കവിതകൾ - വിപിത
1.
പെരുംജീരകത്തിന്റെ
മണമുള്ള മോസുലാഞ്ചിയുടെ
പല്ലുകളിൽ,
മയിലാഞ്ചിയിട്ടവണ്ണം
പാട് വരുത്തുന്ന
ചിലതുകളെ
അതിഭീകര പ്രേമത്തോടെ
നോക്കി നോക്കി ക്ഷീണിച്ചു
കിടന്നു ഞാൻ.
ഉടുക്കാക്കുണ്ടികളുടെ,
നാണം ചിതറിക്കുന്ന
ലൊടുക്കൂസ് രാത്രിയിൽ,
മോസു ഇരുട്ടിന്
കുഞ്ഞിലേസു എന്ന് സുന്ദരൻ
പേരിട്ടു മെരുക്കി.
കുഞ്ഞിലേസുവിന്റെ
മുഖം പൊളിച്ചു കൊണ്ട്,
മോസുവിനെ വെട്ടത്തിൽ
തുരുതുരെ ഉമ്മ വക്കുവാൻ
തോന്നിയ നേരത്തെ,
എരിപ്പക്കിയുടെ നാറ്റം കെടുത്തി.
കുഞ്ഞിലേസു ചിണുങ്ങി.
"ഇരുട്ടേ, പതിയെ കെടുക"
എന്നൊരു നിലവിളിയിൽ
കുഞ്ഞിലേസു പിന്നെയും
പിന്നെയും ചിണുങ്ങി.
മോസുലാഞ്ചി ചെവികൾ
അഴിച്ചു വച്ചു.
ഒച്ചകൾക്ക് കുടുക്കിട്ടു.
മോസുലാഞ്ചി,
പ്രേമത്തിൽ, മൂക്കിൻ
തുമ്പത്തെ രോമത്തെ പിഴുതു.
പൊടുന്നനെ ഒരു ചോരക്കലം തുള്ളിപ്പൊളിഞ്ഞു.
മാദക പാനീയമേ,
പ്രേമ ജലമേ,
പ്രണയ രക്തമേ
നീന്തിതുടിക്കുന്ന ഞങ്ങളിൽ,
കണ്ണു വയ്ക്കരുതേ.
മോസുലാഞ്ചി പാടി.
കുഞ്ഞിലേസു ചൊകന്നു.
ഇരുട്ടകന്നു.
ഉടുക്കാക്കുണ്ടികൾ,
നാണിച്ചൊളിച്ചു.
പകലിന് മോസുലാഞ്ചി
എന്റെ പേര് വച്ചു.
ഹുസുടുഞ്ഞി.
മോസുലാഞ്ചി വിളിച്ചു
ഹുസുടുഞ്ഞി.
കുഞ്ഞിലേസു വിളിച്ചു
ഹുസുടുഞ്ഞി.
പകലിൽ എനിക്ക് മാത്രം
തണുത്തുകൊണ്ടേയിരുന്നു.
2.
സ്കൂളിൽ വച്ച്
പണ്ടൊരിക്കൽ
പേരക്കാ വലിപ്പത്തിൽ
അടികൊണ്ടുരുണ്ട് പഴുത്തൊരു
ചന്തിക്കാപ്പഴമുണ്ടായിരുന്നു.
അടിക്കുംതോറും പഴുക്കുന്ന
മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന്
എനിക്കും ഗ്രേസിക്കുമറിയാം.
ചന്തപ്പിള്ളേരുടെ ചന്തിക്കാ
പഴുപ്പിക്കുന്ന കന്നിത്തട്ട്,
അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ
ചോന്ന ഒരു പഴമാരുന്നു സൂര്യൻ.
അടികൊണ്ട് നിക്കറു നനഞ്ഞപ്പോ,
അപ്പൻ സാർ പാടി,
"അരുവികൾ പള പളയൊഴുകി വരുന്നൊരു
പുഴയുടെ പേരെന്ത് "
പിള്ളേരാർത്തു.
പെടുപ്പൽ,
റോസപ്പന്റെ പെടുപ്പൽ.
ഗ്രേസി മാത്രം കരഞ്ഞു.
മൂന്നാം വട്ടം അടികൊണ്ട്
പെടുക്കുമ്പോൾ,
ചന്തച്ചെറുക്കായെന്നൊരു വിളി
കന്നം പൊളിച്ചു.
ഗ്രേസിയുടെ കണ്ണു ചുവന്നു
ഒരു കൊച്ചു മുള്ളു റോസാ.
ദേഹം വെറച്ചു.
കൈകൾ സ്പ്രിംഗ് വച്ച
പാവ പോലെ വിറച്ചു.
ഒറ്റയാക്കത്തിൽ ചൂരൽ
പിടിച്ചു വാങ്ങി അപ്പൻ സാറേ
തല്ലാനോങ്ങി.
തമ്പുരാനെ, അപ്പന്മാരുടെ
അപ്പനായ അപ്പൻ സാറിനെ
തല്ലാമോ?.
ഗ്രേസി തല്ലും മുന്നേ കയ്യിൽ
പിടി വീണു.
ഒരു മുയൽക്കുഞ്ഞിനെ പോലെ
അപ്പൻസാറിന്റെ പിത്തക്കയിൽ
ഗ്രേസിയുടെ കൈ പിടച്ചു.
ഗ്രേസിക്കും തട്ട് വീണു.
ചന്തിക്കാപ്പഴം, ചോന്നതൊന്ന്
രണ്ടാമതും പൊന്തി.
ഞങ്ങൾ രണ്ടും ചന്തപ്പിള്ളേരായി.
ക്ലാസ്സ് മുറി ആദ്യവട്ടം ചന്തയായി.
ചോന്ന സൂര്യൻ കടലിലൊളിച്ചു.