കവിതകൾ- സുനിത കല്യാണി
************
1.
അമ്മ അഥവാ സകല വിശുദ്ധരോടുമുള്ള ലുത്തിനിയ!
***********
മഴക്കാറ് മാനത്ത് കാണും മുന്നേ
മാതാവേ ... ഇത്തിരി വെയില് തായോ
മുഷിഞ്ഞ തുണി എമ്പാടും കുമിഞ്ഞെന്ന് ,
ഞാനൊന്നലക്കി വിരിക്കട്ടെന്ന് .
ദാ ! പറയും മുന്നേ
മാതാവ് ഒരു കയില് വെയിലെടുത്ത്
വീക്കി.
കണ്ടോടി ... കണ്ടോടി -ന്ന്
അമ്മയുടെ നെഗളിപ്പ്.
സമാധാനക്കേടിന്റെ
കൂടുതല് കൊണ്ട്
എരിപൊരി സംഭ്രമമമ്മേന്ന് ഏങ്ങുമ്പോ
കണ്ണ് രണ്ടും മോളിലേക്കെറിഞ്ഞ്
ന്റെ പുണ്യാളാ!
ന്റെ കുഞ്ഞിന് തുണയായിരിക്കോ ന്ന്
എടപ്പള്ളി പുണ്യാളന്റെ
കിണറ്റും വെള്ളമെടുത്ത്
തലതടവി കരാറാക്കും.
ഒന്ന് മയങ്ങി വരുമ്പോ
അടുത്ത് വന്ന്
കണ്ടാ കണ്ടാ എനിക്കറിയാം
ഞാം പറഞ്ഞാ ന്റെ
പുണ്യാളൻ കേക്കുംന്ന്
തലകുലുക്കും.
കാലത്ത് മുതൽ അടുക്കള ചതുരത്തിൽ
നെട്ടോട്ടമോടുന്നതിനിടയിൽ
കടകം മറിഞ്ഞൊരു വിളിയുണ്ട് ,
യേശുവേ ന്റെ കഞ്ഞിക്കലംന്ന്.
സമയം തെറ്റിയ വാർപ്പിൽ
ഇനി കുറച്ച് ശർക്കര കലക്കിക്കോമ്മാന്ന്
ഞങ്ങടെ എരികേറ്റലിന്
" ഒന്നു പോടീ അവിടുന്ന് "
അങ്ങനൊന്നുമെന്റെ തമ്പുരാൻ
എന്നെ കൈ വിടത്തില്ലന്ന്
ഒര് ഒന്നൊന്നര നെഗളിപ്പാ.
പൊരുതി തളർന്ന ജീവിതത്തിന്റെ
ബാക്കിപത്രമായ കൊളുത്തിപ്പിടിക്കലുകൾ
ചങ്കിനുള്ളിലിരുന്നു നഖമമർത്തുമ്പോൾ
ഒന്നും മിണ്ടാതെ പോയിരുന്നു
ജപമാല ചൊല്ലി തീർക്കുമ്പോ
" മാതാവേ ന്റെ കൊച്ചിന്റേൽ കായില്ലാത്തതാ
എന്നതേലും വരുത്തിയാണ്ടല്ലോ
തിരി ഞാൻ കത്തിക്കില്ല " ന്നൊരു ഭീഷണിയെ
മരുന്നാക്കും .
ശരിക്കിനും ഇവരൊക്കെ കൂടാ
അമ്മയ്ക്ക് വളം വച്ച് കൊടുക്കുന്നേന്നാ
എന്റൊരിത് .
----------------------
2
മരണക്കളി
*****
ജീവിതത്തിന്റെ അടുത്ത വളവില്‍
നാം ആത്മഹത്യ ചെയ്യാന്‍ പോകുന്നു
എന്ന് എഴുതിവെക്കുന്നു.
എന്നിട്ട് ഏതൊരു മനുഷ്യരേയും പോലെ
അതിസാധാരണമായി,
നാം നമ്മുടെ
ദിവസങ്ങളില്‍ മുഴുകുന്നു.
ആര്‍ക്കും ചെയ്യാന്‍ പറ്റില്ല എന്ന് കരുതുന്ന
കുറച്ചു കാര്യങ്ങള്‍ ചെയ്ത്,
കണ്ടോ കണ്ടോ ഞാന്‍ ഇത് ചെയ്തു ..
എനിക്ക് മാത്രേ ഇത് ചെയ്യാന്‍ പറ്റിയുള്ളൂ എന്ന് സ്വയം തോളില്‍ അമര്‍ത്തി അഭിമാനിക്കുന്നു.
കൂര്‍ത്ത വാക്കുകളുടെ മുനകൊണ്ട്
ഹൃദയത്തില്‍ ആഞ്ഞു കോറി,
ചോരപ്പൊടിപ്പുകളെ പൂക്കളെപ്പോല്‍
കണ്ടാനന്ദിക്കുന്നു.
മരണ മുനമ്പുകളുടെ അങ്ങേയറ്റംവരെ പോയി
ചുണ്ടുകളുടെ കോണിലേക്ക് ഒരു പുച്ഛം
ചിരിയില്‍ ചാലിച്ച് ഒട്ടിച്ചു മടങ്ങുന്നു.
എന്ത് നിസ്സാരം!! എന്നൊരു തലകുടച്ചിലില്‍
ചിന്തകളെ തെറിപ്പിച്ച് കളയുന്നു.
ഉന്മാദത്തിന്‍റെ ഏറ്റങ്ങളില്‍ പിടിച്ചുകയറി
തള്ളവിരല്‍ ഊന്നിനിവര്‍ന്നു
ഇതാ ഞാന്‍ എന്ന് ആകാശങ്ങളോട് പറയുന്നു.
മരിച്ചു പോയവരുടെ രാജ്യങ്ങളിലേക്ക്
ഒറ്റയാളായ് അതിക്രമിച്ച് കേറി
ഒന്നുമില്ലൊന്നുമില്ലെന്ന് സമാധാനപ്പെടുത്തുന്നു.
എവിടെയോ ഇരിക്കുന്നോരുത്തന്റെ
വിരല്‍തുമ്പുകളുടെ ചലനത്തില്‍ നീയന്ത്രിക്കപ്പെടുന്നുഎന്ന്
നാം അറിയാതെ പോകുന്നു.
തമ്മില്‍ അറിയാത്ത രണ്ടുപേര്‍ കളിക്കുന്ന,
ജയം എന്നാല്‍ തോല്‍വിയെന്ന് മാത്രം അര്‍ത്ഥമുള്ള
ഒരു കളിയിലാണ് നാം എന്നതും
അറിയാതെ പോകുന്നു.
അടുത്ത ജന്മത്തിലേക്കും നീളുന്ന കളി നീയമങ്ങളില്‍
കുരുങ്ങി മുഴുകി പോകുന്നു.
----------------------
3.
മരിച്ചവീട്ടിലേക്ക് ചെല്ലുമ്പോൾ
***********
മരിച്ചവീട്ടിലേക്ക് ചെല്ലുമ്പോൾ
മരിച്ചയാളുടെ കാൽവിരലുകളെ കൂട്ടി-
ബന്ധിച്ചതുപോൽ നാം നമ്മുടെ
ചുണ്ടുകൾ തമ്മിലും ബന്ധിക്കുക.
മൌനപ്പെടുക, മരിച്ചവന്റെ
നടക്കാതെ പോയ ചിന്തകളോട്
ഏകഭാവം പ്രഖ്യാപിക്കുക .
കൈകൾ നെഞ്ചോടു ചേർത്ത്
വെയ്ക്കുക.
മരണപ്പെട്ടവന്റെ ഉടൽപ്പിറപ്പുകളുടെ,
അവന്റെ പ്രീയപ്പെട്ടവരുടെ, വേദനകളെ
മനസ്സിലേക്ക് ഏറ്റുവാങ്ങുക,
മൂകം ചേർന്ന് നിൽക്കുക.
നെഞ്ചിനുള്ളിൽ നിന്നു-
പൊടിഞ്ഞൊരു വേദന
തൊണ്ടക്കുഴിയോളമെത്തി
വഴിയറിയാതുഴലുന്നുണ്ടോ,
സാരമില്ല.
ജീവനോടെ, യാഥാർത്ഥ്യ-
ബോധത്തിൻ അഗ്നിയിൽ വെന്ത്
ഉഴറുന്നവർ വേറെയുമുണ്ടവിടെ.
മിഴികളിൽ ഇറ്റ് കണ്ണുനീർ
അറിയാതെ പൊടിഞ്ഞുവെങ്കിൽ
തടയണ്ട ,
അവ പുറത്തേക്കൊഴുകിക്കോട്ടേ.
ഒഴുകി വറ്റിപ്പോയ ഏതോ
കണ്ണുകളിലെ കണ്ണുനീർ
നിന്റെ കണ്ണുകളെ കടമെടുത്തതാകാം.
അവ ഒഴുകട്ടെ ..മതിയാകുവോളം .
*********
സുനിതാ കല്യാണി:
എർണാകുളം സ്വദേശി.
അച്ചടി / ഓൺലൈൻ മാധ്യമങ്ങളിലും, കവിതാ സമാഹാരങ്ങളിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുഹൃത്തുമൊത്ത് എറണാകുളത്ത് ഒരു സോഫ്റ്റ് വെയർ കമ്പനി നടത്തുന്നു.
**********