കവിതകൾ - ഗീത ജാനകി

കവിതകൾ - ഗീത ജാനകി

കവിതകൾ - ഗീത ജാനകി
**********

1.
അല്ലെങ്കിലെന്താണ് അവിഹിതം?
************
ഒരു ചുണ്ടു മറ്റൊരു ചുണ്ടിനെ ചുംബിക്കും പോലെയല്ലേ,
അതുപോലെ മറ്റൊന്നിനെയും ചുംബിക്കുന്നത്?
ഒരു ശരീരം മറ്റൊന്നിനെ തൊടുന്നപോലെയല്ലേ 
അത് വേറൊരെണ്ണത്തിനെ തൊടുന്നതും?
നീ എന്റേതായിരുന്നാലെന്ത് മറ്റൊരാളുടേതായിരുന്നാലെന്ത് 
എന്നെ സ്നേഹിക്കും പോലെ മറ്റൊരാളെ സ്നേഹിച്ചാലെന്താണ്?
ഭൂമി കറങ്ങി വരുമ്പോൾ നീ നീയല്ലാതായും,
ഞാൻ ഞാനല്ലാതായും മാറുന്നുണ്ടോ?
ഏത് ശരിയുടെ ബലത്തിലാണ് തെറ്റെന്നു വിധിക്കുന്നത്?
ഏത് ഇരുട്ടിനെ തെളിയിച്ചാണ് വിളക്ക് കത്തിക്കുന്നത്?
എങ്കിലും നമുക്കാരെയും സങ്കടപ്പെടുത്തേണ്ട,
ഇനിയും നമുക്ക് രാത്രികളിൽ മാത്രം ചുംബിക്കാം,
പകല് കാണാതെ സ്നേഹിക്കാം.
ആചാരവും,സദാചാരവും ഒടുവിൽ ചാരമെന്നും,
അല്ലെങ്കിലെന്താണ് അവിഹിതമെന്നും പറഞ്ഞു 
പരസ്പരം കണ്ണിറുക്കി ചിരിക്കാം.

2.
രഹസ്യങ്ങൾ
******
രഹസ്യങ്ങൾ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെയാണു.
വിരിഞ്ഞു തുടങ്ങുമ്പോൾ
വിറയ്ക്കുന്ന തൂവലില്ലാ പേടിച്ചിറകുകളാണു.
കണ്ണു തുറക്കുവാൻ പോലും മടിച്ച്‌
കൂനിക്കൂടി ഇരുട്ടിന്റെ ചൂട്‌ പറ്റിയിരിക്കും.

പതിയെ തൂവലുകൾ മുളയ്ക്കും
പതിയെ കാഴ്ച തെളിയും
പതിയെ വെളിച്ചം തേടും.

പറക്കാറായാൽ പുതിയ ആകാശം തേടും
കണ്ണുകൾ പുതിയ കാഴ്ചകൾ തേടും
വെളിച്ചത്തിൽത്തന്നെ പേടികൂടാതെ പറന്നു നടക്കും
ഉല്ലസിച്ചുന്മാദിച്ച്‌, ഒരുപാട്‌ നുണകളുടെ കൂട്ടുപിടിച്ച്‌
ആർത്ത്‌ ചിരിച്ച്‌ നടക്കും.

രഹസ്യമെന്ന സ്വന്തം സ്വത്വത്തെ മറന്ന്
പരസ്യപ്പെടുവോളം
ഒരു പക്ഷിയാകുവോളം 
ഉയരങ്ങളിൽ കൂടു കൂട്ടുവോളം.

രഹസ്യങ്ങളുടെ മുട്ടകൾ വിരിഞ്ഞു വരുന്നത്‌
പക്ഷേ രഹസ്യങ്ങളാവണമെന്നില്ല.


***********
ഗീത ജാനകി :

സംസ്ഥാന മൈനിംഗ് & ജിയോളജി വകുപ്പിൽ ജോലി ചെയ്യുന്നു.ഇംഗ്ലീഷിലും മലയാളത്തിലും കവിത എഴുതുന്നു. വിവർത്തനങ്ങളും ചെയ്യാറുണ്ട് .കേരള സാഹിത്യ അക്കാദമിയുടെ ലിറ്റററി സർവ്വേയിൽ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

***********

Comments

(Not more than 100 words.)