കവിത - ഇഷ ഇസ്മയിൽ ********
നിലാവിലേക്ക്
******
നനഞ്ഞ ചിരാതുകളിൽ തെരുപ്പിടിപ്പിച്ച
നൂൽത്തിരികൾ തെളിയുവാൻ പാടാണ്.
മുനിഞ്ഞുകത്തുന്ന ചില ചിരാതുകളും അടിയിൽ നനവാർന്നു തുടങ്ങിയവയാണ്.
ജാലകക്കോണിലെ ചിമിഴിൽ ഒരു കണ്ണീർത്തുള്ളി
മുത്തായിത്തീരുവാൻ വെമ്പി നിൽപ്പുണ്ട്!
പാതിതുറന്ന ചിമിഴും ഏറുചാറ്റലിൽ നനഞ്ഞു കുതിരുകയാണ്!
പെരുമഴ തിമിർക്കവേ,
ഇടിവാളുകൾ പെരുക്കവേ,
ഒരിക്കലും തുളുമ്പാത്ത ചില കണ്ണുകൾ
ജലമണിയുന്നുണ്ട്!
ജനവാതിലുകൾ മഴയിൽ കുതിരുന്നു!
മഴയിൽ കുരുക്കുന്ന മുളകൾ
പ്രളയവഴികളിൽ വേരറ്റു വീഴുമ്പോൾ
ജാലകക്കോണിലെ ചിമിഴിൽ
നിലാവുറക്കം പിടിക്കുന്നു!
അടഞ്ഞ വാതിലുകളിൽ ചിലത്
ഇനിയും തുറക്കുവാനുണ്ട്.
അകത്തു മാറാല കെട്ടി കറുത്തുപോയ
ഓട്ടുപാത്രങ്ങളും!
എൻറെ ഉണർത്തുപാട്ടുകൾ ഇനിയുണരില്ല!
ഒരു കുരുന്നു മൊട്ടും ഇനി വിടരുകില്ല!
കറുത്ത രാവിൻ മുഖം വെളുത്തു പോവും മുന്നേ,
ഇരുണ്ട ഇടനാഴികളിൽവെളിച്ചം തെളിച്ചു കൊൾക!
**********
ഇഷ ഇസ്മയിൽ :
ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപിക
**********