ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനുള്ള തുല്യ അവകാശം വിഭാവനം ചെയ്യുമ്പോഴും ലിംഗാധിഷ്ഠിതമായി മനുഷ്യരെ വേര്‍തിരിക്കുന്ന സമൂഹത്തില്‍ സ്വാതന്ത്ര്യവും സമത്വവും ലിംഗനീതിയും അധികാര വര്‍ഗത്തിന്‍റെ തീരുമാനങ്ങളെ ആശ്രയിച്ച് നടപ്പിലാക്കുന്ന ഒന്നുമാത്രമായി ചുരുങ്ങിപോവുന്നു.അത് കൊണ്ട് തന്നെ ഒന്നാം സ്ഥാനം പുരുഷനാകുമ്പോള്‍ സ്ത്രീക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്ന് പറഞ്ഞ് പഠിപ്പിച്ച സമൂഹത്തിന് ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന വിഭാഗങ്ങളെ അഭിസംബോധന ചെയ്യാന്‍ മൂന്നാംലിംഗം എന്ന അവഹേളനത്തിന്‍റെ ശൈലി മാത്രമേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.ഇത്തരത്തില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് വിജയരാജമല്ലിക.തന്‍റെ എഴുത്തുകളെ ആയുധമാക്കുന്ന മല്ലിക കവിതയിലൂടെ പങ്ക് വെക്കാന്‍ ശ്രമിക്കുന്നത് നമ്മളില്‍ പലര്‍ക്കും പരിചിതമല്ലാത്ത അനുഭവങ്ങളുടെ നേര്‍കാഴ്ച്ചയാണ്.
മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ 'ദൈവത്തിന്‍റെ മകള്‍' ,'ആണ്‍നദി' എന്നീ രണ്ട് പുസ്തകങ്ങളിലെയും കവിതകള്‍ സമൂഹം വച്ച് പുലര്‍ത്തുന്ന ലിംഗഭേദപരമായ (Gender)നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്നവയാണ്. ലിംഗരാഷ്ട്രീയത്തെകുറിച്ച്, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടുന്നവരെകുറിച്ച്, തങ്ങളുടെ പ്രണയത്തെക്കുറിച്ച്, രതികാമനകളെക്കുറിച്ച്, ജീവിതസങ്കല്‍പങ്ങളെക്കുറിച്ചുമെല്ലാം കവിത സംസാരിക്കുന്നു.
''അര്‍ദ്ധനാരീശ്വരന്‍ പൂര്‍ണതയുടെ കരഘോഷങ്ങളില്‍ വാഴ്ത്തപ്പെടുന്നു
അര്‍ദ്ധനാരികള്‍
അപൂര്‍ണതയുടെ ബലാല്‍കാരങ്ങളില്‍ താഴ്ത്തപ്പെടുന്നു
ദേവന്‍ വിളങ്ങുന്നു
മര്‍ത്യന്‍ എരിയുന്നു
ഇവര്‍ക്കിടയിലെവിടെയോ
നീതി തൂങ്ങി മരിക്കുന്നു''
എന്ന 'അര്‍ദ്ധനാരി' കവിത മനുഷ്യകുലത്തിന് നേര്‍ക്ക് തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ ചെറുതല്ല.
കുടുംബം തനിക്ക് നിഷേധിച്ച നീതിയെക്കുറിച്ചാണ് ആദ്യകവിതാ സമാഹാരത്തിലെ ആദ്യ കവിതയായ 'വ്യാപ്തി'.തുടര്‍ന്ന്
നീതിവ്യവസ്ഥയോട്
സദാചാര കണ്ണുകളോട്
തന്നെ അളക്കാന്‍ ശ്രമിക്കുന്ന സകലതിനോടും കവിത നേര്‍ക്കുനേര്‍ നില്‍ക്കുന്നു.
ഭാഷയും പ്രയോഗങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാേട് കാണിക്കുന്ന ക്രൂരതകളെ വെളിപ്പെടുത്തുന്ന കവിതകളാണ് കലിംഗ ,ഭഗ്നകാമാങ്കിത .പേനകള്‍ ഭിന്നരാക്കുകയും മലയാളഭാഷ മൂന്നാക്കുകയും ചിലര്‍ ഇതരരാക്കുകയും ചെയ്തു എന്ന് കവി പറയുന്നുണ്ട്.മൂന്നും ആറും ഒമ്പതുമാക്കി അക്കങ്ങള്‍കൊണ്ട് അളക്കുമ്പോള്‍ ഭാഷ തങ്ങളോട് ചെയ്ത് കൊണ്ടിരിക്കുന്ന അനീതിയെ വെളിപ്പെടുത്താന്‍ ശ്രമിക്കുകയാണ് കവി .സമൂഹത്തെ പിന്നോട്ട് വലിക്കുന്നതില്‍ ഭാഷക്കും പങ്കുണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.അരികുവത്ക്കരിക്കപ്പെട്ട എല്ലാത്തിനോടും താനും തന്‍റെകവിതയും ചേര്‍ന്നു നില്‍ക്കുന്നു എന്ന് വിളിച്ചോതുന്ന മല്ലിക 'എട്ടുകാലി' എന്ന കവിതയില്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്ന സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ അവസ്ഥ ചിത്രീകരിക്കുന്നു.
പ്രതിഷേധവും പ്രതിരോധവും കവിതയില്‍ ആളികത്തുമ്പോള്‍
പ്രത്യാശയുടെ വെളിച്ചമാവാനും മല്ലികയുടെ കവിതകള്‍ മറക്കുന്നില്ല.എഴുതിയാല്‍ തീരാത്തത്ര ആഴമുണ്ട് മിക്ക കവിതകള്‍ക്കും.
ആണിനും പെണ്ണിനും മാത്രം വീതിച്ചുവെച്ച ഒരു ലോകത്ത്
നിരന്തരമായ സന്ധിയില്ലാ സമരങ്ങളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ വിജയരാജമല്ലികക്ക് കവിതയെന്നാല്‍ കേവല കാല്‍പനിക ഭാവങ്ങളുടെയോ ബിംബകല്പനയുടെയോ പകര്‍പ്പല്ല,യാഥാര്‍ത്ഥ്യങ്ങളുടെ ചുട്ടുപൊള്ളുന്ന കനലാണ്.അതിനാല്‍ തന്നെ കൃത്യതയുള്ള രാഷ്ട്രീയബോധം കവിതകളുടെ മുഖമുദ്രയാവുന്നു.