തടാകം
-- യൂലിയ മുസാക്കോവ്സ്ക്ക
വിവ: കെസി മുരളീധരൻ
തടാകം സ്പന്ദിച്ചു കൊണ്ടിരുന്നു
വിസ്മയകരമായി വംശഹത്യയെ അതിജീവിച്ച
തറവാട്ടു ആമാടപ്പെട്ടിയിലെ
ചിന്നിയ മരതകക്കല്ലു പോലെ
ഇന്ദ്രനീല തുമ്പികൾ, കമ്പനം ചെയ്ത്
സന്ദർശകരായി പറന്നിറങ്ങുന്നു,
സൗന്ദര്യാധിക്യം കൊണ്ട് അണിയാനാവാത്ത
അമ്മൂമ്മയുടെ കമ്മൽ പോലെ.
തീക്ഷ്ണം, മാരക സൗന്ദര്യം
കൂടുതൽ യഥാർത്ഥവും.
നമ്മൾ ഒളിഞ്ഞു നോട്ടങ്ങളിൽ നിന്ന്
മറച്ചു പിടിക്കേണ്ടത്,
അവർ മരണം വരെ
അസൂയപ്പെടാതിരിക്കാൻ
.
ചതിയ്ക്കും വഴുതുന്ന കൽപ്പടവുകൾ .
മനുഷ്യരും, അവർക്കെന്തുണ്മ?
നാഴികക്കല്ലുകൾ വഴി പിരിയുന്നു, പ്രപഞ്ച യന്ത്രം കറങ്ങുന്നു
നമ്മളെത്താറായി അവിടെ , ഒരേ മേശമേൽ അപ്പം പകുത്ത്,
പരസ്പരം കണ്ണിൽ നോക്കാൻ നിർബ്ബന്ധിക്കപ്പെട്ടവർ.
എന്നിട്ടും, നടക്കുന്നു നമ്മൾ
എപ്പോഴും ചുറ്റും നോക്കി, എന്താണത്,
പന്നൽ പൊതിഞ്ഞ മരച്ചില്ലയോ?
മാൻകുട്ടിയുടെ രോമാവൃതമായ കാലോ?
നമ്മൾക്ക് സങ്കല്പിക്കാവുന്നതൊക്കെയും
ഒരിയ്ക്കൽ മറ്റാർക്കോ സംഭവിക്കുന്നു.
ജലോപരിതലത്തിന് താഴെ ഒരു ഇരപിടിയൻ ഉലയ്ക്കമീൻ
നിറയൊഴിയാൻ വെമ്പുന്നൊരു തോക്ക് പോലെ.
മീനുകൾ പാലത്തിനു താഴെ ഒത്തുചേരുന്നു,
വെള്ളിക്കഠാരകൾ
മുൻകൂറായി പ്രതീക്ഷിച്ചു കൊണ്ട്.
ഒരു പക്ഷെ, പകയോടെ,
അവരുടെ കൂട്ടരെ
നിർദ്ദയമായി, വിവേകശൂന്യമായി
ഉന്മൂലനം ചെയ്തവരോട്.
യൂലിയ മുസകോവ്സ്ക ( 1982 ) ഉക്രൈനിയന് കവിയും വിവർത്തകയുമാണ്. PEN ഉക്രൈനിലെ അംഗം. അഞ്ചു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്- The God of Freedom (2021), Men, Women and Children (2015), Hunting the Silence (2014), Masks (2011), and Exhaling, Inhaling(2010). ഇവരുടെ കവിതകൾ ഇംഗ്ലീഷ്,ഫ്രഞ്ച്,സ്പാനിഷ്,ലിത്വനിയന് ,ഹീബ്രൂ, പോളിഷ്,ബൾഗേറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂലിയ സ്വീഡിഷ് കവിതകൾ ഉക്രൈനിയനിലേക്കും, സമകാലീന ഉക്രൈയിനിയൻ കവിത ഇംഗ്ളീഷിലേക്കും വിവർത്തനം ചെയ്യാറുണ്ട്. ഉക്രൈനിലെ നിരവധി കവിത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്- Krok Publishing House’s DICTUM Prize (2014), the Smoloskyp Poetry Award (2010), the Ostroh Academy Vytoky Award (2010), the Bohdan Antonych Prize (2009), and the Hranoslov Award (2008).