കവിത - നൂറ വരിക്കോടൻ

കവിത - നൂറ വരിക്കോടൻ

കുടുംബസ്ത്രീ സംഘഗാനം 

          

കല്‍ച്ചുമടിൻ തഴമ്പ്

കമഴ്ന്നു കിടക്കും വലതു കൈ

ചുവപ്പു സാരിയില്‍ വളത്താളമിട്ടു,

നിന്നനില്‍പ്പിലാടിയാടി

കാന്തന്റെ മന്തൻ കാല്

നടുംപുറത്ത് പുളച്ച മിന്നല്‍

ഒന്നാമത്തെ വരിയില്‍ തീപടർത്തി

മീശയും താടിയും കരിഞ്ഞവനോടി

 

മിനുമിനുത്ത വിരലുകൾ

ചുരിദാർ വക്കില്‍ തെരുപ്പിടിച്ചു,

നൂറ്റാണ്ടുകൾ മണക്കുന്ന അതിർ രേഖകൾക്കുള്ളില്‍ നാട്ടാൻ

വറ്റിച്ചുകള‍ഞ്ഞ ചോരയും കണ്ണീരും

വരികളിലുറവപാട്ടി

പൊങ്ങുതടി പോലെയവര്‍

കടലില്‍ പതിച്ചു

 

ചുളിവുകൾ ചാലിടും മുഖത്തെ

പെണ്‍നോട്ടം പാട്ടില്‍ മുറുകെ,

പയറ്റില്‍ ഗണികയാവണമെന്നു ശഠിച്ച്

ക്ഷണനേരക്കുതിപ്പിലമരുന്നവന്റെ

ഉറക്കത്തെയറുത്ത്

തൊട്ടടുത്ത വരികളില്‍ വിരിച്ചു

 

വീടിഷ്ടങ്ങളില്‍

കലമ്പിത്തീരുമടുക്കളപാത്രങ്ങളിലെ

മഞ്ഞളുപ്പുമുളകു രസങ്ങൾക്കു മീതെ

ബാം പുരട്ടി നിവർത്തിയ ഊര ,

പെരുവിരല്‍ തുമ്പീന്ന്

തലനാരിഴമുനവരെ

വരിഞ്ഞുമുറുക്കി

ആഴ്ത്തിയിട്ട നീലക്കയങ്ങൾ,

തുരന്നെടുത്ത തൊണ്ടുപാലെ

ഇറമ്പിലേക്കെറിയപ്പെട്ട്

ചെളി തെറിക്കുന്ന ദേഹം,

ഭ്രാന്തന്റെ നേരിലെന്ന പോലെ

ഉറഞ്ഞുതുള്ളിവരുന്ന

ഇരുട്ടും അട്ടഹാസങ്ങളും,

തിരിഞ്ഞോട്ടങ്ങളുടെ കുടയലില്‍

നിലത്തുവീണ പ്രാണനുമെല്ലാം

അഠാണ രാഗത്തിലുയർന്ന് പൊങ്ങി

 

അവസാനവരിയുടെ

വിളുമ്പിലേന്തിത്തൊട്ടു

ഭയപ്പാടിൻ മിഴികളോടെ

പിഞ്ഞിപ്പറിഞ്ഞ

ദേഹമുടുത്തൊരു വിളറിയ പെണ്‍കുഞ്ഞ്

 

 

“ശക്തം,ഭേഷ്"

കരഘോഷം മുഴക്കുന്ന

കാണികൾക്കിടയിലൂടെ നടന്നൂ

ഗാനം നിവർന്ന് 

 

കവിളിലാരു തുടിപ്പുനക്ഷത്രം മിന്നേ

പിൻ ചെവിയിലൊരു

മണിയെനീച്ച മൂളല്‍

 

“നാക്കിന്നറബിക്കടലിൻ

നീളമല്ലേന്നൂ,

പ്രലോഭനത്താഴ്ച്ചയല്ലേ

കുപ്പായക്കഴുത്തിനെന്നും,

അസമയത്തുകുണുങ്ങിനടക്കണമായിരുന്നോ,

ദേഷമത് വള‍ർത്തലിന്റേതു തന്നെ,

പെണ്ണ് ഭരിച്ചാ...”

 

"ടപ്പ് "

 

ഒറ്റയടിയിലതുളളം കൈകളി‍ല്‍ മലച്ചു,

മൂക്കു തുളക്കും ദുര്‍ഗന്ധത്താടെ

പടര്‍ന്നു തുടങ്ങിയുടനെ

കുത്തി നീറ്റും ചൊറിച്ചിലും!

 

നൂറ വരിക്കോടൻ :

മലപ്പുറം ജില്ലയിൽ താമസിക്കുന്നു. അധ്യാപികയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം.കവിതകൾ എഴുതുന്നു. പ്രിയനന്ദനൻ സംവിധാനം ചെയ്ത 'ധബാരി ക്യുരുവി ' എന്ന സിനിമയിൽ ഗാനം രചിച്ചിട്ടുണ്ട്. നീലാഴിത്തീരം എന്ന മ്യൂസിക് ആൽബത്തിൽ പാട്ട് എഴുതിയിട്ടുണ്ട്.

2017 ലെനിൻ ഇറാനി കവിതാ പുരസ്കാരം.

2018 ൽ ചെറുളിയിൽ വാസുദേവൻ നമ്പീശൻ കവിതാ പുരസ്കാരം.

Comments

(Not more than 100 words.)