൂടെ

അവർ ദിവസവും

പ്രഭാത സവാരി നടത്തും

വരും വഴി

നാലാം വളവിലെ പീടികയിൽ

കയറി *കാപ്പി കുടിക്കും

വാർത്തകൾക്ക് കാതോർക്കും

കുളികഴിഞ്ഞ്

തെക്കൻ കാറ്റുകൊണ്ട്

ഗുഹയ്ക്കകം

അപ്പുറമിപ്പുറം

ആസനസ്ഥരാവും

ജയന്തി ആഘോഷങ്ങളിൽ,

ഉറൂസിൽ

അവർ

ഒരുമിച്ചിരിക്കും

അഭിഷേകം കൊള്ളും.

ചില സന്ധ്യകളിൽ

അവിടെ

സൂഫി സംഗീതമുണ്ടാവും

ചുറ്റുമുള്ള മലകളപ്പോൾ

ഒറ്റക്കാലിൽ നൃത്തം ചെയ്യും

ചിലപ്പോൾ

താണ്ഡവമാണ്

പ്രപഞ്ചമപ്പോൾ

നിശബ്ദമായി

ആ നടനത്തിൽ മുഴുകും

പതിയെ പതിയെ അവിടമാകെ

വെളിച്ചം പരക്കും

അന്നാദ്യമായാണ്

ഗുഹയ്ക്ക് പുറത്ത്

ഇരുമ്പു കമ്പി വളയങ്ങൾ

ഉയർന്നത്

അകത്തും.

ആരും കാണാതെ

അവരാ കമ്പി വളയങ്ങളിൽ

ദിവസവും

അർച്ചന പൂക്കൾ കൊരുത്തിടും

അകത്തെ

അതിർത്തി

കടന്ന്

പതിവുപോലെ

തോളിൽ കയ്യിട്ട്

കുശലം പറയും

പറഞ്ഞു തീരാതെ

ഒടുവിൽ കെട്ടിപ്പിടിച്ച്

ഉറങ്ങിപ്പോകും

പിറ്റേന്ന്

കാണാനെത്തുന്നവരെ

ഒരിടത്തിരുന്ന് കാണും

ആരവങ്ങൾക്കിടയിൽ

ഒറ്റയൊറ്റ സങ്കടങ്ങൾ

ഇരുമ്പ് വേലി പൊളിച്ച്

ഗുഹയ്ക്കകം നിറയുമ്പോൾ..

ഇരുവരുമൊന്നായ്

അവിടമാകെ പടരും.

* ബാബാ ബുധൻ ഗിരി - കർണാടകയിലെ ചിക്കമംഗളൂർ ജില്ലയിലെ ബാബാ ബുധൻഗിരി അഥവാ ദത്താത്രേയ പീഠ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആരാധനാ കേന്ദ്രമാണ്. വർഷങ്ങളായി ഇവിടത്തെ ഗുഹയിലെ ദർഗ്ഗകളിലും ദത്താത്രേയ പീഠത്തിലും ഇരു വിഭാഗങ്ങളും ഒരുമിച്ചാണ് ദർശനം നടത്തിയിരുന്നതെങ്കിലും ഇന്ന്

തര്‍ക്കങ്ങളുടെയും ഒത്തു തീർപ്പുകളുടെയും നടുവിലാണിവിടം

*കാപ്പി- പതിനൊന്നാം നൂറ്റാണ്ടിൽ വെസ്റ്റ് ഏഷ്യയില്‍ നിന്ന് മത പ്രചരണാർത്ഥം ഇന്ത്യയിലെത്തിയ ഹസ്രത്ത് ദാദാ ഹയാത്ത് മീര്‍ കലന്തര്‍ എന്ന സൂഫിവര്യന്റെ ശിഷ്യനായ ബാബാ ബുധനാണ് ഇന്ത്യക്കാർക്ക് കാപ്പി പരിചയപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ഹജ്ജ് തീർത്ഥാടനം കഴിഞ്ഞു വരുമ്പോൾ യെമനിൽ നിന്ന് കൊണ്ടു വന്ന ഏഴു കാപ്പിക്കുരുക്കൾ ചിക്കമംഗളൂരിൽ നട്ടു വളർത്തുകയായിരുന്നു

2

ഗൗരി

 

ബെംഗളൂരുവിലേക്കുള്ള ഒരു

രാത്രി യാത്രയിൽ

ബസ്

രാജരാജേശ്വരി നഗർ ഗേറ്റിനടുത്തെത്തിയപ്പോൾ

മെലിഞ്ഞ ശരീര പ്രകൃതിയുള്ള,

മധ്യവയസ്കയെന്ന് തോന്നിക്കുന്ന

ഒരുവൾ

നിർത്താൻ കൈ കാണിക്കുന്നു.

ഇറുങ്ങിയ കണ്ണുകളിൽ

ഇരുട്ട് ഓടിപ്പോയതിന്റെ

അടയാളങ്ങളുണ്ട്

അസമയം,

പെണ്ണ്

എന്നിവയുടെ സ്റ്റിയറിംഗ് തിരിച്ചുകൊണ്ടിരുന്ന

ഡ്രൈവറെ അവർ

കന്നഡയിലെ ഒരുറച്ച വാക്കിൽ

ബ്രേക്ക് ചവിട്ടിക്കുന്നു

ഇപ്പോൾ

ഞാനുമവരും ഒരേ ബസ്സിൽ,

അടുത്തടുത്തിരിക്കുകയാണ്

അവരുടെ ബാഗിൽ നിന്ന് പുറത്തേയ്ക്ക്

തലയിട്ട പേപ്പറുകൾക്കിടയിൽ നിന്ന്

*പത്രികെ എന്ന കന്നഡ വാക്ക്

ഞാൻ വായിച്ചെടുത്തു

അതിനുള്ളിലെ അക്ഷരങ്ങൾക്ക്

കാന്തിക വലയം ഉണ്ടായിരുന്നോ

അവർക്കും.

ഇടയ്ക്ക് പഴകിയ ചോരയിൽ

തണുപ്പ് വീണ പോലുള്ള ഗന്ധം ബസ്സിലാകെ

പരക്കുന്നുണ്ടായിരുന്നു

തോന്നലെന്നു കരുതാവുന്നതിന്റെ

സാധ്യതകളെ കുറിച്ച് ഉപന്യാസമെഴുതാമായിരുന്നു

വേണമെങ്കിൽ എനിക്കപ്പോൾ

ഈ സമയത്ത്

പാതി വഴിയിൽ നിന്ന് കയറിയതെന്തായിരിക്കും

എന്ന എന്റെ സംശയത്തെ

നഗ്നമാക്കി

അവർ പറഞ്ഞു

തുടക്കം എന്നത് ആപേക്ഷികമാണ്

ദൂരമല്ല, ലക്ഷ്യമാണ് പ്രധാനം.

ഭൂമിയിൽ

ഏറ്റവും കുറവ് ആളുകൾ

സംസാരിക്കുന്ന ഭാഷപോലും

അപ്പോൾ ആ വാക്കുകൾ കൊതിച്ചിട്ടുണ്ടാവണം

ഇടയ്ക്ക്

ഇടം കണ്ണിട്ടുള്ള എന്റെ നോട്ടങ്ങളുടെ

നിഴൽപറ്റിയൊരു ജല കണമപ്പോൾ

ഞങ്ങളെ നനച്ചു പോയപോലെ.

അവരപ്പോൾ വെളുക്കെ ചിരിച്ചു ചോദിച്ചു

എന്ത് ചെയ്യുന്നു ?

ഒന്നും ചെയ്യാതിരിക്കലിന്റെ

(അ)സ്വാസ്ഥ്യങ്ങളെ മനസ്സിലിട്ട്

ഉത്തരമാക്കുകയായിരുന്നു ഞാൻ

പുറത്തെ അക്ഷരങ്ങളെ

വെളിച്ചം തൊട്ടു തുടങ്ങിയപ്പോൾ

ആരുടെയോ കൂർക്കംവലി ഉയർന്നു കേട്ടു

പിറകേ പതിഞ്ഞ ശബ്ദത്തിൽ മറ്റൊന്നു കൂടി

അപ്പോളവർ പറഞ്ഞു.

എത്രയുറക്കങ്ങളാണ്

ഉണരാനിരിക്കുന്നത്

ഞങ്ങളുടെ

വാക്കുകൾക്കിടയിലെ

മൗന ദൈർഘ്യം കുറഞ്ഞു.

ശേഷിച്ച ഏതാനും മിനിട്ടുകൾക്കൊടുവിൽ

എന്തിനോ

മരണത്തെ കുറിച്ചാണവർ

സംസാരിച്ചത്

മരണം ജീവിതത്തിന്റെ മറ്റൊരു തുടർച്ച മാത്രമാണ്

നിശബ്ദമാക്കാൻ കഴിയാത്തത്.

ഒടുവിലിറങ്ങാൻ നേരം

പലപ്പോഴും സംഭവിക്കുന്ന അബദ്ധം

വീണ്ടും പിണഞ്ഞ ജാള്യതയിൽ

ഞാൻ ചോദിച്ചു

പേര് ?

അപ്പോഴേക്കും

മുഴുവൻ വെളിച്ചമായിപ്പോയ മുഖവുമായി

അവർ പറഞ്ഞു

ഗൗരി

*ഗൗരി ലങ്കേഷ് പത്രികെ

 

 

 

 

 

 

Comments

(Not more than 100 words.)