കവിതകൾ - രജനി വെള്ളോറ

കവിതകൾ - രജനി വെള്ളോറ

കവിതകൾ - രജനി വെള്ളോറ
***********

1.
ജീവിതപാഠങ്ങൾ
******
കൂടെപണിയെടുക്കുന്ന പെണ്ണിനൊപ്പം കെട്ടിയോൻ നാടുവിട്ടുപോയതിന്റെ
മൂന്നാം നാളാണ് വീട് ജപ്തിയായത്.

രണ്ട് പൊടിക്കുഞ്ഞുങ്ങളേം കൊണ്ട്
കടവരാന്തയിലിരുന്നപ്പോൾ,
ഇരുട്ടിലെത്തിയ മാന്യൻമാരെ തുപ്പിയാട്ടിയവൾ,
അരിവാളെടുത്ത് പുറം ചൊറിഞ്ഞു.

ഇത്തിരി പൊന്നുള്ള താലിവിറ്റ്
സ്ററൗവ്വും പാത്രവും വാങ്ങി
കടയുടെ ചായ്പ്പില് ചായക്കച്ചോടം തുടങ്ങിയപ്പോൾ, 'അറുവാണിച്ചി' എന്ന്
 ആണും പെണ്ണും മാറിമാറിവിളിച്ചു.

ചായകുടിക്കാൻ വന്ന അന്യദേശത്തൊഴിലാളികൾ
അവളുടെ മാറും മുഖവും നോക്കിയില്ല.
ചില്ലറത്തുട്ട് കൂട്ടിവച്ച് കടയൊന്നു പാങ്ങായപ്പോൾ, 'ജമീലാന്റെ ചായക്കട' കേറിയങ്ങ് ഫേമസായി.

നാട്ടുകാരേക്കാൾ നല്ല മറുദേശക്കാരെന്ന് അവളും, 'മസ്ബൂത്ത് ദീദി' ന്ന് അവരും
സ്നേഹം പറഞ്ഞു.

2. 
ശരികൾ(തെറ്റുകളും)
********
ഇസ്രയേലോ പാലസ്തീനോ
ആരാണ് ശരി,
അല്ലെങ്കിൽ ആരാണ് തെറ്റ്!

കണ്ണീരും ചോരയും കലർന്ന മണ്ണിൽ
 ഒരു പൂവെങ്കിലും വിരിഞ്ഞിട്ടുണ്ടാകില്ലേ?
തോക്കിൻ കുഴലിൽനിന്ന്
ആകാശനീലിമയിലേക്ക്
ഒരു വെള്ളരിപ്രാവ്
എന്നെങ്കിലും പറന്നുയരുമോ!

അമ്മേയെന്ന ആർത്തനാദം
ഭാഷയറിയില്ലെങ്കിലും
മർത്ത്യർക്ക് മനസ്സിലാവാതെ വരുമോ?

അതിർത്തികൾക്കുള്ളിലെദേശവും 
അതിർത്തിയില്ലാത്ത ദേശീയതയും
രാഷ്ട്രമീമാംസയെഴുതിയ
പുസ്തകത്താളുകളിൽ
ചത്ത അക്ഷരങ്ങളിലുറങ്ങുന്നു.

ജോർദ്ദാൻ നദിയിലെ
വിശുദ്ധജലത്താൽ
ശുദ്ധീകരിക്കപ്പെട്ടവൻ
അവസാനതുള്ളിരക്തവും
വാർന്നൊഴുകിയപ്പോഴും
വിശക്കുന്നവന് അപ്പവും വീഞ്ഞുമാകാൻ
സ്നാനപ്പെട്ടുകൊണ്ടേയിരുന്നു.

മൂന്നാമത്തെ പുണ്യഭൂമിയിലേക്ക്
അള്ളാഹുവിന്റെ സാന്നിദ്ധ്യത്തിനായി നീങ്ങുന്നവരുടെ നീണ്ടനിര.

പണ്ടെങ്ങോ വിട്ടുപോയ രാജ്യത്തിലേക്ക്
നഷ്ടപ്പെട്ടുപോയ സ്വത്വത്തിലേക്ക്
തിരിഞ്ഞോടുന്ന ജൂതപ്പട.

ആരാണ് ശരി,
ആരാണ് തെറ്റ്,
എന്നും എവിടെയും
ഒരാളുടെ ശരിയല്ല
മറ്റൊരാളുടേത്
വിധിക്കാൻ നമ്മളാരാണ്!

പക്ഷേ
കൊലക്കളങ്ങളിൽ എങ്ങനെ സമാധാനം വരും
ചോരക്കൊതിപൂണ്ട്
ഉറ്റുനോക്കിയിരിക്കുന്നവർ
ആരാണ്?

എന്താണെഴുതേണ്ടത് ഞാൻ,
നീ പറയുന്നതുപോലെ
എഴുതാൻ വയ്യ
നിന്റെ ശരിയല്ലല്ലോ എന്റെ ശരി.

ഈ വെളുത്ത റോസാപുഷ്പം
നീ സ്വീകരിക്കുമോ ഇനിയെങ്കിലും,
അല്ല, ഇത് ചുവന്നുപോയി
ആരുടെയൊക്കെയോ രക്തംവീണ്...
മനുഷ്യരുടെ രക്തം ചുവപ്പുതന്നെയാണ് സഖേ...
എവിടെയും.

3. 
അവളെക്കുറിച്ചുതന്നെ
********

ആണധികാരത്തിന്റെ കാൽച്ചുവട്ടിൽ തളർന്നുകിടക്കുന്നവളെക്കുറിച്ച് 
എന്തെഴുതാനാണ്!
വെറുമൊരു നൂൽച്ചരടിൽ
അടിമയാകുന്നവളെക്കുറിച്ച്, 
ഒരിക്കലും തീരാത്ത വീട്ടുജോലികളെക്കുറിച്ച്,
പച്ചയ്ക്ക് കത്തിച്ച്, നിങ്ങൾ കൊന്നവളെക്കുറിച്ച്,
സ്ത്രീധനത്തിന്റ പേരുപറഞ്ഞ് ഇല്ലാതാക്കിയവളെക്കുറിച്ച്,
ഒക്കെ ഞാനെന്തിന് 
കവിതയെഴുതണം?

നിങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ,
കുറ്റിയിൽ കെട്ടിയിടപ്പെട്ട
മിണ്ടാപ്രാണിയാകാൻ
ഇനിയെങ്കിലും എനിക്ക് വയ്യതന്നെ,
നിങ്ങൾ തകർത്തെറിഞ്ഞ എന്റെ സ്വപ്നങ്ങളുടെ ചില്ലുപാത്രങ്ങൾ ഞാനുപേക്ഷിച്ചു
സ്നേഹത്തിന്റെ പേരുപറഞ്ഞ് നിങ്ങൾ
ചാർത്തി തന്ന സഹനത്തിന്റെ മുൾക്കിരീടം ഞാനഴിച്ചുവെക്കുന്നു .

ആസിഡ്‌ വീണു പൊള്ളിയ എന്റെ മുഖം,
നിങ്ങൾ ചങ്ങലക്കിട്ട എന്റെ കാലുകൾ,
തേഞ്ഞു തീർന്ന എന്റെ കൈനഖങ്ങൾ,
വിണ്ടുകീറിയ എന്റെ കാല്പാദങ്ങൾ
എല്ലാം എനിക്ക് മാറ്റിപ്പണിയണം.
'വേണ്ട' അല്ലെങ്കിൽ 'ഇല്ല'
എന്ന എന്റെ നിഷേധസ്വരം
നിങ്ങളിൽ ഭയം ജനിപ്പിക്കാതിരിക്കില്ല,
കാരണം അടിമകളുടെ നാവറുത്തു മാറ്റിയ
ചരിത്രമാണല്ലോ നിങ്ങളെ ശക്തരാക്കിയത്!

തിരിച്ചറിവിന്റെ പാതയിൽ
ഞങ്ങൾ ഒറ്റ ശബ്ദമാകുന്ന ദിവസം
അതിവിദൂരമേയല്ല,
മാറ്റത്തിന്റെ കൊടുങ്കാറ്റ്
ഹുങ്കാരം മുഴക്കിവരുന്നത് കേൾക്കാൻ
ഓരോരുത്തരും ചെവിയോർത്തുതന്നെയിരിക്കണം.

********
രജനി വെള്ളോറ :

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസിക്കുന്നു.
ഇംഗ്ലീഷ് അധ്യാപികയാണ്.
കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനമായും ഫെയ്സ്ബുക്കിൽ എഴുതുന്നു.
ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
********

Comments

(Not more than 100 words.)