ഒറ്റക്കവിതാപഠനം - ഇ.എം.സുരജ
***********
നമ്മുടെ വിചാരങ്ങൾക്ക് ചില കുഴപ്പങ്ങളുണ്ട്. ചിലപ്പോൾ, നമ്മൾ പറയും: 'പോയ കാലമുദാരമാം കാലം' അഥവാ, ഓൾഡ് ഈസ് ഗോൾഡ്. മറ്റു ചിലപ്പോൾ അഭിമാനിയ്ക്കാൻ തോന്നും: അതല്ല, പഴയകാലം അപ്പടി പഴഞ്ചനായിരുന്നു, നമ്മളിപ്പോൾ പരിഷ്കൃതരായിരിക്കഴിഞ്ഞല്ലോ എന്ന്; പ്രത്യേകിച്ച്, അസ്വാതന്ത്ര്യവും അനീതിയും നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചോർക്കുമ്പോൾ. ഈ രണ്ടു തോന്നലുകളേയും ഒരേ സമയം ചോദ്യം ചെയ്യുകയും വിമർശിയ്ക്കുകയുമാണ്, അയ്യപ്പപ്പണിക്കരുടെ, 'ഒരു കാലമുണ്ടായിരുന്നു' എന്ന കവിത.
* * *
ഗുരുവും ശിഷ്യനും കൂടിയുള്ള സംവാദമാണ് സന്ദർഭം. ഗുരു ചോദിക്കും: പെരുവഴിയേ നടന്നാൽ അടിച്ചോടിയ്ക്കുമായിരുന്ന, ഭരണകൂടത്തിന് ഭരണീയരോട് ഉത്തരവാദിത്തമുണ്ടാകണമെന്നു പറഞ്ഞാൽ തുറുങ്കിലടയ്ക്കുമായിരുന്ന, അധികാരസ്ഥാനങ്ങളിലെ അഴിമതി ചൂണ്ടിക്കാണിച്ചാൽ നാടുകടത്തുമായിരുന്ന, ഉന്നതന്മാരുടെയിടയിൽ സന്മാർഗം നശിച്ചു കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുന്ന, മോഷണം കൈമുതലാക്കിയവരും പൊതുമുതൽ കയ്യടക്കുന്നവരും അഭിമാനം വിറ്റു കാശാക്കുന്നവരും സൗന്ദര്യം കമ്പോളവത്ക്കരിക്കുന്നവരും രാജ്യത്തെ കീഴടക്കിയ, ഒരു കാലമുണ്ടായിരുന്നു എന്നു പറഞ്ഞാൽ നീ വിശ്വസിയ്ക്കുമോ?
ഇങ്ങനെയൊരു ചോദ്യത്തിന് പുതിയ കാലത്തുള്ള ശിഷ്യൻ്റെ/ ശിഷ്യയുടെ മറുപടി എങ്ങനെയായിരിക്കുമെന്നാണ് തോന്നുന്നത്? സമകാലികലോകത്തിൻ്റെ പൊലിമകൾ മാത്രം കണ്ടിട്ടുള്ള, സ്വാതന്ത്ര്യസമരത്തെക്കുറിച്ചും നവോത്ഥാനപൂർവജീവിതത്തെക്കുറിച്ചും പറയുമ്പോൾ അത്ഭുതത്തോടെ, 'ടീച്ചർ ഏതോ കഥ പറയുകയല്ലേ' എന്ന ഭാവത്തോടെ ഇരിക്കുന്ന കുട്ടികളെ ഓർമ്മ വരുന്നു. അവർ ചിലപ്പോൾ പറഞ്ഞേയ്ക്കും: 'ഇല്ല ഗുരോ, അങ്ങു പറയുന്നത് വിശ്വസിക്കാനാവുന്നില്ല'. ചരിത്രപുസ്തകങ്ങൾ വായിച്ചറിഞ്ഞ, സമരകാലങ്ങളെ ഉള്ളു കൊണ്ടറിഞ്ഞ, നമ്മളെങ്ങനെ നമ്മളായെന്നന്വേഷിച്ചു കൊണ്ടിരിയ്ക്കുന്ന അപൂർവ്വം ചിലർ പറഞ്ഞേയ്ക്കും: 'ഉവ്വ് ഗുരോ, ഈ തീക്കടലുകൾ നീന്തിക്കടന്ന പൂർവികരെ ഞങ്ങളറിയുന്നുണ്ട്'. എന്നാൽ, അയ്യപ്പപ്പണിക്കരുടെ കവിത അവസാനിയ്ക്കുന്നത് ഇങ്ങനെയാണ്: "ആ കാലം മുഴുവൻ പോയി മറഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ, അങ്ങ് വിശ്വസിയ്ക്കുമോ, ഗുരോ?"
* * *
ഗുരു ചൂണ്ടിക്കാണിച്ച സന്ദർഭങ്ങൾ നമ്മളെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്; സാമൂഹികപരിഷ്ക്കരണങ്ങളിൽ പലതും തൊലിപ്പുറമെയുള്ള മിനുക്കങ്ങൾ മാത്രമായിരുന്നു എന്ന തിരിച്ചറിവുണ്ടാക്കുന്നുണ്ട്. ജനതയിൽ ഭൂരിഭാഗവും, 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവർ' എന്ന മട്ടിൽ സമൂഹത്തിൻ്റെ അരികിലേയ്ക്ക് തള്ളപ്പെട്ട ഒരു കാലം; വൈദേശികാധിപത്യത്തിൻ്റെ കീഴിൽ ജനത ഞെരിഞ്ഞമർന്ന കാലം; അധികാരക്കൈമാറ്റത്തിൻ്റേയും അടിയന്തരാവസ്ഥയുടേയും ദുരിതകാലം; അഴിമതിയുടേയും ധൂർത്തിൻ്റേയും ഭൂതകാലം. ആ കാലങ്ങളെക്കുറിച്ച് കേട്ടും അറിഞ്ഞും ഉള്ള പരിചയങ്ങൾ പങ്കുവെക്കുമ്പോൾ, ഗുരുവിൻ്റെ വാക്കിലൊരു ധ്വനിയുണ്ട്: അതെല്ലാം, നമുക്കു വിശ്വസിക്കാൻ പോലും പറ്റാത്ത വിധത്തിൽ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു പോയിരിയ്ക്കുന്നു, ഇപ്പോൾ നാം ജീവിയ്ക്കുന്ന കാലം സമൃദ്ധിയുടേയും സുഭിക്ഷതയുടേതുമാണ് എന്ന്. നിലവിലുള്ള വ്യവസ്ഥയിൽ എന്തെങ്കിലും പുഴുക്കുത്തു വന്നാൽ അതിൻ്റെ ഉത്തരവാദിത്തം, അപ്പോഴേയ്ക്ക് 'ഗുരു' ആയിക്കഴിഞ്ഞ, അധികാരത്തിൻ്റെ തണൽ ലഭിച്ചു കഴിഞ്ഞ, വക്താവിനുമുള്ളതുകൊണ്ടാവില്ലേ, നമ്മളുൾപ്പെടെയുള്ളവർ, ഈ ബോധ്യം ആവർത്തിച്ചുറപ്പിയ്ക്കുന്നത് എന്ന സംശയം പ്രസക്തമാണ്. അതുകൊണ്ടാണ്, നിലവിലുള്ള കോട്ടങ്ങളെ അദ്ദേഹത്തിനു കാണാൻ കഴിയാത്തത്. എന്നാൽ, എപ്പോഴും 'സൗവർണ്ണപ്രതിപക്ഷ'മായിരിയ്ക്കുന്ന കവിതയ്ക്കോ, ചുറ്റുമുള്ള ഘോഷങ്ങൾക്കിടയിൽ മറഞ്ഞു നില്ക്കുന്ന അനീതികളെ കണ്ടില്ലെന്നു നടിയ്ക്കാൻ വയ്യ. അതിനാൽ, കുരുത്തക്കേടാണെങ്കിലും ശിഷ്യൻ / ശിഷ്യ തിരിച്ചു ചോദിക്കും: ആ പഴയ കാലങ്ങളുടെ അവശിഷ്ടങ്ങൾ നമ്മളിലൂടെ തുടരുന്നത് അങ്ങ് കാണുന്നില്ലേ, ഗുരോ?