കവിതകൾ -  സിദ്ദിഹ

കവിതകൾ - സിദ്ദിഹ

കവിതകൾ -  സിദ്ദിഹ          
********

1.

മറഡോണ
*****
മറഡോണയെക്കുറിച്ചു 
എനിക്കൊന്നുമറിയില്ല.

ഫുട്ബോളിനെക്കുറിച്ചെന്നല്ല,
ഒരു മൈതാനക്കളിയെക്കുറിച്ചും!

പുല്ലുചെത്തിയ പറമ്പിൽ 
നീലേം വെള്ളേം ബനിയനിട്ട 
ചെറുക്കൻമാർ 
ആ പേരുവിളിച്ചാർക്കുന്നത് 
ഞാനും വേലിപ്പാമ്പും 
തലനീട്ടിയൊന്നു നോക്കും 

അയാൾ ആവാഹിച്ച മനുഷ്യർ 
ആഞ്ഞു ചവിട്ടുമ്പോൾ 
ലോകമുരുണ്ടു 
കിണറ്റിന്മേൽ വിരിച്ച 
വലയിൽ വീഴും

അമ്മിയിൽ ചുട്ടമുളകിട്ടു 
ചമ്മന്തിയരക്കുമ്പോൾ 
അത് ചുവന്നു പോകുന്നത് 
അയാളുടെ വലതു കൈത്തണ്ടയിൽ 
പച്ചകുത്തിയ ചെഗുവേരയെ ഓർത്തിട്ടാവും 

അരച്ച് ചുറ്റിയുരുളയാക്കുമ്പോളതയാൾക്കു 
തൊഴിക്കാനുള്ള പന്തായിട്ടുമുണ്ടാവും.

2.

രണ്ടു തടവറകൾ
******
രണ്ടു തടവറകൾ 
ഒന്ന് മൗഢ്യത്തിന്റെ 
മറ്റൊന്ന് നിസ്സഹായതയുടെ 

മൗഢ്യത്തിന്റെ തടവറയിലെ പക്ഷി 
അക്കൂട്ടിൽ തനിയെ കയറിയത് 

കൂടോടൊപ്പം പറക്കുകയും 
കോലായിൽ വന്നിരിക്കുകയും 
പറയുന്നത് മാത്രം 
തിരിച്ചു പറയുകയും ചെയ്യുന്നത് 
അതിനു കൂടൊരു ആഡംബരമാണ് 

നിസ്സഹായതയുടെ കൂട്ടിലെ പക്ഷിയെ 
ചിറകുകൾ കൂട്ടിപ്പിടിച്ചു 
കൂട്ടിലിട്ടടച്ചത് 

കൊക്കും നഖവും കൊണ്ട് 
അഴികളെയതസ്വസ്ഥമാക്കുന്നു 

അഴികൾക്കിടയിലെങ്കിലും 
ആകാശമില്ലേയെന്നു ചിരിച്ചു 
ചിറകു ചീകിയൊതുക്കുന്നു 

പൂടകൾ പറിച്ചു 
വേവുമ്പോഴും 
നക്ഷത്രങ്ങളെ 
സ്വപ്നം കാണുന്നു

ഈ രണ്ടു തടവറകളും 
ഉമ്മ വെക്കുന്നത് 
അഴികൾ കൊണ്ട് മാത്രമാണ് 
പ്രണയം പറയുന്നത് 
കാരിരുമ്പിന്റെ ഭാഷയിലും
*********

Comments

(Not more than 100 words.)