കവിത - ഗായത്രി സുരേഷ് ബാബു   

കവിത - ഗായത്രി സുരേഷ് ബാബു  

 
കവിത - ഗായത്രി സുരേഷ് ബാബു
ഞാനില്ല പിന്നെന്തിനീ വേദന!
 
ഇന്നേക്ക് മൂന്നാം നാൾ,
"ശവം പൊന്തി"യെന്നൊരു മാറ്റൊലി.
***
 
പായൽപ്പച്ചയിലൂടൊരിത്തിരി വെട്ടം
ആഴത്തിലെത്തിയിരുന്നോ?
രാമഞ്ഞിൽ വെള്ളമുറഞ്ഞെന്നെ
കുളിർപ്പിച്ചിരുന്നോ?
ഞാൻ തണുത്തു മരച്ചിരുന്നോ?
ചെറുചൂടുകൊണ്ടെന്റെ പ്രാണനെന്നെ പൊതിഞ്ഞിരുന്നോ?
"കണ്ണുതുറക്കെ"ന്നു ഞാനെന്നോടു പിണങ്ങിയിരുന്നോ?
അറിയില്ല, ഞാനെന്നെത്തിരയുന്നതും നിറുത്തിയിരുന്നോ?
***
തവളകൾ പകലിനെ പഴിക്കുന്നതിപ്പോൾ
കേൾക്കാൻ പറ്റുന്നുണ്ട്.
നിനയ്ക്കാതിരിക്കെ, ചെവിയരികിലൊരു കൂട്ടം
കുഞ്ഞിമീനുകളൊരു കൂട്ടം പറയാൻ വന്നിരുന്നു,
"എൻറെ പ്രണയമേ"യെന്നൊരാൾ പിൻചുഴിയിലുമ്മവെക്കുംപോൽ!
കണ്മണിക്കുമെന്റെ ഇമക്കുമിടയിലെ കൂരിരുട്ടിൽ അമ്മയെ കാണാം.
"കണ്ണേ, കാക്കണേ.."എന്നൊരു പ്രാർത്ഥന കേൾക്കാം.
കന്നിയെ, കാവലേറുമാടത്തിലിരുന്നൊരാൾ
കഴുത്തിൽ കത്തികുത്തിയിറക്കുംപോലെ നോവിച്ചത്
കാഴ്ച്ച പോലെ കാണാം.
 
ഓർമ്മ!
***
മുറിവുകളിൽ മീൻ മണക്കുന്നു.
നവദ്വാരങ്ങളിലൂടൊഴുക്ക്. എനിക്ക് ഭാരം കുറയുന്നു. പ്രാണനെന്നെപ്പിരിയുന്നു.
നേർത്ത് നേർത്ത്...
ഞാനെന്നെ കുമിളപോലെ കാണുന്നു.
ഒത്തിരിയൊത്തിരി ദൂരേക്ക് പാറുന്നു.
***
മൂന്നാം നാൾ,
"ഓൾടെ ശവം പൊന്തി"യെന്നൊരു മാറ്റൊലി.
ഞാനെന്നെയിങ്ങനെക്കണ്ടിട്ടില്ല.
"എന്നെയൊന്നു കുളിപ്പിക്കൂ...
മുല്ലമണക്കുന്നത്തറണിയിക്കൂ...
കറുപ്പോളം കറുത്ത പൊട്ട് തൊടീക്കൂ..."യെന്നൊക്കെ കരയാതിരിക്കൂ...
 
ഞാനില്ല, പിന്നെന്തിനീ വേദന!
 

Comments

(Not more than 100 words.)