(1934- 2020)
സാഹിത്യരംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടേത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക കൂടിയായ സുഗതകുമാരി 1934ൽ ആറന്മുളയിലാണ് ജനിച്ചത്. അമ്മ സംസ്കൃത പണ്ഡിതയും അധ്യാപികയുമായിരുന്ന വി കെ കാർത്ത്യായനി. അച്ഛൻ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബോധേശ്വരൻ. 1955 ൽ തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ജവഹർ ബാലഭവൻ്റെ പ്രിൻസിപ്പാളായും തളിര് ബാലമാസികയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. പാതിരാപ്പൂക്കൾ, രാത്രിമഴ, പാവം മാനവഹൃദയം, ഇരുൾച്ചിറകുകൾ, മുത്തുച്ചിപ്പി, അമ്പലമണികൾ, മണലെഴുത്ത് മുതലായവ പ്രധാന കൃതികൾ.
ആദ്യകാല കവിതകളിൽ കാൽപ്പനികതയും ഭഗ്നപ്രണയവും കാത്തിരിപ്പുമെല്ലാം ധാരാളമായി കടന്നു വരുന്നുണ്ട്. നിരവധി കൃഷ്ണ കവിതകളും ഇതിലുൾപ്പെടുന്നു. കൃഷ്ണനറിയാതെ കൃഷ്ണനു വേണ്ടി കാത്തിരിക്കുന്ന രാധയും സൂര്യനെ വലംവയ്ക്കുന്ന ഭൂമിയെപ്പോലെ കൃഷ്ണനെ ചുറ്റിത്തിരിയുന്ന രാധയും ആരോരുമറിയാതെ കൃഷ്ണന് ആത്മാവു കൂടി അർപ്പിക്കുന്ന രാധയുമെല്ലാം ഈ കവിതകളിലെ കേന്ദ്ര ബിന്ദുവാണ്. പിൽക്കാല കവിതകളിൽ സാമൂഹ്യാവസ്ഥകളോടുള്ള പ്രതികരണങ്ങൾ ശക്തി പ്രാപിക്കുന്നത് കാണാം. അകത്തേക്കകത്തേക്ക് നോക്കി വാതിലടച്ചിരിക്കുന്ന ഏകാകിനിയിൽ നിന്ന് പെൺകുഞ്ഞുങ്ങൾക്കും പ്രകൃതിക്കും വേണ്ടി ശബ്ദിക്കുന്ന കവിയായി അവർ മാറുന്നുണ്ട്. തരളവും ദാർശനികവുമായ ഭാവങ്ങൾക്കൊപ്പം ഇത്തരം ആഴത്തിലുള്ള ഇടപെടലുകളും സുഗതകുമാരിക്കവിതകളിൽ സംഭവിക്കുന്നുണ്ട്. പിൽക്കാലത്ത് ആണവ വിരുദ്ധ സമരങ്ങൾക്കും ഒപ്പം നിന്നു.
സൈലൻ്റ് വാലി സംരക്ഷിക്കുന്നതിനു വേണ്ടി കവികളും പരിസ്ഥിതി പ്രവർത്തകരും നടത്തിയ പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ നിന്നവരിൽ ഒരാളാണ് സുഗതകുമാരി.1970 കളിൽ സൈലൻ്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തോടനുബന്ധിച്ചാണ് മലയാളത്തിൽ പരിസ്ഥിതി വിഷയമായി വരുന്ന കവിതകൾ ധാരാളമായി ഉണ്ടാകുന്നത്.1980 കൾ തൊട്ട് കേരളത്തിൽ വികസിച്ച ഹരിത രാഷ്ട്രീയത്തിനു പിന്നിൽ സുഗതകുമാരിയുടെ പങ്ക് തള്ളിക്കളയാൻ കഴിയില്ല. മരക്കവി എന്ന് ഇവർ പരിഹസിക്കപ്പെടുന്നതിനും ഇത് കാരണമായി. പരിസ്ഥിതി വിഷയമായ ധാരാളം കവിതകൾ സുഗതകുമാരി എഴുതിയിട്ടുണ്ട്. പ്രകൃതി പ്രമേയമായി വരുന്ന സുഗതകുമാരിയുടെ കവിതകൾ 'സഹ്യഹൃദയം' എന്ന പേരിൽ പ്രത്യേക പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരത്തിനു സ്തുതി , കുറിഞ്ഞിപ്പൂക്കൾ , തുലാവർഷപ്പച്ച, സൈലൻ്റ് വാലി ,പശ്ചിമഘട്ടം, കാക്കപ്പൂവ് തുടങ്ങി ധാരാളം പരിസ്ഥിതി കവിതകൾ സുഗതകുമാരിയുടേതായി ഉണ്ട്.
പ്രകൃതിസംരക്ഷക സമിതിയുടെ സ്ഥാപക സെക്രട്ടറിയും വനിതാ കമ്മിഷൻ്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന സുഗതകുമാരി സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ട സ്ത്രീകൾക്കു വേണ്ടി അഭയ എന്ന അഭയകേന്ദ്രം നടത്തുന്നു. സരസ്വതീ സമ്മാനത്തിന് ( 2013) അർഹയായിട്ടുണ്ട്. ഇതിനു പുറമേ, കേരള, കേന്ദ്ര സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരം, ഓടക്കുഴൽ അവാർഡ് (1982),വയലാർ അവാർഡ് (1984) , ലളിതാംബിക അന്തർജ്ജനം അവാർഡ് (2001) ,വള്ളത്തോൾ പുരസ്കാരം (2003), ആശാൻ പുരസ്കാരം, ബാലാമണിയമ്മ പുരസ്ക്കാരം (2004), എഴുത്തച്ഛൻ പുരസ്ക്കാരം (2009) മുതലായവ നേടി. രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
കൃതികൾ
മുത്തുച്ചിപ്പി (1961), പാതിരാപ്പൂക്കൾ (1967) , പാവം മാനവഹൃദയം (1968), പ്രണാമം (1969), ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്), അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം), കുറിഞ്ഞിപ്പൂക്കൾ (1987), (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്), തുലാവർഷപ്പച്ച (1990), രാധയെവിടെ (1995), കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ ( ലേഖനങ്ങൾ ), ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ, കാവ് തീണ്ടല്ലേ ( ലേഖനങ്ങൾ ), വാരിയെല്ല് ( ലേഖനങ്ങൾ ), സഹ്യഹൃദയം, പെൺകുഞ്ഞ് 90.