കവിതകൾ - അശ്വതി പ്ലാക്കൽ
***********
1.
വിഷാദമെന്നത്
നിന്നെ കാണുമ്പോൾ മാത്രം
പൂക്കുന്ന ചെമ്പരത്തിയാണ്
അവൾ പതിയെ പറഞ്ഞു
മുഖം മെല്ലെ എന്റെ വയറോട് ചേർത്ത്
ഞാൻ അവളെ നോക്കി…..
പതുക്കെയാ കട്ടി കണ്ണട മാറ്റിവെച്ചു
നിറഞ്ഞ കണ്ണുകളിൽ പൂക്കാലം
എനിയ്ക്കു പെട്ടെന്ന് കരച്ചിൽ വന്നു
അവളെങ്ങിനെയാണ്
എന്നിൽ വിഷാദവും പ്രണയവും
നിറച്ചവൾ…..
സമയമെറേയില്ല
അവൾ ഓർമ്മപ്പെടുത്തി….
ഇപ്പോൾ കുസൃതിയാണ്
ആ കണ്ണുകളിൽ
എനിക്കിപ്പോൾ ചിരി വന്നു
ഞങ്ങളില്ലാതാവുകയും
അവൾ മാത്രമാവുകയും ചെയ്തു
ശേഷം
രണ്ട് കാറുകളിൽ രണ്ട് ജീവിതങ്ങൾ
ഇറങ്ങിപോകുന്നു
പടം പൊഴിക്കുന്നു
പിന്നെയും ജീവിക്കുന്നു
അടുത്ത വാര്യാന്തത്തിലേക്ക്
ഒരു കൊതിച്ചിപ്പൂച്ച
കണ്ണിറുക്കുന്നു
2.
ഒന്നൂടെ
ഇത്തവണ അവളാണ് പറഞ്ഞത്
ടൈ കൂടെ കെട്ടിയാൽ മതി
തിരിച്ചു പോകാൻ
അവൾ എഴുന്നേറ്റെ യില്ല
ഒന്നൂടെ
അവൾ ആവർത്തിച്ചു
പതിയെ
അവളുടെ മുഖമെടുത്തു
എന്നിട്ട് ചോദിച്ചു
നിന്റെ കുരുക്കുകളിൽ നിന്ന്
എങ്ങിനെയാണ് വിട്ടു പോവുക
ഒരു ചിരിയുടെ കിലുക്കം
ഇതാണ് ഒടുവിലെത്തേത്
പര്സപരം പറഞ്ഞിട്ടു രണ്ട് ദിവസം കഴിഞ്ഞു
വഴി തെറ്റിക്കുന്ന
അവളുടെ കഴുത്തിന്റെ സ്നിഗ്ദ്ധത
അമ്മയെ തിരിച്ചു തരുന്ന
അവളുടെ മുലഞെട്ടുകൾ
എന്നെ മോഷ്ടിക്കുന്ന
അവളുടെ കാലിടുക്കുകൾ
ടൈ പതിയെ അഴിച്ചു മാറ്റി
അവളെ വാരിപ്പുണർന്നു
പിന്നെ
കഴുത്തിനെ ചുറ്റി വരിഞ്ഞു
അപ്പോൾ
ഞാനൊരു
പെൺ ചിലന്തിയായി മാറി
പിന്നെ ഇറങ്ങി നടന്നു
അവളിൽ നിന്നും
എന്നിൽ നിന്നും
********
അശ്വതി പ്ലാക്കൽ:
വൈപ്പിൻകര അയ്യമ്പിള്ളി സ്വദേശിയായ അശ്വതി ഒരു ദശാബ്ദമായി പ്രവാസിയാണ് . മാതൃഭൂമി ഉൾപ്പെടെയുള്ള ഓൺ ലൈൻ ആനുകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പോയട്രി ദിനത്തിൽ ട്രിനിറ്റി കോളേജ് തിരഞ്ഞെടുത്ത 10 കവിതകളിൽ ഒന്ന് അശ്വതിയുടേതായിരുന്നു. ഇന്ത്യൻ എംബസിയും ഐറീഷ് എംബസിയും കൂടി സംയുക്തമായി നടത്തിയ medley യിലും പങ്കെടുത്തു. ഇത്തവണത്തെ ഷാർജ ബുക്ക് ഫെസ്റ്റിൽ book signing corner ഇൽ സാന്നിധ്യം അറിയിച്ചു. 'സ്കാറ്റേർസ് ഇന്നസെൻസ് ' എന്ന അശ്വതിയുടെ കവിതാ സമാഹാരം അടുത്തിടെയാണ് പ്രസിദ്ധീകൃതമായത്.
**********