കവിതകൾ - ആർ. ശ്രീലതാ വർമ്മ

കവിതകൾ - ആർ. ശ്രീലതാ വർമ്മ

കവിതകൾ - ആർ. ശ്രീലതാ വർമ്മ
*************
1.
സ്നേഹമിതുപോലെ
*********
സ്നേഹമിതുപോലെ- യിത്രയുമന്ധമായ്
ഒന്നുമേ കാണാതെയൊറ്റയ്ക്കു താന്തമായ്
തപ്പിത്തടഞ്ഞു നടക്കുന്നു , വീഴുന്നു ,
വീഴ്ചയിൽ നോവുന്നു , വീണ്ടുമെണീക്കുന്നു .
ശ്വേതകണങ്ങളിൽ സപ്തവർണങ്ങളും
വാരിനിറയ്ക്കുന്നു കണ്ണുകൾ ചിമ്മുന്നു.

സ്നേഹമിതുപോലെയിത്രയ്ക്കു മൂകമായ്
ഒന്നുമേ മിണ്ടാതെ തുള്ളിത്തുളുമ്പുന്നു.
ചേക്ക കയറാത്ത പക്ഷിയായ്
വാനിൻ്റെ നീളവും നീലയും കണ്ടു ഭ്രമിക്കുന്നു.
തൂവലൊതുക്കുവാൻ പോലുമൊരിത്തിരി
നേരംകളയാതെ പാറിപ്പറക്കുന്നു.

സ്നേഹമിതുപോലെയിത്ര ബധിരമായ്
ഒന്നുമേ കേൾക്കാതെ നിശ്ശബ്ദ സീമയിൽ
ഏതോ വിദൂരസ്ഥലത്തിൻ്റെയോർമ്മയിൽ
നിശ്ചലം നിൽക്കുന്ന ബോധിയായ്ത്തീരുന്നു.

ഇലയൂർന്ന ചില്ലയിൽ ജര വന്നു മൂടുമ്പോൾ
ധ്യാനത്തിലാഴുന്നു ,യോഗിയായ് മാറുന്നു.
പൊട്ടിയ കണ്ണിൻ്റെ ,നാവിൻ്റെ ,കാതിൻ്റെ-
യുൺമയിൽ നിൻ ജീവസ്പന്ദമറിഞ്ഞു ഞാൻ!
ദൃശ്യമല്ലാതെ നീ , മൂകതയായി നീ ,
കേൾക്കാത്ത സത്യത്തിൻ സാരമായെന്നും നീ
നിന്നു ജ്വലിക്കുമ്പോൾ സ്നേഹമേ നിൻ മുഖം
നോക്കിയിരുന്നു മറക്കട്ടെയെന്നെ ഞാൻ !

 ( 2017 ൽ പ്രസിദ്ധീകരിച്ച സൂര്യനെ വരയ്ക്കുമ്പോൾ എന്ന കവിതാസമാഹാരത്തിൽ നിന്ന് )

2.
ചിലപ്പോൾ
******
നിൻ്റെ തേര്
എവിടെയെങ്കിലും
ഒന്നു നിർത്തൂ
കുതിരകളോട്
ദയ കാണിക്കൂ
വേഗത കുറച്ച്
സാവധാനം പോകൂ .

തുഴയുമ്പോൾ സൂക്ഷിക്കൂ
ഒഴുക്കിൻ്റെ കൈയിൽ
ഓളപ്പരപ്പിൽ
നീങ്ങുമ്പോഴൊക്കെ
തുഴയൊന്നു പാളിയാൽ
കൈയൊന്നു വിറച്ചാൽ
തീർന്നില്ലേ സർവം?
വിശ്ലഥവീഥികളിലും
വിക്ഷുബ്ധ സമുദ്രങ്ങളിലും
ഇനി അലയരുത്.
ഒരു വാഹനത്തിനും
വഹിക്കാൻ കഴിയാത്ത
പ്രാണനും കൊണ്ട്‌
നീയിങ്ങനെ
കുതികുതിക്കുന്നതെന്തിനാണ്?

ഒരു മരത്തണലിലോ
ഒരു നീർച്ചാലിനരികിലോ
കുറച്ചുനേരം
ഒന്നിരിക്കൂ
ഇലകൾ കാണാത്തവിധം
പൂക്കളുള്ള ചെടികൾ
നിറഞ്ഞു കവിയുന്ന
ഒരു താഴ് വരയിലാണെന്നു തോന്നും ,
ചിലപ്പോൾ.
മഞ്ഞു പോലെ വെണ്മയാർന്ന
ആമ്പൽപ്പൂക്കൾ
കളിയാടി നിൽക്കുന്ന
നിലാവിൻ്റെ നീലപ്പൊയ്കയിൽ
നീന്തുകയാണെന്നു തോന്നും ,
ചിലപ്പോൾ

എല്ലാം നല്ലതിനാണ്.

( 2020ൽ പ്രസിദ്ധീകരിച്ച ചൂണ്ടക്കാരൻ എന്ന സമാഹാരത്തിൽ നിന്ന്)

*************
ഡോ.ആർ.ശ്രീലതാവർമ്മ :

തിരുവനന്തപുരത്ത് ജനിച്ച  ആർ ശ്രീലതാ വർമ്മ കവിത , സാഹിത്യ നിരൂപണം എന്നീ എഴുത്തുമേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. 2018 ൽ കേന്ദ്ര സാഹിത്യ അക്കാദമി വിശാഖപട്ടണത്ത് സംഘടിപ്പിച്ച കവിസമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 2021 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഓൺലൈനായി സംഘടിപ്പിച്ച കവിസമ്മേളനത്തിൽ കവിത അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും വനിതാ സാഹിതി തൃശൂർ ജില്ലാ സെക്രട്ടറിയുമാണ്.

കൃതികൾ : അഞ്ച് സാഹിത്യ നിരൂപണ കൃതികളും നാല് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ എൻഡോവ്മെൻ്റ് അവാർഡ് , കവിതയ്ക്കുള്ള ഐ.ആർ.കൃഷ്ണൻ മേത്തല പുരസ്കാരം ഇവ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.
*************

Comments

(Not more than 100 words.)