കവിതകൾ - സിന്ധു കെ.വി
***********
1.
മുപ്പത്തിയഞ്ച്
******
എനിക്കന്ന് മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കണം
ഒരു സ്ത്രീയെന്ന നിലയിൽ മൂപ്പെത്തിയ ഒരാളെന്ന നിലയിൽ
എനിക്ക് ചിലത് പറയണമെന്ന് തോന്നി
അതുവരെയും പറയാത്ത ചിലത്
ഞാനെല്ലാവരേയും വിളിച്ചു
വീട്ടിലെല്ലാവരേയും
ആദ്യമായി, എന്റെ വിളികൾക്ക് ആ വീട്ടിൽ അനക്കമുണ്ടായി
അവർ വന്നു. ഒരു സ്റ്റേജ് രൂപപ്പെടും പോലെ എനിക്കു ചുറ്റിലുമായി നിന്നു.
ഞാനോരോരുത്തരേയും നോക്കി
പഴകിഉറപ്പാർന്ന തൂണുകൾ
വിടർന്നു മലർന്ന കസേരകൾ
വ്യാഘ്രീമുഖഅലങ്കാരമിട്ട വാതിലുകൾ
മുഷിഞ്ഞു കട്ടിയേറിയ കർട്ടനുകൾ
പലവർണ്ണ ഞൊറികൾ
എനിക്കായി ഒരു വലിയ പ്രതലം രൂപപ്പെട്ടു
നടുവിൽ ഞാനാണ്.
ആദ്യമായി ആ വീടിനകത്ത് നടുവിൽ ഞാനാണ്.
എനിക്കന്ന് മുപ്പത്തിയഞ്ചുവയസ്സ് പ്രായമായത് നന്നായി.
എല്ലാ കണ്ണുകളും എന്നെ നോക്കുകയാണ്
വലിയ ബൾബുകൾ പോലെ
ആ നോട്ടത്തിന്റെ വെളിച്ചത്തിൽ പിന്നെയും നടുവിൽ ഞാനായി
നോട്ടങ്ങൾ കൂർത്തു വരും തോറും പലനിറ ബൾബുകൾ എനിക്കു ചുറ്റും ജ്വലിച്ചു
ഏതോ ഒരു കൈ എന്റെ നേരെ മൈക്കുപോലെ നീണ്ടുവന്നു
ഞാനതിന്റെ തണ്ടയ്ക്ക് കയറിപ്പിടിച്ചു
പരിചിതയായ പ്രഭാഷകയെപ്പോലെ ചുരുട്ടിയ ആ മുഷ്ടിക്കു മുന്നിൽ നിവർന്നു നിന്നു
ഞാനാദ്യം പറഞ്ഞു തുടങ്ങിയത് അതുതന്നെയാണ്,
അതെ - ഞാനോർക്കുന്നു
'എനിക്കു മുപ്പത്തിയഞ്ചു വയസ്സായി
മുപ്പത്തിയഞ്ചുവയസ്സായ ഒരാൾക്ക് ചില കാര്യങ്ങൾ പറയാനാകും
അതിലേറ്റവും പ്രധാനമായി എനിക്കു പറയാനുള്ളത്
ഈ വീട്ടിൽ എനിക്കുള്ള വസ്തുക്കളൊന്നും എനിക്കിപ്പോൾ പാകമല്ല എന്നാണ്
അടുപ്പിനോട് ചേർന്ന് ഉയരം കുറഞ്ഞ ആ സ്റ്റൂളിൽ എന്റെ കാലുകൾ നിവരുന്നില്ല. വലിപ്പം കുറഞ്ഞ ആ ജനാലയ്ക്ക് എന്റെ കണ്ണിന്റെ വലിപ്പം പോലുമില്ല. എന്റെ ഉടുപ്പുകളോ എന്റെ അടിയുടുപ്പുകളോ എനിക്കു വേണ്ട രീതിയിലല്ല. ഈ വീട് തന്നെ എനിക്ക് പാകമല്ലാതായിരിക്കുന്നു .
പറഞ്ഞു നിർത്തിയെന്നതുപോലെ ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു. പറഞ്ഞു തീരാത്ത കിതപ്പ് ബാക്കിയും കിതച്ചു.
ഞാൻ പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു. എനിക്കതോർമ്മയുണ്ട്. എനിക്കിപ്പോൾ മുപ്പത്തിയഞ്ചു വയസ്സായി...
2.
യാദവ്
***
രാം പ്രസാദ് യാദവ് ഇളയകുഞ്ഞിനുള്ള സിറിലാക് വാങ്ങാൻ നടന്നു പോകുന്ന ഗോതമ്പു പാടത്തിനും മീതെ
യുദ്ധവിമാനങ്ങൾ പറക്കുന്നുണ്ട്.
കാതോർത്താൽ അയാൾക്കു കേൾക്കാവുന്ന തീവണ്ടിയൊച്ച പലദേശങ്ങളെ മടക്കിയൊതുക്കി ബാഗിലാക്കിയിട്ടുണ്ട്
ഡിജിറ്റലിന്ത്യ തിളങ്ങുന്ന മതിലുകളും കട്ടൗട്ടുകളും അയാൾ നിശ്ശബ്ദം പിന്തള്ളി
നേപ്പാളിലും കാശ്മീരിലും മിനിട്ടുകൾക്കകം പോയിവരുന്ന ഉഷ്ണക്കാറ്റ് അതിലൂടെ കടന്നുപോകുന്നുണ്ട്
രാം പ്രസാദ് യാദവ്
പക്ഷേ ആലോചിക്കുന്നത് കഴിഞ്ഞ തവണയിലേതു പോലെ സിറിലാകിന്
രൂപാ ഒന്നോ രണ്ടോ അതിലധികമോ കൂടുതലായോ?
120 രൂപായിൽ
2 രൂപ കുറഞ്ഞു വന്നതുകൊണ്ട് വാങ്ങാതെ പോരേണ്ടി വരുന്ന ഒരു സിറിലാക് പാട്ട അയാളെ വേട്ടയാടി.
2 രൂപായുടെ കനമുള്ള ആകാശം അയാൾക്കു മീതെ തിളച്ചു
115 രൂപ 120 ലേക്ക് മാറാനാണ് രാം പ്രസാദ് യാദവ് നടത്തയിലായത്
100 രൂപ115 ലേക്ക് മാറാനാണയാൾ കൃഷ്ണാഷ്ടമി വ്രതമെടുത്തത്
90 രൂപ നൂറിലേക്ക് മാറാൻ
85 രൂപാ 90 ലേക്ക് വരാൻ
75 രൂപാ 80ലേക്കും
അവിടുന്ന് 85 ലേക്കുമെത്താൻ
കിഴിച്ചെടുത്ത ക്രിയകളിൽ അയാളിലെ കർത്താവ്
അനേകം കുരിശുമരണങ്ങൾ നടത്തിയതാണ്
മൂന്നാം നാളിലോ പാതിരായാമത്തിലോ മോണ കാട്ടിയ ഒരു ചിരിയാൽ അയാൾക്ക് ഉയർത്തെഴുന്നേല്ക്കാനുള്ളതാണ് ഇല്ലാതായേക്കാവുന്ന ആ 2 രൂപ ആയിരം ദംഷ്ട്രകളുള്ള ഒരു വ്യാളിയെപ്പോലെ പല്ലിളിച്ചു.
തെക്കും കിഴക്കുമായി വീശാൻ പോയ ഒരു ശീതക്കാറ്റ്
അനവസരത്തിലെന്നോണം അതുവഴി
ചുഴറ്റി വീശി
പൊടിക്കാറ്റുകൾ അയാളെ പമ്പരം പോലെ കറക്കി
അയാൾ തന്റെ പുലരികളെ , അസ്തമയങ്ങളെ . തെളിയുറവകളെ , പൂവിരിയലുകളെ പണയമായി വെച്ച് പ്രപഞ്ചത്തിനോട്
2 രൂപാ വായ്പ യാചിച്ചു.
3.
നാനിയുടെ ചായക്കട
*******
രാത്രിയുടെ തീവണ്ടി ചൂളം കുത്തി ഏതോ പുലർച്ചയിലേക്ക് വന്ന് ഇടിച്ചു നിന്നു
നേർത്ത നീലനിറത്തിനു മീതെ തണുപ്പിന്റെ പുക
വെളിച്ചം തൊട്ട കിളിയൊച്ചകൾ പലവഴി ചിതറി
ഇളവെയിലിന്റെ ചിലപ്പിൽ താഴ് വാരം
വെയിലിൽ തടാകം തെളിയുന്ന വീട്ടുമുറ്റം
കയ്യിലൊരു പിടി വയലറ്റ് പൂക്കളുമായി
മഞ്ഞുമലയിൽ നിന്ന് ഒരു പ്രഭാതം
വിരുന്നെത്തുന്നു.
അക്വിലേജിയ അൽഫിന,
പൂവ് ഗോത്രം വച്ച് പരിചയപ്പെടുത്തി.
ഇത്തിരിപ്പൂവ് മുറ്റത്തേക്കൊന്ന് തലകാട്ടി
പിന്നെയും ഉൾവലിഞ്ഞു
നാട്ടുവഴിയിൽ നാണി മുത്തശ്ശിയുടെ ചായക്കട
അടുപ്പിൽ ആലു പൊറോട്ടയും ദാൽ കറിയും വേവുന്നു
ചൂടൻ കുപ്പായമിട്ടു കുന്നിറങ്ങിയ ഒരു പ്രഭാതം
കട്ടൻ ഊതിക്കുടിക്കുന്നു
പുതപ്പിനകത്ത് ഏതോ വിഷാദഗാനം
നാട് അതിനെ സ്വന്തം ഭാഷയിൽ വായിച്ചെടുത്തു
കലർന്നുപോയ ഇടങ്ങളുടെ സ്വാഭാവിക ജീവിതം
അതിരുകൾ ഭാഷയോ ദേശമോ അല്ല
ഭൂമി കലർപ്പില്ലാത്ത ജീവിതം തുടരുന്നു
ഉറക്കത്തിൽ ആളുകൾ അവരുടെ നാട്ടിലാവും പുലരുക
ഉണരുമ്പോഴോ
അതൊരു ചോദ്യം തന്നെയല്ല.
നാണി മുത്തശ്ശിക്ക് വീട്ടുകാരില്ല
ശാഠ്യങ്ങളില്ല
അവർ സമോവറിൽ തീപ്പിടിപ്പിക്കുകയും
പാലൊഴിച്ച് ചായ ഉണ്ടാക്കുകയും ചെയ്യും
റേഷൻ കടയിൽ വിരലമർത്തുകയും
കാലുനീട്ടിയിരുന്ന് മുറുക്കാനിടിക്കുകയും ചെയ്യും
ചായ്പിൽ ഉറങ്ങുന്ന ബംഗാളിപ്പയ്യൻ അവരുടെ താല്ക്കാലിക കുടുംബാംഗമാണ്
അവർക്കിടയിൽ ബാധ്യതകളില്ല
ചായയിൽ മുക്കിയ ബണ്ണ് കഴിച്ചു കൊണ്ടിരുന്ന പ്രഭാതം കുലുങ്ങിച്ചിരിച്ചു
താല്ക്കാലിക കുടുംബം?
തല്ക്കാലമല്ലാത്ത് എന്താണ്?
നനഞ്ഞ വിറക് അടുപ്പിൽ പുകയുന്ന സന്ധ്യാനേരങ്ങളിൽ
നാണി മുത്തശ്ശിക്ക് ഒറ്റയ്ക്കാണെന്ന് തോന്നാറുണ്ട്
പുകകൊണ്ട പോലെ കണ്ണ് ചുവക്കാറുണ്ട്
അവരുടെ കാതിലെ തുളയിൽ രാത്രികാലത്ത് നക്ഷത്രങ്ങൾ തൂങ്ങുന്നത്
ചെമ്പൻമുടിക്കാരനായ അതിഥിപുത്രൻ കണ്ടിട്ടുണ്ട്
വിലക്കു നീങ്ങട്ടെ നാനിക്കൊരു പുതപ്പ് വാങ്ങണം
ആജീവനാന്ത വിലക്കല്ലേ ജീവിതം
ജനലഴി പിടിച്ചു നിന്ന രാത്രി
നാണിമുത്തശ്ശിക്കുവേണ്ടി നെടുവീർപ്പിട്ടു.
വിറങ്ങലിച്ചു വെളുത്ത ഒരു പകലിലേക്ക്
നാണിമുത്തശ്ശി പനിച്ചു കിടന്നു
കിണറ്റിലേക്ക് ഇറക്കിയ കയറിൽ
ഭൂമിയുമായുള്ള ഏക ബന്ധം പോലെ
അവൻ മുറുകെ പിടിച്ചു
അവന്റെ നാനിക്കും ലോകത്തിനാകെയും വേണ്ട വെള്ളം അടിയിൽ കനത്തിൽ അനങ്ങി
സമോവറിൽ തീ പിടിച്ചു
വെള്ളം തിളച്ചുതുള്ളി
തേയില വെന്തമർന്നു
പുറംചുവരിൽ നാനിയുടെ പടം വരയും
ഒരു പ്രഭാതം നിറങ്ങളുമായി വരുന്നതുപോലെ
നാണി മുത്തശ്ശി ചിരിച്ചു.
*********