1
എൻറെ മരണത്തിനുശേഷം ഒരുപക്ഷേ...
(ഫെർണാണ്ടോ പേസ്സോവ : പോർട്ടുഗീസ് കവി )
എൻറെ മരണത്തിനുശേഷം ഒരുപക്ഷേ...
അവർക്ക്
എൻറെ
ജീവചരിത്രം
എഴുതേണ്ടിവരുമെങ്കിൽ,
ഏറെയെളുപ്പമായിരിക്കുമത്.
രണ്ടു തീയതികൾ മാത്രം ജനത്തിന്റെ...
മരണത്തിൻറെ... ഇതിനിടയിലുള്ള
ദിവസങ്ങൾ
എളുപ്പം
വിവരിക്കാൻ കഴിയും.
ഉന്മാദിയായാണ്
ഞാൻ ജീവിച്ചത്. വൈകാരികമായല്ല ഞാൻ ഒന്നിനെയും സ്നേഹിച്ചത്.
പൂരിപ്പിക്കപ്പെടാത്ത
ഒരു ആഗ്രഹങ്ങളും ഇല്ല എനിക്ക്.
കാരണം ഞാൻ ഒരിക്കൽ അന്ധനായിരുന്നു.
കാഴ്ചയുടെ
ഒരു അനുനാദം മാത്രമാണ് ഞാൻ.
എല്ലാ യാഥാർത്ഥ്യങ്ങളും ഞാൻ മനസ്സിലാക്കി.
ഓരോന്നും ഓരോന്നിൽ നിന്നും
എത്രമേൽ വ്യത്യസ്തമാണ്!
കണ്ണുകൾ കൊണ്ടാണ്
ഞാൻ അറിഞ്ഞത്.
ചിന്ത കൊണ്ടല്ല
കണ്ണുകളടച്ചു
ഉറങ്ങി
അങ്ങനെ ഞാനൊരു കവിയായി.
2
കവികൾക്ക് ലിംഗഭേദംഇല്ല
(ഹല്യാന ക്രൗക്ക്, ഉക്രൈൻ )
കവികള്‍ക്ക് ലിംഗഭേദമില്ല
മറ്റൊരു ലൈംഗികാവയവം എന്നപോലെ
അവർ
വാക്കുകളെ
മാംസത്തോടും ചേർത്തുവയ്ക്കുന്നു
ഒരിക്കലുംമുഴുവനായിവെളിപ്പെടുത്താത്ത
വിചാരങ്ങളെ വർഷങ്ങളായി
സൂക്ഷിച്ച് വളർത്തുന്നു
ചിലപ്പോൾ
സൗന്ദര്യത്തിനുവേണ്ടി
വടിച്ചെടുക്കുന്നുണ്ടോ ?
ഹെമിംഗ്വേ
സ്വന്തം മരണത്തെ വേട്ടയാടിയത് പോലെ
മടിപിടിച്ച ഒരേകാന്തത
ഒരു വിമാനത്തിൻറെ
വളഞ്ഞുപുളഞ്ഞ സഞ്ചാരപാത
കവിക്കുമേൽപതിക്കുന്നു
ഉഷ്ണമേഖലയിലെ മഴ ഒരുവലിയ ക്ഷാമത്തിനുശേഷം
തകർത്തുപെയ്യുംപോലെ
എത്രകാലം അവൻ ഇനിയും കാത്തുനിൽക്കണം?
അവളുടെ ഒളിച്ചുംപതുങ്ങിയുമുള്ള
കൊഞ്ചലിനായി?
കൊതുകുകൾക്ക് സ്വന്തം ചോര ഊറ്റിക്കൊടുത്ത്.....
എല്ലാറ്റിനുമൊടുവിൽ
ആര് ആർക്ക് വേണ്ടി കാത്തിരിക്കും?
നിലനിൽപ്പിന്‍റെ എഴുതപ്പെടാത്ത
ഒരുഅടയാളം
അതിനുവേണ്ടി
ആര് ആരെവേട്ടയാടും
കവികൾക്ക് ലിംഗഭേദമില്ല
ഏകാന്തതയുടെ ലിംഗഭേദമില്ലായ്മമാത്രം....
അജ്ഞേയമായ ആവശ്യങ്ങൾ പോലെ....
ഓരോതവണയും
ഒന്ന്
മറ്റൊന്ന്
വേറൊന്ന്
സ്വന്തംപിറവിയാൽ പീഡിതരായിരിക്കുന്നു
അതുതന്നെ ആവർത്തിക്കുന്നു
ആവർത്തനത്തിൻറെ ആവർത്തനം
ശരീരത്തിൻറെ ഈചുഴികളിൽ നിന്ന്
ഒരാൾ എങ്ങനെ പുറത്തുകടക്കും
പരസ്പരം സൗഹാർദം ഉണ്ടാക്കിക്കൊണ്ടോ?
ഉള്ളിൽ തന്നെ അഴിച്ചുപണിതുകൊണ്ടോ?
എല്ലാം ശാന്തമാകും
യാതൊരു ആപത്തും ഇല്ലാതെ
ആത്മാവബോധത്തിന്‍റെ...
ആത്മസത്തയുടെ....
അവസാനഅതിരും മുറിച്ചു കടന്നിരിക്കുന്നു
സങ്കീർണമായ കുരുക്കുകൾ
പരസ്പരമുള്ള ഉടമ്പടികളുടെ
അതിസങ്കീർണമായ കുരുക്കുകൾ
കെട്ടഴിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
സിസിഫസിന്റെ
ജീവിതത്തിൻറെ കല്ല്
ഉയരങ്ങളിൽ നിന്ന് ഊക്കിൽ
പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു
ബുദ്ധിശാലികൾക്ക് ലിംഗഭേദംഇല്ല
കാലുകൾക്കിടയിൽനിന്ന്
ഉച്ചത്തിൽ ഒച്ച വെക്കുന്ന
പരുക്കൻ തൊണ്ടമാത്രം
3.
തടവിലാക്കപ്പെട്ടവർ ഉയിർത്തെഴുന്നേൽക്കുന്നു
(ഇസ്രത് അഫ്രീൻ, പാകിസ്ഥാൻ )
കുന്നുകളെ
ചാട്ടുളി പോലെ ചുഴറ്റി മുകളിലേക്കു കുതിച്ചു കൊണ്ട്..!
മൃതപ്പെട്ട
പാരമ്പര്യങ്ങളുടെ
അന്ധമായ വിശ്വാസങ്ങളുടെ കുന്നുകൾ !
ക്രൂരമായ വെറുപ്പിന്റെ കുന്നുകൾ!
ശരീരത്തിൽ
തടവറകളിൽ
എണ്ണമറ്റ
അസ്വസ്ഥമായ
മറ്റനേകം ശരീരങ്ങൾ!
സ്വയം
അടക്കം ചെയ്യപ്പെടുന്ന ആത്മാവുകൾ
കോവണികളിൽ നിന്ന്
കോവണികളിലേക്ക്
അലഞ്ഞു തിരിയുന്നു.
" തങ്ങൾ എപ്പോൾ സ്വതന്ത്രമാകും"
എന്ന് ചോദിച്ചു കൊണ്ട്.....
നമ്മുടെ നിലനിൽപ്പ് വരും തലമുറക്കു വേണ്ടിയുള്ളതാണ്
നാം അവരോട്
കടപ്പെട്ടിരിക്കുന്നു.
നമ്മൾ നിലനിൽക്കാൻ വേണ്ടി നമ്മുടെ ഭാവിയിൽ
കടന്നു വരാനിരിക്കുന്നവർ!
അനലംകൃതമായ ശിരസ്സ് ആയിരമായിരം
ശിരസ്സുകൾ
ജന്മം കൊടുക്കുന്നു.
ഇത് വെറും ഒരു കഥയല്ല.
ശരീരത്തിലെ ഞരമ്പുകൾ രക്തത്തിൽ തുടിക്കുന്ന
ആയിരം കണ്ണുകളുടെ പരാതികളാണ്.
നിർവികാരതയിൽ
മൂടപ്പെട്ട ഊതനിറമുള്ള
കല്ലുകൾ കൊണ്ടു
പണിത
വീട്ടിനുള്ളിൽ
ഉറങ്ങുന്ന തടവുകാരുടെ
അശാന്തമായി ഉറ്റു നോക്കുന്ന കണ്ണുകൾ പറയുന്നു
ഉയിർത്തെണീക്കാൻ
അവരോട് പറയുക
കുന്നുകളെ ഉളികൊണ്ട് ചെത്തിയെടുക്കാൻ...
നമുക്ക്
വിമോചനത്തെക്കുറിച്ച്
ചിന്തിക്കാൻ
സമയമായിരിക്കുന്നു.